Wednesday, 18 September 2019

ശ്രേയ ബെന്നി

ക്രൈസ്തവസഭാ സ്ഥാപനത്തില്‍ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട കേസന്വേഷണം അട്ടിമറിച്ചു


ആലപ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ ലഹരി വിമുക്ത കേന്ദ്രത്തില്‍ പന്ത്രണ്ടു വയസുകാരി ശ്രേയ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ ആസൂത്രിതമായി അട്ടിമറിച്ചു. സ്ഥാപനത്തിന്റെ ഡയറക്ടര്‍ കൂടിയായ വൈദികനിലേക്കാണ് അന്വേഷണം നീളുന്നതെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെയാണ് അന്വേഷണം നിലച്ചത്. എന്നാല്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെടാന്‍ മെത്രാന്‍ സമിതിയോ, വെദികരോ, അല്‍മായരോ അടക്കം ആരുമില്ല. 2010 ഒക്‌ടോബര്‍ 17നാണ് കളര്‍കോട് കൈതവന ഏഴരപറയില്‍ ബെന്നിയുടെയുടെയും സുജയുടെയും മകള്‍ ശ്രേയയെയാണ് ലഹരിവിമുക്ത കേന്ദ്രമായ കൈതവന അക്‌സപ്റ്റ് കൃപാഭവനിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൈതവന പള്ളിയുടെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ശ്രേയ യഹുദിയ 2010 എന്ന പേരില്‍ സംഘടിപ്പിച്ച വ്യക്തിത്വ വികസനക്ലാസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് തൃപ്തികരമല്ലെന്നു പറഞ്ഞ് ധൃതിപിടിച്ച് സംസ്ഥാന സര്‍ക്കാര്‍ 2011 ആഗസ്റ്റില്‍ സിബിഐക്ക് കേസ് വിടുകയായിരുന്നു. എന്നാല്‍ പ്രഖ്യാപനമുണ്ടായതല്ലാതെ യാതൊരു അന്വേഷണവും നടക്കുന്നില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ മേല്‍നോട്ടം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന് കൈമാറി ഹൈക്കോടതി ഉത്തരവിട്ടതിന് ഏതാനും ആഴ്ചകള്‍ക്കിടെയാണ് സംസ്ഥാന സര്‍ക്കാര്‍ രഹസ്യമായി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയില്‍ നടന്നിട്ടും സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് കൈമാറിയതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കൃപാഭവന്റെ ചുമതലക്കാരടക്കം 120ഓളം പേരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. ഇതില്‍ പലരുടെയും മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. സംശയത്തിന്റെ നിഴലിലുള്ള കൃപാഭവന്‍ ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടിയെ നാര്‍ക്കോ പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ക്രൈംബ്രാഞ്ച് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നെങ്കിലും ഫാ. മാത്തുക്കുട്ടി സമ്മതം നല്‍കാതിരുന്നതിനാല്‍ കോടതി അന്ന് അനുവാദം നല്‍കിയില്ല. സിസ്റ്റര്‍ അഭയ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ വിധിയാണ് ഈ കേസില്‍ വൈദികന് തുണയായതെന്നതാണ് ശ്രദ്ധേയം. സംസ്ഥാന സര്‍ക്കാര്‍ കേസ് അന്വേഷണ ചുമതല സിബിഐക്ക് കൈമാറിയതായി പ്രഖ്യാപിച്ചെങ്കിലും വിജ്ഞാപനമിറക്കാതെയാണ് അന്വേഷണം അട്ടിമറിച്ചത്. തുടക്കത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് കേസ് അട്ടിമറിക്കലിന് ഒത്താശ ചെയ്തത്. കുട്ടിക്ക് രാത്രിയില്‍ എഴുന്നേറ്റ് നടക്കുന്ന സംഭാവമുണ്ടെന്ന് വരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ പ്രചരിപ്പിച്ചു. ഇന്‍ക്വസ്റ്റ് പോലും ചെയ്യാതെയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. കുളത്തില്‍ നിന്ന് ലഭിച്ച മൃതദേഹത്തില്‍ മുഖത്തും മറ്റും കടിച്ച പാടുകളുണ്ടായിരുന്നെങ്കിലുംഅതുപോലും രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിരുന്നില്ല. ശ്രേയയുടെ ചുണ്ടിന് കീഴില്‍ പല്ലുകൊണ്ടുള്ള ആഴത്തിലുള്ള ക്ഷതമുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയത്. വൈകിയാണെങ്കിലും അന്വേഷണം ശരിയായ ദിശയിലേക്ക് നീങ്ങിയപ്പോള്‍ അതും അട്ടിമറിച്ചു. അഭയകേസുമായി ഏറെ സാദൃശ്യമുള്ള ഈ സംഭവവും അഭയകേസിന്റെ അതെ ദുരവസ്ഥ തന്നെയാണ് നേരിടുന്നത്.
ജന്മഭൂമി:March22/2015

2010 December 17
Shreya Benny, 12
ACCEPT Kripa Bhavan campus, Alappuzha

Found dead in a pond 


------------------------------------------------------------------------------------------------------
http://www.janmabhumidaily.com/news275859
https://keralakaumudi.com/news/news.php?id=8347&u=local-news-alappuzha-8347
https://www.manoramanews.com/news/kuttapathram/2018/09/06/high-court-orders-cbi-probe-for-shreyas-death-case-06.html
https://www.manoramanews.com/news/breaking-news/2018/09/05/alappuzha-shreya-death-cbi.html
https://www.mathrubhumi.com/crime-beat/crime-news/sreya-s-death-1.3117731
https://english.manoramaonline.com/news/kerala/2018/09/06/8-years-after-death-keral-hc-cbi-probe-girl-death.html
https://www.thehindu.com/news/national/kerala/hc-orders-cbi-probe-into-the-death-of-girl/article24875163.ece