Wednesday 18 September 2019

മഠങ്ങളിലെ ദുരൂഹ മരണങ്ങൾ

പി ടി പൗലോസ് എഴുതുന്നു:
"..... ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളായി എന്റെ സഞ്ചാരവേളകളില്‍ നിരവധിയനവധി കന്യാസ്ത്രീകളുമായി സംവാദിക്കുവാനും വ്യക്തിപരമായി ആശയവിനിമയം ചെയ്യുവാനും എനിക്കവസരം കിട്ടിയിട്ടുണ്ട്. 
എറണാകുളം ജില്ലയിലെ പഴമകളുടെ ചരിത്രമുറങ്ങുന്ന ഒരു ആരാധനാമഠത്തിന്റെ പശുത്തൊഴുത്തില്‍ വെളുപ്പാന്‍കാലത്തു കറവക്കാരന്റെ കരുത്തിനു മുന്‍പില്‍ ഉടുവസ്ത്രമുരിഞ്ഞ സുപ്പീരിയറമ്മയുടെ രതിവൈകൃതങ്ങല്‍ അബദ്ധവശാല്‍ കാണേണ്ടിവന്ന ഒരു പാവം സിസ്റ്റര്‍ക്ക് മലബാറിലെ ഏതോ ഓണംകേറാ മൂലയിലേക്ക് ഒരു എമര്‍ജന്‍സി സ്ഥലം മാറ്റം. തേറ്റപന്നികള്‍ക്ക് തീറ്റ കൊടുക്കുന്ന ആ മഠത്തിലെ പന്നിക്കുഴികളില്‍ ദുരൂഹതയുണ്ട് എന്ന് മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും ഇന്നും മലബാറില്‍ തന്നെ കഴിയാന്‍ വിധിക്കപ്പെട്ട അവര്‍ പറയുകയുണ്ടായി.
എഴുപതുകളുടെ പകുതിയില്‍ എറണാകുളം ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലുള്ള ഒരു കത്തോലിക്കാ മഠത്തില്‍ ഒരു കൊച്ചുസിസ്റ്റര്‍ പൊള്ളലേറ്റു മരിച്ചത് അച്ഛന് ഓര്‍മ്മയുണ്ടാകില്ല. ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ അടക്കാനാകാത്ത സുഷിരങ്ങളുണ്ടാക്കി. തൊട്ടടുത്ത കന്യാസ്ത്രീ മഠത്തില്‍നിന്നും വികാരിയച്ചന്റെ വിരിപ്പുമാറ്റാന്‍ നിയോഗിക്കപ്പെട്ട കൊച്ചുസിസ്റ്ററെ കടന്നുപിടിച്ചപ്പോള്‍ കുതറിയോടി മഠത്തിലെ അടുക്കളയില്‍ കയറി കതകടച്ചു. അച്ഛനെ ധിക്കരിച്ചത് സുപ്പീരിയറമ്മക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തിളച്ച എണ്ണയാണ് സിസ്റ്ററിന്റെ മുഖത്തേക്ക് ഒഴിച്ചത്. പിറ്റേ ദിവസം സിസ്റ്റര്‍ ജീവനറ്റ നിലയില്‍. അന്ന് വൈകുന്നേരം മലമുകളിലെ ഒറ്റമുറി വീട്ടില്‍ കൊച്ചുസിസ്റ്ററിന്റെ മാതാപിതാക്കള്‍ അലമുറയിട്ടു കരഞ്ഞപ്പോള്‍, ഇങ്ങു താഴെ ആറ്റുതീരത്തെ ആരാധനാമഠത്തിലെ ആഴ്ചവട്ട സൊറപറച്ചിലില്‍ കൊച്ചുകൊച്ചു സന്തോഷങ്ങളിലൂടെ മഹത്വീകരിക്കപ്പെട്ട കൊച്ചുത്രേസ്യയുടെ കഥ പറഞ്ഞ് ത്യാഗത്തിന്റെയും സഹനത്തിന്റെയും ശരശയ്യ ഇരന്നുവാങ്ങിയ അല്‍ഫോന്‍സാമ്മയുടെ അന്ത്യനിമിഷങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ലാസറിനെ ഉയര്‍പ്പിച്ച കര്‍ത്താവിന് സ്തുതിഗീതങ്ങള്‍ പാടുകയായിരുന്നു സുപ്പീരിയറമ്മയും സംഘവും. ഏത് ശിലാഹൃദയരുടെയും കരളലിയിക്കുന്ന ഈ ദാരുണ സംഭവം അടിസ്ഥാനമാക്കി ഞാനൊരു കഥയെഴുതിയപ്പോള്‍ എന്റെ കൈ വെട്ടുമെന്നു പറഞ്ഞവരുടെ ബുദ്ധിശൂന്യതയെ സഹതാപപൂര്‍വ്വം ഈയവസരത്തില്‍ സ്മരിക്കുന്നു."

കടപ്പാട്:
-------------------------------------------------------------------------------------------------------