Thursday 16 April 2020

മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 11

ശ്രീ. കെ.എം.റോയ് മംഗളം പത്രത്തിൽ എഴുതിയ ലേഖനം.
മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യങ്ങള്‍
നീണ്ട 45 വര്‍ഷം മുമ്പു നടന്ന സംഭവമാണു റാന്നിക്കടുത്തു മന്ദമരുതി വനപ്രദേശത്തുവച്ചു നടന്ന മറിയക്കുട്ടി എന്ന വീട്ടമ്മയുടെ കൊലപാതകവും അതുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ ഫാ. ബെനഡിക്‌ട് എന്ന കത്തോലിക്കാ വൈദികനു കൊല്ലം സെഷന്‍സ്‌ കോടതി വധശിക്ഷ നല്‍കിയതും. 1967-ല്‍ ആ വധശിക്ഷ കേരള ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തു.
അതു കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൊലപാതകമാണ്‌. അന്നു ഞാന്‍ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തില്‍ സഹപത്രാധിപരായി ജോലി ചെയ്യുകയായിരുന്നു. ഫാദര്‍ ബെനഡിക്‌ട് മാത്രമല്ല ആ കേസുമായി ബന്ധപ്പെട്ട മിക്കവാറും പേര്‍ മൃതിയടഞ്ഞുകഴിഞ്ഞിരിക്കുന്നു. ഈ സംഭവത്തില്‍ ഫാദര്‍ ബെനഡിക്‌ട് നിരപരാധിയാണെന്നും മറ്റാരോ ആണു കൊലപാതകം ചെയ്‌തതെന്നും കൊലപാതകിയുടെ കുടുംബാംഗങ്ങള്‍ കുറ്റം തുറന്നുസമ്മതിക്കുന്നുണ്ടെന്നും പത്തുവര്‍ഷം മുമ്പു ചില പത്രവാര്‍ത്തകള്‍ വന്നു.
അതിനുശേഷം ഈയിടെ ഫാ. ബെനഡിക്‌ടിനെ വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ കത്തോലിക്കാ സഭയിലെ അതിരമ്പുഴയിലുള്ള ഒരു വിഭാഗം വൈദികര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. അത്തരം ശ്രമങ്ങളെ എതിര്‍ക്കുന്ന മറ്റൊരു വിഭാഗം കത്തോലിക്കരുമുണ്ട്‌. മറിയക്കുട്ടി വധത്തെക്കുറിച്ച്‌ അക്കാലത്ത്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡിവൈ.എസ്‌.പിയായിരുന്ന കെ.വി. രാമനാഥന്‍ എന്നോടു പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചിടേണ്ടത്‌ എന്റെ ധാര്‍മികചുമതലയായി എനിക്കു തോന്നി. കേരള സര്‍ക്കാര്‍ സര്‍വീസില്‍ സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ സഹോദരനാണു രാമനാഥന്‍.
എറണാകുളം ഭാരത്‌ ടൂറിസ്‌റ്റ് ഹോമിലെ മുറിയിലിരുന്നാണ്‌ സന്ദര്‍ഭവശാല്‍ കെ.വി. രാമനാഥന്‍ ആ സംഭവം വിവരിച്ചത്‌. അദ്ദേഹത്തിനു പോലീസ്‌ മേലധികാരികള്‍ നല്‍കിയ നിര്‍ദേശം തേഞ്ഞുമാഞ്ഞു പോകുമായിരുന്ന ആ കൊലപാതകത്തെക്കുറിച്ചു സത്യസന്ധമായി അന്വേഷണം നടത്തണമെന്നാണ്‌. രാമനാഥന്‍ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ മുറിയില്‍ ദേശബന്ധു പത്രത്തിന്റെ ഉടമ പി. നാരായണന്‍നായരും (സ്വരാജ്‌ മണി) പിന്നീടു മന്ത്രിയായി മാറിയ പി.എസ്‌.പി. നേതാവ്‌ പി.കെ. കുഞ്ഞുമുണ്ടായിരുന്നു.
ഒരു കത്തോലിക്കാ വൈദികന്‍ ഒരു കൊലക്കേസില്‍ ഉള്‍പ്പെടുന്ന സംഭവം കേരളത്തില്‍ ആദ്യത്തേതായിരുന്നു. സാധാരണ ഗതിയില്‍ കേരള പോലീസ്‌ അങ്ങനെയൊരു കേസ്‌ അന്വേഷിക്കുമായിരുന്നില്ല. പക്ഷേ, കലാനിലയം കൃഷ്‌ണന്‍നായരുടെ പത്രമായ 'തനിനിറ'ത്തില്‍ മറിയക്കുട്ടിയുടെ കൊലപാതകത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട്‌ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കപ്പെട്ടു. കത്തിക്കുത്തേറ്റ ഏതാനും മുറിവുകളോടെ അര്‍ധനഗ്നയായി കിടക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോ ആയിരുന്നു അത്‌. തുടര്‍ന്നു പല ദിവസങ്ങളായി അതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
അങ്ങനെയാണു സംഭവത്തിന്റെ അന്വേഷണച്ചുമതല ഡിവൈ.എസ്‌.പി. കെ.വി. രാമനാഥനെ സര്‍ക്കാര്‍ ഏല്‍പിച്ചത്‌. അന്വേഷണം നടത്തി വളരെ വ്യക്‌തമായ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ വേണ്ടത്ര തെളിവില്ലെന്ന കാരണം പറഞ്ഞ്‌ ആ കേസ്‌ റഫര്‍ ചെയ്‌തു കളയാനായിരുന്നു പോലീസ്‌ മേലധികാരികളുടെ നിര്‍ദേശം. രാമനാഥന്‍ പറഞ്ഞതു വേണ്ടത്ര തെളിവില്ല എന്ന കാരണത്താല്‍ കേസ്‌ റഫര്‍ ചെയ്‌തു കളയാന്‍ തന്റെമേല്‍ വലിയ സമ്മര്‍ദവും പ്രലോഭനവും ഉണ്ടായിയെന്നാണ്‌. അതിനുവേണ്ടി അദ്ദേഹത്തിന്‌ എത്ര പണം കൈക്കൂലിയായി നല്‍കുന്നതിലും കത്തോലിക്കാസഭയില്‍ വലിയ സ്വാധീനമുള്ളവര്‍ മുന്നോട്ടുവന്നു. പക്ഷേ, തന്റെ മനഃസാക്ഷിയോടു സത്യസന്ധത കാണിക്കാനാണു താന്‍ തീരുമാനിച്ചതെന്നു രാമനാഥന്‍ പറഞ്ഞു.
കൊല്ലം പോലീസ്‌ ക്ലബില്‍ വച്ചാണു ഫാ. ബെനഡിക്‌ടിനെ രാമനാഥനും സംഘവും ചോദ്യം ചെയ്‌തത്‌. സത്യം പറയിപ്പിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഒരൊറ്റ അടി മാത്രമേ ഫാ. ബെനഡിക്‌ടിനു നല്‍കിയിട്ടുള്ളൂ എന്നാണു രാമനാഥന്‍ പറഞ്ഞത്‌. പോലീസ്‌ ക്ലബില്‍ ഒരു കസേരയില്‍ അച്ചന്‍ ഇരിക്കുമ്പോള്‍ പിറകില്‍ നിന്നു കഴുത്തിനു പിറകില്‍ ഒരടി കൊടുത്തു. ആ അടിയില്‍ അച്ചന്‍ പുളഞ്ഞുപോയി. സാധാരണ ഗതിയില്‍ അത്തരം മര്‍ദനമേറ്റു വേദന സഹിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. ഹാബിച്വല്‍ ക്രിമിനല്‍ എന്നു പറയാവുന്ന സ്‌ഥിരം കുറ്റവാളികളൊന്നും അങ്ങനെ മര്‍ദിച്ചാലും സത്യം പറയില്ലെന്നതു മറ്റൊരു കാര്യം.
തന്നെ രാമനാഥന്‍ മര്‍ദിക്കുകയുണ്ടായില്ലെന്നും അതേസമയം മര്‍ദിക്കാന്‍ ശ്രമിച്ച ഒരു പോലീസ്‌ കീഴുദ്യോഗസ്‌ഥനെ രാമനാഥന്‍ തടയുകയാണു ചെയ്‌തിട്ടുള്ളതെന്നുമാണു വര്‍ഷങ്ങള്‍ക്കു ശേഷം ഫാ. ബെനഡിക്‌ട് പറഞ്ഞിട്ടുള്ളത്‌. തന്റെ ഈ ഒരൊറ്റ അടിയെ തുടര്‍ന്ന്‌ എല്ലാ സംഭവങ്ങളും കിളി പറയുന്നതുപോലെ ഫാദര്‍ ബെനഡിക്‌ട് വിവരിച്ചു എന്നാണു രാമനാഥന്‍ എന്നോടു പറഞ്ഞത്‌. അങ്ങനെയാണു വ്യക്‌തമായ തെളിവുകളോടെ ഐ.ജിയടക്കമുള്ള പോലീസ്‌ മേധാവികളുടെ മുമ്പാകെ രാമനാഥന്‍ കാര്യങ്ങള്‍ വിവരിച്ചത്‌.
പക്ഷേ, പോലീസ്‌ മേധാവികളില്‍നിന്നു ലഭിച്ച നിര്‍ദേശം എത്ര വ്യക്‌തമായ തെളിവുകളുണ്ടെങ്കിലും അത്‌ അന്നത്തെ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു കാവുകാട്ടിനെ അരമനയില്‍ ചെന്നു കണ്ടു വിവരിച്ചുകൊടുക്കണമെന്നാണ്‌. അതിനുശേഷം ബെനഡിക്‌ട് അച്ചന്റെ മേല്‍ കൊലക്കേസ്‌ ചാര്‍ജ്‌ ചെയ്യേണ്ട എന്നാണ്‌ ആര്‍ച്ച്‌ ബിഷപ്‌ പറയുന്നതെങ്കില്‍ ഈ കേസ്‌ വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ റഫര്‍ ചെയ്‌തു കളഞ്ഞേക്കൂ എന്നായിരുന്നു മേലധികാരികളുടെ നിര്‍ദേശം. അങ്ങനെയാണു ആര്‍ച്ച്‌ ബിഷപ്പിനെ കാണാന്‍ അദ്ദേഹം ചങ്ങനാശേരിയിലേക്കു പോയത്‌.
പ്രാരംഭ അന്വേഷണം നടത്തുമ്പോഴൊന്നുംതന്നെ ഫാ. ബെനഡിക്‌ടിനെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ തനിക്കു യാതൊരു വാശിയുമില്ലായിരുന്നു എന്നാണു കെ.വി. രാമനാഥന്‍ പറഞ്ഞത്‌. ''അതുകൊണ്ടു തന്നെയാണു ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പിനെ കാണാനും ഞാന്‍ മനസിലാക്കിയിട്ടുള്ള എല്ലാ വിവരങ്ങളും അദ്ദേഹത്തെ ധരിപ്പിക്കാനും ഞാന്‍ അരമനയില്‍ പോയത്‌."
"ദീര്‍ഘകായനായ ആര്‍ച്ച്‌ബിഷപ്‌ മാത്യു കാവുകാട്ട്‌ വളരെ സാത്വികനായ ഒരു മതശ്രേഷ്‌ഠനാണെന്നു കാഴ്‌ചയില്‍ എനിക്കു ബോധ്യമായി. അദ്ദേഹത്തോടൊപ്പമിരുന്ന്‌ എനിക്കു ശേഖരിക്കാന്‍ കഴിഞ്ഞ വിവരങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിനു വിവരിച്ചുകൊടുത്തു. ഫാ. ബെനഡിക്‌ടാണു മറിയക്കുട്ടിയെ കൊലപ്പെടുത്തിയതെന്നുള്ള തെളിവുകള്‍ മുഴുവന്‍ വിശദീകരിച്ചു.''
''എല്ലാം കേട്ടതിനുശേഷം ആര്‍ച്ച്‌ ബിഷപ്‌ എന്നോടു ചോദിച്ചതു ഫാ. ബെനഡിക്‌ട് തന്നെയാണ്‌ ഈ കൊലപാതകം ചെയ്‌തതെന്നു താങ്കള്‍ക്കു പൂര്‍ണമായും ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ടോ എന്നാണ്‌. അതെ എന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ ആര്‍ച്ച്‌ ബിഷപ്‌ പൂര്‍ണ നിശബ്‌ദനായി.
അല്‍പനേരം ധ്യാനനിരതനായി എന്നവണ്ണം കണ്ണുകളടച്ചിരുന്നതിനു ശേഷം എന്റെ നേരേ തിരിഞ്ഞു പറഞ്ഞത്‌, എങ്കില്‍ തീര്‍ച്ചയായും താങ്കള്‍ ബെനഡിക്‌ട് അച്ചന്റെ പേരില്‍ കൊലക്കുറ്റത്തിനു കേസ്‌ ചാര്‍ജ്‌ ചെയ്യണമെന്നാണ്‌.''
ചിത്രത്തിൽ: ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ  മാത്യു കാവുകാട്ട്.

അങ്ങനെയാണു ഫാ. ബെനഡിക്‌ടിന്റെ പേരില്‍ കൊലക്കേസ്‌ ചാര്‍ജ്‌ ചെയ്യുന്നതിനു സംസ്‌ഥാന പോലീസ്‌ ഐ.ജി. തനിക്ക്‌ അനുമതി നല്‍കിയതെന്നും, അങ്ങനെ കൊലക്കുറ്റം ചാര്‍ജ്‌ ചെയ്‌തുവെന്നും രാമനാഥന്‍ അന്ന്‌ എന്നോടു പറഞ്ഞു.
ഈ കൊലക്കേസ്‌ വിചാരണ ചെയ്‌ത കൊല്ലം ജില്ലാ സെഷന്‍സ്‌ കോടതി ഫാ. ബെനഡിക്‌ടിനു വധശിക്ഷ വിധിക്കുകയും ചെയ്‌തു. ആ വിധിയിന്മേലുള്ള അപ്പീലപേക്ഷയില്‍ കേരള ഹൈക്കോടതിയിലെ ജസ്‌റ്റിസുമാരായ പി.ടി. രാമന്‍നായരും വി.പി. ഗോപാലന്‍ നമ്പ്യാരും കുറ്റം അസന്ദിഗ്‌ധമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല എന്ന കാരണത്താല്‍ ഫാ. ബെനഡിക്‌ടിനെ വെറുതേ വിടുകയാണുണ്ടായത്‌. ബെനഡിക്‌ട് അച്ചനുവേണ്ടി ഇന്ത്യയില്‍ അന്നത്തെ പ്രശസ്‌ത ക്രിമിനല്‍ അഭിഭാഷകനായ എ.എസ്‌.ആര്‍. ചാരിയാണു വാദിച്ചത്‌.
അന്നു കേരളത്തില്‍ സി.പി.എം. നേതാവ്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്‌തകക്ഷി മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു. ആ മുന്നണിയിലെ ഫാ. ജോസഫ്‌ വടക്കന്‍ നയിക്കുന്ന കര്‍ഷകത്തൊഴിലാളി പാര്‍ട്ടി അംഗവും അതിന്റെ എം.എല്‍.എ.യുമായ ബി. വെല്ലിംഗ്‌ടണ്‍ ആരോഗ്യവകുപ്പ്  മന്ത്രിയുമായിരുന്നു.
ഫാ. വടക്കന്‍ മുന്നണി നേതൃത്വത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി ഹൈക്കോടതി വിധിയിന്മേല്‍ അപ്പീല്‍ കൊടുക്കേണ്ടതില്ലെന്ന്‌ ഇ.എം.എസ്‌. മന്ത്രിസഭ തീരുമാനിക്കുകയാണുണ്ടായത്‌. സെഷന്‍സ്‌ കോടതി ശിക്ഷിച്ച ഒരു കേസിലെ പ്രതിയെ ഹൈക്കോടതി വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിട്ടതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതിരുന്നു എന്നതു ജുഡീഷ്യറിയിലെ തന്നെ അസാധാരണ സംഭവമായിരുന്നു.
1966 ജൂണ്‍ പതിനാറിനാണു മന്ദമരുതി വനപ്രദേശത്ത്‌ മറിയക്കുട്ടി കൊലചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. 1966 നവംബര്‍ പതിനെട്ടാം തീയതി ഫാ. ബെനഡിക്‌ടിനു കൊല്ലം ജില്ലാ സെഷന്‍സ്‌ കോടതി വധശിക്ഷ വിധിച്ചു. 1967 മേയ്‌ ഏഴാം തീയതി കേരള ഹൈക്കോടതി വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ ഫാ. ബെനഡിക്‌ടിനെ വെറുതേവിടുകയും ചെയ്‌തു.
പത്തുവര്‍ഷം മുന്‍പ്‌ ഫാ. ബെനഡിക്‌ട് വാര്‍ധക്യവും പക്ഷാഘാതവും മൂലം മൃതിയടഞ്ഞു. കൊലപാതകം നടന്നു 34 വര്‍ഷം കഴിഞ്ഞ്‌ കാഞ്ഞിരപ്പള്ളിയിലെ ഒരു ഡോക്‌ടറുടെ ഭാര്യയും മക്കളും വന്നു ബെനഡിക്‌ട് അച്ചനെ കണ്ടുവെന്നും ഒരു എസ്‌റ്റേറ്റ്‌ ഉടമ മൂലം ഗര്‍ഭിണിയായിത്തീര്‍ന്ന മറിയക്കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാനുള്ള തന്റെ ഭര്‍ത്താവിന്റെ ശ്രമത്തിനിടയില്‍ മറിയക്കുട്ടി മരണമടഞ്ഞുവെന്നും തുടര്‍ന്ന്‌ തന്റെ ഭര്‍ത്താവും മറ്റും ചേര്‍ന്നു കുത്തി മുറിവേല്‍പ്പിച്ചു മന്ദമരുതി വനത്തില്‍ കൊണ്ടുപോയി മറിയക്കുട്ടിയുടെ ശവശരീരം ഇടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞതായാണു പിന്നീട്‌ പത്രവാര്‍ത്തകള്‍ വന്നത്‌.
വിവാദപുരുഷനായ ആ ഡോക്‌ടറുടെ കുടുംബാംഗങ്ങള്‍ തന്നെ ഒരു കെട്ടുകഥയാണെന്നു പറഞ്ഞ്‌ ആ സംഭവങ്ങള്‍ നിഷേധിക്കുകയുണ്ടായി എന്നതു മറ്റൊരു കാര്യം.
അതിന്റെ നിജസ്‌ഥിതിയിലേക്കൊന്നും ഞാന്‍ പോകുന്നില്ല. അതില്‍ എനിക്കൊട്ടു താല്‍പ്പര്യവുമില്ല. സത്യമെന്താണെന്ന്‌ അറിയാവുന്നവര്‍ മൂന്നുപേര്‍ മാത്രമാണുള്ളത്‌. മറിയക്കുട്ടിയും മറ്റൊന്നു ഫാ. ബെനഡിക്‌ടും മറ്റൊന്ന്‌ ദൈവവും. മറിയക്കുട്ടിയും ബെനഡിക്‌ട് അച്ചനും ഇന്നു ജീവിച്ചിരിപ്പില്ല എന്നതുകൊണ്ട്‌ അവരുടെ മൊഴിയെ ആശ്രയിക്കാന്‍ ഇനി ആര്‍ക്കും സാധ്യമല്ല.

ബെനഡിക്‌ട് അച്ചനെ വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ ചില വൈദികരും ഒരു വിഭാഗം വിശ്വാസികളും ചേര്‍ന്ന്‌ ശ്രമമാരംഭിക്കുകയും അച്ചനെ അടക്കം ചെയ്‌തിരിക്കുന്ന അതിരമ്പുഴ പള്ളിയിലുള്ള കല്ലറ ഇപ്പോള്‍ ഒരു തീര്‍ഥാടനകേന്ദ്രമാക്കി മാറ്റുകയും ചെയ്‌തിട്ടുള്ള പശ്‌ചാത്തലത്തില്‍ മറിയക്കുട്ടി കൊലക്കേസ്‌ അന്വേഷണത്തെക്കുറിച്ച്‌ 44 വര്‍ഷം മുന്‍പ്‌ ഡിവൈ.എസ്‌.പി. കെ.വി. രാമനാഥന്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോടു പറഞ്ഞ കാര്യങ്ങള്‍ ഇവിടെ കുറിച്ചിടേണ്ടത്‌ സാമൂഹ്യമായ ഒരു കര്‍ത്തവ്യമായി എനിക്കു തോന്നിയതുകൊണ്ട്‌ അതിവിടെ കുറിച്ചിടുകമാത്രമാണു ഞാന്‍ ചെയ്യുന്നത്‌. ഒരു കൊലപാതക സംഭവത്തില്‍ ആരെയെങ്കിലും വിധിക്കാന്‍ ഒരു വിധത്തിലും ഞാന്‍ ആളല്ലല്ലോ?
കെ എം റോയ് 
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ വീഡിയോ 
[Fr. Benedict Onamkulam]


മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 10

മറിയക്കുട്ടി ക്കൊലക്കേസുമായി ബന്ധപ്പെട്ട് അഡ്വ. ജയശങ്കർ കേരളശബ്ദത്തിൽ എഴുതിയ ലേഖനം.
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ വീഡിയോ 

ബെനഡിക്റ്റ് ഓണംകുളം [Fr. Benedict Onamkulam]







മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 9

ബനഡിക്റ്റിന് വധശിക്ഷ വിധിച്ച കൊല്ലം സെഷൻസ് കോടതി ജഡ്ജിയായിരുന്ന കുഞ്ഞുരാമൻവൈദ്യരുടെ മക്കളും കുടുംബവും നശിച്ചു പോയി എന്നാണ് പട്ടക്കാരുടെ മറ്റൊരു കുപ്രചരണം. പക്ഷെ, യാഥാർഥ്യം ഇതിനെതിരാണ്. കുഞ്ഞിരാമൻവൈദ്യർ തന്റെ 98 മത്തെ വയസിലാണ് മരിച്ചത്. അമേരിക്കയിൽ ശാസ്ത്രജ്ഞനായ ഡോ. ഇ.കെ.റാമും, കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച E.K.ഭരത് ഭൂഷൺ IASഉം ഉൾപ്പെടെ അദ്ദേഹത്തിന്റെ 5 മക്കളും നല്ല നിലയിലാണ് ജീവിക്കുന്നത്.
പക്ഷാഘാതം മൂലം കിടപ്പിലായി, മുടിയൂർക്കരയിലെ പ്രീസ്റ്റുഹോമിൽ കഴിയുന്ന സമയത്തും ബനഡിക്റ്റ്, തന്റെ മകനായ ജോയിമോനെ കാണണമെന്നു ശാഠ്യംപിടിച്ചിരുന്നത്രെ! ഇതൊരു ശല്യമായതിനെത്തുടർന്ന് കൗൺസിലിംഗ് നടത്തിയെങ്കിലും അദ്ദേഹം പിന്തിരിഞ്ഞില്ല. അധികദിവസം കഴിയും മുമ്പ്, ബനഡിക്റ്റിനെ തന്റെ മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ടതായാണ് പറയപ്പെടുന്നത്. മറ്റു വൈദികർപോലും ഈ മരണത്തിൽ അസ്വാഭാവികത ആരോപിക്കുന്നുണ്ടത്രേ!
ബനഡിക്റ്റിനെ കുറ്റവിമുക്തനാക്കാൻ നിരത്തുന്ന വാദങ്ങളിൽ ഒന്നാണ് DNA ടെസ്റ്റ്. മാണി പുതിയിടം എന്ന പട്ടക്കാരൻ ഏറ്റവും ശക്തമായി ഇതു പ്രചരിപ്പിക്കുന്നുണ്ട്. 1984ൽ UK-യിൽ കണ്ടുപിടിച്ച DNA പരിശോധന 1986ലാണ് അവിടെപ്പോലും കോടതിയിൽ തെളിവായി സ്വീകരിച്ചത്. ആ DNA ടെസ്റ്റ് 1966ൽ കേരളത്തിൽ നടത്തി എന്ന വാദം ബനഡിക്റ്റിനെ വിശുദ്ധനാക്കാൻ നിരത്തുന്ന എല്ലാ വാദങ്ങളുടെയും പൊള്ളത്തരം വെളിവാക്കുന്നതാണ്. അതിനാൽ 1966ൽ പിതൃശൂന്യമായി നടത്തി തെളിയിച്ച DNA Test  ജോയിമോനെയും ബനഡിക്റ്റിനെയും ചേർത്ത് നടത്താൻ സഭാധികാരികൾ തന്റേടം കാണിക്കണം. വിശുദ്ധൻ ശരിക്കും ശുദ്ധനാണെന്ന് തെളിയുന്നതല്ലേ അതിന്റെയൊരു ഇത്.
ഞങ്ങൾ കണ്ടു സംസാരിച്ച ആളുകളെല്ലാം, പട്ടക്കാരൊഴികെ, ഒറ്റസ്വരത്തിൽ പറയുന്നു, ഫാ.ബനഡിക്റ്റാണ് മറിയക്കുട്ടിയുടെ ഘാതകനെന്ന്... മറിയക്കുട്ടിക്കൊലക്കേസിൽ ഫാ.ബനഡിക്റ്റ് ചെയ്തത്, തനിക്ക് നിരന്തരശല്യമായ ഒരു സ്ത്രീയെ ഒഴിവാക്കാനായി നടത്തിയ പച്ചയായ കൊലപാതകമാണ്. കൊല്ലം സെഷൻസ് കോടതിയുടെ വിധിവാചകം ഉദ്ധരിച്ചു പറഞ്ഞാൽ, ‘സ്വഭാവശുദ്ധി അങ്ങേയറ്റം ഉയർത്തിപ്പിടിക്കേണ്ട ഒരു വ്യക്തി, ധാർമികാധഃപതനത്തിന്റെ പടുകുഴിയിലേക്ക് വഴുതിവീണ നിർഭാഗ്യകരമായ സാഹചര്യമാണ് ഈ കേസ്. നന്മയ്ക്കും പരിശുദ്ധിക്കുംവേണ്ടി നിലകൊള്ളുന്ന ഒരു സഭയുടെ പ്രതിനിധി, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകനായ ഒരു മഹാന്റെ അനുയായി എന്നൊക്കെ അവകാശപ്പെടുന്ന ഒരു പുരോഹിതൻ,.... ഒരു പാവപ്പെട്ട സ്ത്രീയെ അവരുടെ സാമ്പത്തിക പരാധീനത പരമാവധി ചൂഷണംചെയ്ത് പ്രയോജനപ്പെടുത്തിയശേഷം, അവൾ മുതലെടുപ്പു നടത്തുന്നു എന്നു തോന്നിയപ്പോൾ, ഒരു കാലത്ത് തന്റെ വികാരാസക്തി ശമിപ്പിക്കാൻ ഉപകരിച്ചിരുന്ന അവളുടെ ജീവിതം നശിപ്പിക്കുന്നതിനായി ഒരു ക്രൂരപിശാചായിമാറി....!’ എന്നാണ് കോടതി കണ്ടെത്തിയത്! ‘യാതൊരു ദയയും അർഹിക്കാത്ത കുറ്റമായതിനാലാണ്’ കോടതി വധശിക്ഷതന്നെ വിധിച്ചത്.
എല്ലാറ്റിനുമുപരി, ഈ കേസ് ഗുരുതരമായ സാഹചര്യത്തിൽ, സഭയുടെ അന്തസ് നിലം പരിശായതിനാൽ, കേസ് നടക്കുമ്പോൾത്തന്നെ ചങ്ങനാശേരി അരമനയിൽനിന്ന്, ഇതിന്റെ നിജസ്ഥിതി കണ്ടെത്താനായി ഒരു അന്വേഷണസമിതിയെ നിയമിച്ചു. (ഇന്നും ഇത്തരം ഗൗരവമായ കേസുകളുണ്ടായാൽ അന്വേഷണ സമിതിയെ നിയോഗിക്കാറുണ്ട്.) കമ്മിറ്റിയിൽ വൈദികർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഭാനേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു സമിതി മെത്രാന് നൽകിയ റിപ്പോർട്ട്! ബനഡിക്റ്റ് തന്നെയാണ് കൊലപാതകി എന്നാണ് സമിതിയുടെ കണ്ടെത്തൽ!!! അതിനാൽത്തന്നെ ഇന്നും ആ അന്വേഷണ റിപ്പോർട്ട് പുറംലോകം കണ്ടിട്ടില്ല. ജയിൽമോചിതനായ ബനഡിക്റ്റിന് സ്വീകരണം നൽകുന്നതിനെ അന്നത്തെ ആർച്ചുബിഷപ്പായ മാർ കാവുകാട്ട് എതിർത്തതും ഇതുമൂലമായിരുന്നത്രെ!!! മറിയക്കുട്ടിയുടെ കൊലപാതകത്തിൽ ബനഡിക്റ്റിൻ്റെ പങ്ക് തെളിയിക്കുന്ന ചങ്ങനാശേരി രൂപതാസമിതിയുടെ അന്വേഷണറിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ചങ്ങനാശേരി അതിരൂപതാനേതൃത്വം ഇനിയെങ്കിലും തയ്യാറാകണം.
ഒരു കൊടുംകൊലപാതകിയെ വിശുദ്ധനാക്കാനുള്ള കുൽസിത ശ്രമത്തിലാണ് ചങ്ങനാശേരിയിലെ കത്തോലിക്കാ മാഫിയ. ഇതിനു പുറകിൽ മൂന്നു ലക്ഷ്യമാണുള്ളത്. ഒന്ന്, പാലായ്ക്കും തൃശൂരിനും CMIയ്ക്കും സ്വന്തമായി വിശുദ്ധരുണ്ട്. ക്രിസ്ത്യൻപാരമ്പര്യത്തിൽ ഇവരെക്കാൾ മുമ്പിലെന്ന് അഭിമാനിക്കുന്ന ചങ്ങനാശേരിക്ക് ഒരു വിശുദ്ധനില്ല! രണ്ട്, കണക്കു കാണിക്കേണ്ടാത്ത ഒരു വരുമാനമാർഗം രൂപപ്പെടുത്തുക. മൂന്ന്, അറുവഷളന്മാരാണ് പട്ടക്കാരും മെത്രാന്മാരുമെന്നു കുറഞ്ഞപക്ഷം കേരളിത്തിലെങ്കിലും പാട്ടായിക്കഴിഞ്ഞു - പ്രത്യേകിച്ച് സ്ത്രീവിഷയത്തിൽ! സൂത്രത്തിൽ അതൊന്നു കഴുകിക്കളയാൻ സ്ത്രീവിഷയത്തിലെ പ്രതിനായകനെത്തന്നെ വിശുദ്ധീകരിക്കുന്നതിലൂടെ കഴിഞ്ഞേക്കാമെന്ന പ്രതീക്ഷ... എന്തായാലും ആത്യന്തികനഷ്ടം സമൂഹത്തിനുതന്നെ.
പോസ്റ്റ് മോർട്ടം റിപ്പോർട്ട്:
കൊലയാളികളെ വിശുദ്ധരാക്കുന്നത് കത്തോലിക്കാസഭയ്ക്ക് പുതുമയൊന്നുമല്ല. ഏറ്റവും വലിയ ഉദാഹരണം ഫ്രാൻസിസ് സേവ്യർ എന്ന ക്രൂരനായ കൊലയാളി വിശുദ്ധൻതന്നെ! അതു പക്ഷെ, സഭയുടെ ശക്തിയും വൈപുല്യവും വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള മതവിചാരണ (Inquisition) വഴി ആയിരുന്നു എന്ന ന്യായം പറയാം. സംഘാംഗത്തെ സംരക്ഷിക്കേണ്ടത് മാഫിയാ സംഘത്തിന്റെ ആവശ്യമാണല്ലോ! അതുപോലെതന്നെയാണ് സ്ത്രീപീഡകന്മാരെയും! 18 സ്ത്രീകളുമായി ലൈംഗികബന്ധം പുലർത്തി (അന്നത് മോശത്തരമല്ല; ഒരു വീരകൃത്യമായിരുന്നു--) മുഷിഞ്ഞ മാർ ആഗസ്തീനോസ് തന്റെ വൃഷണം ഉടച്ച് വിശുദ്ധനായി...!! (റോബിൻ-കൊക്കൻ-കോട്ടൂർ-നോബിൾ പോലുള്ള മറ്റു ‘ഫ’കൾക്കും ഈ മാർഗം പ്രയോജനപ്പെടുന്നതാണ്!)

മറിയക്കുട്ടിക്കൊലക്കേസിൽ ഫ.ബനഡിക്റ്റ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിട്ടല്ല കേരള ഹൈക്കോടതി വെറുതെ വിട്ടത്. മറിച്ച്, കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം എന്ന പഴുതിലൂടെ ആ പട്ടക്കാരനെ കോടതി രക്ഷപെടുത്തുകയാണുണ്ടായത്. അതിന്റെ പിന്നാമ്പുറത്ത് നടന്ന ഇടപാടുകളും ഇടപെടലുകളും എത്രയോ ശക്തമായിരുന്നു എന്നത് അന്നത്തെ നിയമജ്ഞർക്കും ഭരണകർത്താക്കൾക്കുമിടയിൽ ചർച്ചാവിഷയമായിരുന്നു. ഇതെല്ലാം മറച്ചുവെച്ച് അതിരമ്പുഴ ഇടവക വികാരിയായിരുന്ന മാണി പുതിയിടം എന്ന പട്ടക്കാരൻ ഈ കൊലയാളി വൈദികനെ വിശുദ്ധനാക്കാനുള്ള ശ്രമം തുടങ്ങിയതിനെത്തുടർന്നാണ് ഇതിന്റെ ചരിത്രവഴികളിലൂടെ ഒരു മടക്കയാത്രയ്ക്ക് ഞങ്ങൾ (പി.കെ.മാത്യു, ഡോ. ജോസഫ് വർഗീസ്, ജോർജ് ജോസഫ്, സെബാസ്റ്റ്യൻ, തമ്പി കരിക്കാട്ടൂർ, സ്റ്റീഫൻ മാത്യു, എം.പി.ജേക്കബ് മണിമലേത്ത്) തയ്യാറായത്. ഞങ്ങൾ കണ്ടെത്തിയ സത്യങ്ങൾ കൊല്ലം ജില്ലാക്കോടതിയുടെ വിധിയെ സാധൂകരിക്കുന്നതും ബനഡിക്റ്റ് ശിക്ഷ അനുഭവിക്കേണ്ടതായിരുന്നു എന്ന് ഉറപ്പിക്കുന്നതുമായിരുന്നു. (പക്ഷെ, അപ്പോഴും വധശിക്ഷയെ ഞങ്ങൾ വ്യക്തിപരമായി പിന്തുണയ്ക്കുന്നില്ല)
അതിനാൽ ബെനഡിക്റ്റ് എന്ന അരും കൊലയാളിയെ വിശുദ്ധനാക്കി സമൂഹത്തിന്  ദുർമാതൃകയാക്കുന്ന അതിരമ്പുഴ പള്ളിയിലെ സഹനദാസൻ പരിപാടി അവസാനിപ്പിക്കണം എന്ന് കത്തോലിക്കാ സഭാനേതൃത്വത്തോട് ഞങ്ങൾ ശക്തിയായി ആവശ്യപ്പെടുന്നു. 
കടപ്പാട്: ജോർജ്ജ് ജോസഫ് 
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ വീഡിയോ 






മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 8

'മാപ്പ് നാടകം' വാർത്ത വന്ന് ഒരു മാസവും ഒരാഴ്ചയും കഴിഞ്ഞ്, 2001 ജനുവരി 3നു ബനഡിക്റ്റ് മരിച്ചു. അതിനു ശേഷം 2001 ഡിസംബറിൽ, M J കളപ്പുരയ്ക്കൽ CMI(ദീപിക കൊച്ചേട്ടൻ) എന്ന പട്ടക്കാരൻ ഫാ. ബനഡിക്റ്റുമൂലം പുരോഹിത വർഗത്തിനുണ്ടായ അപമാനത്തിൽ മനംനൊന്ത് ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു-അഗ്നിശുദ്ധി!
പൊലീസും മാധ്യമങ്ങളും ചേന്ന് കെട്ടിച്ചമച്ച തെളിവുകൾ കൊണ്ടാണ് ബനഡിക്റ്റിനു വധശിക്ഷ വിധിച്ചതെന്നാണ് പുസ്തകത്തിലെ വാദം. ആ പുസ്തകത്തിലാണ് മന്ദമരുതിക്കാരനായ മണിമലേത്ത് പൈലോച്ചൻ എന്ന ‘മുതലാളി’യെ ആദ്യമായി അനാവരണം ചെയ്യുന്നത്. (ഈ മുതലാളി പ്രയോഗത്തിനു കാരണമുണ്ട്. മൃതദേഹം കാണപ്പെട്ട തേയിലത്തോട്ടത്തിന്റെ മുൻ ഉടമയായ മുണ്ടുകോട്ടയ്ക്കൽ കോരയെ മുതലാളി എന്നാണ് വിളിച്ചിരുന്നത്! അദ്ദേഹമാകട്ടെ 1966 ജൂൺ 10നു മരിക്കുകയും ചെയ്തു) കേസന്വേഷണത്തിന്റെ തുടക്കത്തിൽ, മൃതദേഹം കിടന്നിരുന്ന ബെഡ് ഷീറ്റ്, ഹോസ്റ്റലുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്ന് പൊലീസ് മനസിലാക്കി. ടി പൈലോയുടെ ഒരു മകൾ അക്കാലത്ത് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നുണ്ടായിരുന്നു. അതിനാൽ പൊലീസ് പൈലോയുടെ വീട്ടിൽ തിരക്കി ചെന്നിരുന്നു. ജ്യേഷ്ഠൻ എന്ന നിലയിൽ, സ്വന്തം പറമ്പിൽ പണിയെടുത്ത് ഇളയ സഹോദരങ്ങളെ സംരക്ഷിച്ചിരുന്ന പൈലോയ്ക്ക് നാലാം ക്ലാസ് വിദ്യാഭ്യാസമാണുണ്ടായിരുന്നത്! ഈ ‘മുതലാളി!’ ആലപ്പുഴയിൽ ഒരു കയർ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നെന്നും മറിയക്കുട്ടി അവിടെ ജോലിക്കാരിയായിരുന്നെന്നുമാണ് ഗ്രന്ഥകാരനായ ഫാ.കളപ്പുരയ്ക്കൽ പറയുന്നത്! അവിടെവെച്ച് പൈലോയുമായുണ്ടായ അവിഹിത ബന്ധത്തിലൂടെയാണ് മറിയക്കുട്ടിക്ക് ജോയിമോനുണ്ടായതെന്നും മറിയക്കുട്ടി വീണ്ടും ഗർഭിണിയായപ്പോൾ പൈലോച്ചന്റെ സുഹൃത്തായ കാഞ്ഞിരപ്പള്ളിയിലെ ഡോക്ടറുടെ ക്ലിനിക്കിൽ ഗർഭച്ഛിദ്രം നടത്തുകയും അതുവഴി മറിയക്കുട്ടി മരണപ്പെടുകയും തുടർന്ന് കൊലപാതകമാക്കി മാറ്റാൻ മന്ദമരുതിയിൽ കൊണ്ടുവന്ന് തേയിലത്തോട്ടത്തിൽവെച്ച് കുത്തി മുറിവേല്പിച്ച് ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് കഥ. (കൊലക്കേസിന്റെ വിചാരണ സമയത്ത് ഈ ഗർഭവാദമില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. മറിയക്കുട്ടി ഗർഭിണിയല്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.)
കളപ്പുരക്കഥയിൽ പൊരുത്തപ്പെടാത്ത കണ്ണികൾ വളരെയേറെയാണ്.
1. സാക്ഷികളും തെളിവുകളും പൊലീസ് കെട്ടിച്ചമച്ചതായിരുന്നെങ്കിൽ രൂപതയുടെ ആശ്രിതരായിരുന്ന ചക്കരക്കടവ് പള്ളിയിലെ കപ്യാരും ചങ്ങനാശേരി മെത്രാസനമന്ദിരത്തിലെ അലക്കുകാരനും കുശിനിക്കാരനുമുൾപ്പെടെ സാക്ഷികളിൽ മിക്ക കത്തോലിക്കരും മൊഴിയിൽ ഉറച്ചു നിന്നത് എന്തുകൊണ്ട്?
2. ഫാ. ബനഡിക്റ്റിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തയുടനെ കേസ് റഫർ ചെയ്തുകളയാൻ സഭാനേതൃത്വം സമ്മർദ്ദം ചെലുത്തുകയും അതിനായി ഗവർണർക്ക് നിവേദനം നൽകുകയും ചെയതത് എന്തിന്?
3. ചങ്ങനാശേരിയിൽ താമസിക്കുന്ന, മറിയക്കുട്ടിയുടെ സഹോദരനായ കുഞ്ഞച്ചനെന്ന ഫിലിപ്പോസും അയാളുടെ ഭാര്യയും ആലപ്പുഴയിൽത്തന്നെയുള്ള തോമ്മായും മറിയക്കുട്ടിയുടെ തട്ടിക്കൊണ്ടുപോകപ്പെട്ട മകനും കൂറുമാറിയതെങ്ങനെ?
4. നിയമവിരുദ്ധമായ ഗർഭഛിദ്രത്തെക്കാൾ എത്രയോ ഗുരുതരമായ കുറ്റമാണ് കൊലപാതകം? പിന്നെന്തുകൊണ്ട് മുതലാളി മരണത്തെ കൊലപാതകമാക്കാൻ ശ്രമിച്ചു?
5. ഒരു മുതലാളിക്ക് പ്രതിയായി ഒരു പണിക്കാരനെ കാണിച്ചുകൊടുക്കാൻ അന്നത്തെക്കാലത്ത് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. പിന്നെ എന്തിനു സ്വയം കുടുക്കിലാകുന്ന ഈ വിഡ്ഢിത്തത്തിനു അയാൾ ശ്രമിച്ചു?
6. കാഞ്ഞിരപ്പള്ളിയിൽനിന്നും മന്ദമരുതിയിലേക്കുള്ള ദൂരമാണ് മറ്റൊരു പ്രശ്നം. ഏതാണ്ട് 2 മണിക്കൂർ യാത്ര ചെയ്താൽ മാത്രമെ കാഞ്ഞിരപ്പള്ളിയിൽനിന്ന് മന്ദമരുതിയിൽ എത്താൻ കഴിയൂ. അത്ര സമയത്തിനു ശേഷം മൃതദേഹത്തിൽനിന്നും ഇത്രയധികം രക്തം പുറത്തു വരില്ല. (മുറിവുകളെല്ലാം മരണത്തിനു മുൻപെ ഏറ്റിട്ടുള്ളവയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട മറിയക്കുട്ടിയെയോ അതിനാൽത്തന്നെ പ്രതിയായ ബനഡിക്റ്റിനെയോ തിരിച്ചറിയാത്ത സാഹചര്യത്തിൽ ഈ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് അട്ടിമറിക്കാൻ കഴിഞ്ഞില്ല!)
7. പൗലോച്ചന്റെ ജീപ്പിൽ ഒറ്റയ്ക്ക് കൊണ്ടുവന്ന് തേയിലത്തോട്ടത്തിൽ ഇട്ടു എന്നാണ് പറയുന്നത്. (സഹായികളുണ്ടായിരുന്നെങ്കിൽ ഒരു കത്തോലിക്കാ പുരോഹിതനെ കുടുക്കിയതാണെന്ന് അറിഞ്ഞപ്പോഴെങ്കിലും അയാൾ രംഗത്തു വരികയൊ വരുത്തുകയൊ ചെയ്യുമായിരുന്നല്ലോ!) 63കിലോയിലേറെ ഭാരമുണ്ടായിരുന്ന മറിയക്കുട്ടിയുടെ മൃതദേഹം ഒറ്റയ്ക്ക് ഒരാൾക്ക് എടുത്തുകൊണ്ടു പോകാൻ കഴിയുമായിരുന്നില്ല. പൈലോച്ചൻ അത്രയ്ക്ക് ആരോഗ്യവാൻ ആയിരുന്നില്ലതാനും.
8. മാത്രമല്ല, കഥയിൽ പറയുമ്പോലെ പൈലോയ്ക്ക് ജീപ്പില്ലായിരുന്നു. (ഇപ്പോൾ ഉയർന്ന സൗകര്യത്തിൽ ജീവിക്കുന്ന, അദ്ദേഹത്തിന്റെ മക്കൾക്ക് കാറുണ്ട്.)
9. കാഞ്ഞിരപ്പള്ളിയിൽ നിന്ന് മന്ദമരുതിയിലേക്ക് വരുന്നത് പൊന്തൻപുഴ എന്ന ഘോരവനത്തിലൂടെയാണ്. ഇപ്പോൾപോലും ഒരു നിബിഡവനമാണവിടം. പൈലോച്ചന്റെ വീട്ടിൽനിന്നും വളരെ ദൂരെയുള്ള ഈ സ്ഥലം മൃതദേഹം ഉപേക്ഷിക്കാൻ കൂടുതൽ സൗകര്യപ്രദമായിരുന്നു. എങ്കിൽ അതു കണ്ടുപിടിക്കുകപോലും സാധിക്കുമായിരുന്നില്ല. പൈലോച്ചൻ ആയിരുന്നു കൊല നടത്തിയതെങ്കിൽ എന്തുകൊണ്ട് അതു ചെയ്തില്ല?
10. പൈലോച്ചൻ ആലപ്പുഴയിൽ ജോലി ചെയ്തിട്ടില്ലെന്നു മാതമല്ല, അവിടെ പോവുകപോലും ഉണ്ടായിട്ടില്ലത്രെ!
11. കഥ സത്യമായിരുന്നെങ്കിൽ പുരോഹിതനായ ഗ്രന്ഥകാരൻ മണിമലേത്തുകുടുംബത്തോട് മാപ്പപേക്ഷിച്ചത് എന്തുകൊണ്ട്?
12. മറിയക്കുട്ടി കൊലക്കേസിൽ സാക്ഷിയായിരുന്ന് കൂറുമാറിയ ചന്ദ്രിക വർക്ക്ഷോപ്പിലെ സഹായി മാത്രമായിരുന്ന ബേബി, കേസ് കഴിഞ്ഞ് അധികം വൈകാതെ ടൂറിസ്റ്റ് ബസുടമയായതെങ്ങനെ?
13. കേസിന്റെ വിചാരണവേളയിൽ ഒരു മാസത്തിലേറെക്കാലം പ്രമാണിമാരുടെ കസ്റ്റഡിയിലായിരുന്ന, മൊഴിമാറ്റിയ മറിയക്കുട്ടിയുടെ മകനായ സിവിച്ചൻ, കൂലിപ്പണിക്കാരും കോളനിവാസികളുമായ മറ്റു മക്കളെക്കാൾ സാമ്പത്തികമുള്ളവനായി സ്വന്തം വീടും കടയുമുള്ളവനായി മാറിയതെങ്ങനെ? (ടി സംഭവം ചർച്ച ചെയ്യുന്നവരോട് കയർക്കുകയും ആക്രമിക്കാൻ തുനിയുകയും ചെയ്യുന്നത് ഇയാൾക്ക് പതിവാണത്രേ. മറ്റു സഹോദരങ്ങളുമായി അയാൾ സൗഹൃദത്തിലല്ല. ഒരാൾ വഴി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും അയാൾ അന്വേഷണ സംഘത്തോടു സംസാരിക്കാൻ തയ്യാറായതുമില്ല. നേരിട്ട് ബന്ധപ്പെടാൻ ധൈര്യം കിട്ടാഞ്ഞതിനാൽ ദൂരെ നിന്ന് നിരീക്ഷിച്ച് തിരികെ പോരാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. അന്നെടുത്ത ചിത്രം നഷ്ടപ്പെടുകയും ചെയ്തു.)
14. ഏറ്റവും പ്രധാനപ്പെട്ട കാര്യം വെളിപ്പെടുത്തലിൽ ഉൾപ്പെട്ടിരിക്കുന്ന നിയമപ്രശ്നമാണ്. ഇത്തരത്തിൽ ഒരു വെളിപ്പെടുത്തലുണ്ടായാൽ ആരോടു വെളിപ്പെടുത്തിയോ അയാൾ പൊലീസിൽ അറിയിച്ച് കുറ്റക്കാരെ ശിക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ബാധ്യസ്ഥനാണ്. അല്ലെങ്കിൽ സർക്കാർ സ്വമേധയ കേസെടുക്കണം. (നക്സൽ വർഗീസ് വധം, എം.എം.മണി കേസുകൾ ഓർക്കുക) ഇതു രണ്ടുമുണ്ടായിട്ടില്ല. അങ്ങനെ നോക്കുമ്പോൾ ബനഡിക്റ്റും ബിഷപ്പ് പൗവ്വത്തിലും കുറ്റക്കാരാണ്.
അഗ്നിശുദ്ധിയിലെ ശുദ്ധിയില്ലാ കഥയെക്കുറിച്ച് അറിഞ്ഞ മണിമലേത്ത് പൈലോയുടെ മക്കൾ ടി പുസ്തകത്തിലെ പരാമർശത്തിനെതിരെ രംഗത്തു വന്നു. (ഈ കഥയൊഴിച്ച് ആ പുസ്തകത്തിലെ വിവരണം എല്ലാംതന്നെ വാസ്തവമാണ്) മേൽപ്പറഞ്ഞ പരാമർശം പുസ്തകത്തിൽനിന്നു പിൻവലിച്ച് മാപ്പപേക്ഷിക്കാത്തപക്ഷം ഗ്രന്ഥകർത്താവായ ഫാ. എം.ജെ. കളപ്പുരയ്ക്കലിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നു കാണിച്ച് മണിമലേത്ത് പൈലോച്ചന്റെ മകനായ എം.പി.ജേക്കബ് ഫാ. കളപ്പുരയ്ക്കലിന് കത്തയച്ചു. അതിനെത്തുടർന്ന് ഫാ.കളപ്പുരയ്ക്കൽ മനോരമയിലും ദീപികയിലും മാപ്പപേക്ഷ പ്രസിദ്ധികരിക്കുകയും പ്രസ്തുത പരാമർശമടങ്ങിയ ഭാഗം ഒഴിവാക്കിയ പുതിയ എഡിഷൻ പുസ്തകം മാത്രമെ ഇനി വിൽക്കൂ എന്നു രേഖാമൂലം ഉറപ്പു കൊടുക്കുകയും ചെയ്ത് തടിതപ്പി! (വാക്കിനു വിലയില്ലാത്ത കള്ളപ്പാതിരിമാർ അതേ പുസ്തകം വീണ്ടും വിറ്റു. അതിന്റെ സംക്ഷിപ്തരൂപമായി സി. ഡോ. ലിനോ മാർഗരറ്റ് പൊട്ടനാനി SABS(!) തയ്യാറാക്കിയ ‘അതിരമ്പുഴയുടെ അഗ്നിനക്ഷത്രം’ ആണ് ഇപ്പോൾ വിറ്റുകൊണ്ടിരിക്കുന്നത്. ഇതേ കഥതന്നെയാണ് ടി പുസ്തകത്തിലുമുള്ളത്. പക്ഷെ, പൈലോച്ചന്റെ പേരില്ല എന്നുമാത്രം)
ടി ഡോക്ടറുടെ മക്കൾ മന്ദബുദ്ധികളായി എന്നും അതിനാലാണ് അവർ മാപ്പപേക്ഷിച്ചതെന്നുമാണ് പ്രചരണം നടക്കുന്നത്. (മന്ദബുദ്ധികൾ എങ്ങനെ മാപ്പപേക്ഷിച്ചു എന്ന ചോദ്യം ഉദിക്കുന്നില്ല. കാരണം, വണക്കമാസക്കഥയിൽ ചോദ്യത്തിനു പ്രസക്തിയില്ല!) കഥയിലെ ഡോക്ടറുടെ അഞ്ചുമക്കളിൽ ഒരാൾ അങ്ങനെയുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ, 1952ൽ ജനിച്ചയാളാണത്. ഡോക്ടറാണ് ഉത്തരവാദിയെങ്കിൽപ്പോലും കുറ്റം ചെയ്യുന്നതിനു മുമ്പേ ശിക്ഷ ലഭിക്കുന്നതെങ്ങനെ!? ഡോക്ടർക്കു മാത്രമെ ഇത്തരം കുട്ടികൾ ഉണ്ടായിട്ടുള്ളോ? എങ്കിൽ ബനഡിക്റ്റ് പക്ഷാഘാതം വന്നു 5 വർഷത്തോളം തളർന്നു കിടന്നത് എന്തുകൊണ്ട്?
കടപ്പാട്: ജോർജ്ജ് ജോസഫ് 
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ വീഡിയോ 





മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 7

ജയിൽ മോചിതനാകുന്ന ബനഡിക്റ്റിനു സ്വീകരണം നൽകാൻ പുരോഹിതരും 'സഭാസംരക്ഷകരും'കൂടി തീരുമാനിച്ച് കാവുകാട്ടു മെത്രാനെ സമീപിച്ചു. പക്ഷെ, ബിഷപ്പ് അതു വിലക്കി. എങ്കിലും സ്വീകരണ പരിപാടി അവർ ഗംഭീരമായി നടത്തുകതന്നെ ചെയ്തു! ഇതൊക്കെയായിട്ടും ബനഡിക്റ്റ് കുറ്റക്കാരനാണെന്ന തന്റെ തീരുമാനത്തിൽ ബിഷപ്പ് ഉറച്ചു നിൽക്കുകയും ബനഡിക്റ്റിനെ ഇടവക ചുമതല നൽകാതെ, തമിഴ്നാട്ടിലെ മിഷൻ കേന്ദ്രമായ മായം ഇടവക പള്ളിയിലേക്ക് നാടുകടത്തുകയും ചെയ്തു!! (എന്നാൽ ബനഡിക്റ്റ് തന്റെ 'ശീലം' തുടരുകയും ഭർത്തൃമതിയായ ഒരു സ്ത്രീയെ അനുഭവിക്കാൻ അവളുടെ ഭർത്താവിനെ കൊന്നതിൽ അവിടെ പങ്കാളിയാകുകയും ചെയ്തതായി പറയപ്പെടുന്നു.)
നീണ്ട 12വർഷത്തെ പ്രവാസത്തിനു ശേഷം ഫാ.ബനഡിക്റ്റിനെ പത്തനാടിനടുത്തുള്ള കടയനിക്കാട് അനാഥാലയത്തിന്റെ ചുമതല ഏൽപ്പിച്ച് 1981-ൽ പൗവ്വത്തിൽ മെത്രാൻ കേരളത്തിലേക്ക് തിരികെ കൊണ്ടുവന്നു. മറിയക്കുട്ടിയുടെ മകനെ കാണണമെന്ന് അവിടെവെച്ച് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടതനുസരിച്ച് ജോയിമോൻ തന്റെ അമ്മയുടെ ഘാതകനായ ബനഡിക്റ്റിനെ കാണാനായി, കൂടിക്കാഴ്ച ഏർപ്പാടാക്കിയ പത്രക്കാരനോടും സഹോദരിയോടുമൊപ്പം അവിടെ പോയതായി സാക്ഷ്യപ്പെടുത്തുന്നു. ആ രംഗം ജോയിമോൻ ഇപ്പോഴെന്നപോലെ ഓർമ്മിക്കുന്നു... “ എനിക്കന്ന് പതിനാറു വയസാണ്. എന്റെ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി, മൂന്നാംവയസിൽ എന്നെ അനാഥനാക്കിയ അയാൾ, അവശേഷിക്കുന്ന തെളിവായ എന്നെക്കൂടി കൊല്ലാനാണോ വിളിപ്പിച്ചതെന്ന ചിന്തമൂലം പോകേണ്ടെന്നു പല തവണ തോന്നിയെങ്കിലും പിന്നീട് പോകാൻതന്നെ തീരുമാനിച്ചു. കുറഞ്ഞ പക്ഷം എന്റെ അപ്പനെ ഒരു നോക്കു കണ്ടിട്ട് മരിക്കാമല്ലോ! ഞാൻ ചെല്ലുമ്പോൾ അനാഥാലയത്തിന്റെ മുൻവശത്തുതന്നെ അച്ചനുണ്ടായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഗെയിറ്റിനടുത്തേക്ക് നടന്നു വന്നു. ചിരിക്കാൻ ശ്രമിച്ചു. എന്നോട് പേരു ചോദിച്ചു. ഞാൻ പറഞ്ഞു, മറിയക്കുട്ടിയുടെ മകൻ ജോയിമോൻ! അതു കേട്ടമാത്രയിൽ അദ്ദേഹം ഒന്നു നടുങ്ങി! പെട്ടെന്നു അദ്ദേഹം ഗെയിറ്റിൽ പിടിച്ചു. പക്ഷെ, ഗെയ്റ്റുപോലും വിറക്കുന്നുണ്ടായിരുന്നു. പിന്നീട് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു, ‘എന്നോട് ക്ഷമിക്കു മോനെ... നിനക്കു തരാൻ എന്റെ കൈയിൽ ഒന്നുമില്ല.’ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. പിന്നീടവിടെ നിൽക്കാൻ എനിക്കു തോന്നിയില്ല. പെട്ടെന്നുതന്നെ തിരികെ പോന്നു.” ജോയിമോൻ നിർവികാരനായി പറഞ്ഞുനിർത്തി.
എല്ലാവരുംതന്നെ മറന്നുതുടങ്ങിയ മറിയക്കുട്ടി കൊലക്കേസ് 2000 നവംബറിൽ വീണ്ടും വാർത്തയായി. മംഗളം പത്രം ആ വാർത്ത റിപ്പോർട്ട് ചെയ്തു- ‘മറിയക്കുട്ടി കൊലക്കേസിലെ യഥാർഥ പ്രതിയുടെ മക്കൾ ഫാദർ ബനഡിക്റ്റിനോട് മാപ്പപേക്ഷിച്ചു’. ഈ കഥയ്ക്കു പുറകിൽ ഒരു പുരോഹിതസംഘത്തിന്റെ സമർഥമായ ഗൂഡാലോചന ഉണ്ടായിരുന്നു.
ചിത്രത്തിൽ: മറിയക്കുട്ടിക്കുവേണ്ടി ഏറെ കഷ്ടപ്പാടുകൾ സഹിച്ച സഹോദരൻ ചാക്കോച്ചേട്ടൻ (2011ൽ മരിച്ചു)
കാഞ്ഞിരപ്പള്ളിയിലെ ഒരു കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീ മുണ്ടക്കയത്ത് 'ബ്ര. ബെന്നി വെച്ചൂച്ചിറ' (ടിയാനെക്കുറിച്ച് അറിഞ്ഞിടത്തോളം ഒരു പുസ്തകം എഴുതാനുള്ള 'വിശേഷങ്ങൾ' ഉണ്ട്. പലതും എഴുതാൻ കൊള്ളാത്തതാണ്. അത് പിന്നീടൊരിക്കൽ ആകാം.) നടത്തിയിരുന്ന കരിസ്മാറ്റിക് പ്രാർഥനാലയത്തിൽ ധ്യാനംകൂടാനും പ്രാർഥിക്കാനുമായി പോയിരുന്നു. ധ്യാനഗുരുവായ ജോയി ചിറ്റൂർ എന്ന പട്ടക്കാരനും അവിടെ പ്രാർഥനയ്ക്ക് നേതൃത്വം നൽകിയിരുന്നു.
ഉപവാസ പ്രാർഥനയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ടി സ്ത്രീക്ക് ഒരു ദിവസം മോഹാലസ്യമുണ്ടായി; അതോടൊപ്പം എന്തൊക്കെയോ വിളിച്ചുപറയുകയും ഉണ്ടായി! പിന്നീട് കൗൺസിലിങ്ങിനിടയിൽ അവരുടെ കുടുംബപ്രശ്നങ്ങൾ - സ്വത്തു ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും കേസും സഹോദരനുമായുള്ള കലഹവും പട്ടാളത്തിൽ ഡോക്ടറായിരുന്ന അപ്പൻ നാട്ടിൽ നടത്തിയിരുന്ന ക്ലിനിക്കിലെ കൊള്ളരുതായ്മകളും-എല്ലാം പറഞ്ഞു.
കുടുംബപ്രശ്നങ്ങൾ മനസിലാക്കിയ ബ്ര. ബെന്നി ഒരു ദിവസം വെളിപാടു നടത്തി, “ഈ സഹോദരിയുടെ കുടുംബത്തിന് പുരോഹിത ശാപം നേരിട്ടിട്ടുണ്ട്. അതാണ് ഇവരുടെ ദുരിതങ്ങൾക്ക് കാരണം! അതിനാൽ അവർ കുടുംബമൊന്നാകെ വന്ന് ധ്യാനംകൂടി മാപ്പപേക്ഷിക്കണം.!!” ഇതുകേട്ട സഹോദരി എല്ലാവരുംകൂടി ചെന്ന് മാപ്പു പറയുന്നതിനായി വീട്ടിൽ ശല്യമുണ്ടാക്കാൻ തുടങ്ങി. പൊറുതിമുട്ടിയ അമ്മയും (പിതാവായ ഡോക്ടർ മരിച്ചുപോയിരുന്നു) സഹോദരങ്ങളും പ്രാർഥനാലയത്തിൽ വന്ന് ധ്യാനത്തിലും പ്രാർഥനയിലും പങ്കെടുത്ത് മാപ്പപേക്ഷിക്കുകയും ചെയ്തു.
പിന്നീടാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. ബ്ര.ബന്നി ഓരോരുത്തരെയായി കണ്ട് കുടുംബകാര്യങ്ങൾ കൃത്യമായി മനസിലാക്കി. അതോടെ ഈ കുടുബമാകെ പ്രശ്നത്തിലാണെന്നും ഇവർ തങ്ങളുടെ വരുതിയിലായെന്നും ബന്നിക്ക് മനസിലായി. അതോടെ കാഞ്ഞിരപ്പള്ളിക്കാരും ഡോക്ടറുടെ മക്കളുമായ ഇവരെ സിനിമയിലെ കഥയ്ക്ക് ഉപയോഗപ്പെടുത്താമെന്ന് പുരോഹിതരുമായി കൂടിയാലോചിച്ച് ബ്ര. ബെന്നി തീരുമാനിച്ചു. അതിൻപ്രകാരം സമ്പൂർണ പാപമോചനത്തിനായി ആ പുരോഹിതനെ നേരിൽ കണ്ട് മാപ്പപേക്ഷിക്കണമെന്ന് ബന്നി നിർദ്ദേശം വെച്ചു. തുടർന്ന് 2000 ജനുവരി 14നു ബ്രദർ  ബെന്നിയുടെ വാഹനമായ ചുവന്ന മാരുതിവാനിൽ മുടിയൂർക്കരയിലുള്ള (കോട്ടയം മെഡിക്കൽ കോളെജിനടുത്ത്) പ്രീസ്റ്റ് ഹോമിൽചെന്നു. പക്ഷാഘാതം വന്ന് തളർന്നു കിടന്നിരുന്ന ബനഡിക്റ്റിനെ കണ്ട് ബ്ര. ബെന്നി പറഞ്ഞുകൊടുത്ത മാപ്പപേക്ഷ ഏറ്റുപറഞ്ഞു! അപ്പോൾ മാത്രമാണ് അവരറിയുന്നത്, മറിയക്കുട്ടി കൊലക്കേസിലെ കുറ്റമാണ് തങ്ങളെക്കൊണ്ട് ഏറ്റെടുപ്പിച്ചതെന്ന്!
 ചിത്രത്തിൽ: ബ്രദർ ബെന്നി 
തങ്ങൾ വഞ്ചിപ്പെട്ടതായി മനസിലാക്കിയ അവർ അപ്പോൾത്തന്നെ അതു നിഷേധിക്കുകയും ചെയ്തു എന്ന് അവരിൽ ഒരാൾ ഞങ്ങളോട് നേരിൽ പറയുകയുണ്ടായി. ഇതറിഞ്ഞ അന്നത്തെ ബിഷപ്പ് പൗവ്വത്തിൽ ജനു.17നു ബനഡിക്റ്റിനെ സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പക്ഷെ, സംഭവം വാർത്തയാക്കേണ്ടെന്നു ബനഡിക്റ്റ് തന്നെ പറഞ്ഞു! കാരണം, സത്യമെന്തെന്ന് അറിയാമെന്നതിനാൽ താൻ വീണ്ടും കുഴപ്പത്തിലാകുമോ എന്ന് അദ്ദേഹം ഭയന്നിരുന്നത്രേ!. എന്നാൽ, രൂപതയുടെ കലാവിഭാഗം ഇതു സ്റ്റേജ് നാടകമാക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതറിഞ്ഞ്, ടി കുടുംബക്കാർ രൂപതാ ആസ്ഥാനത്തെത്തി, ആത്മഹത്യാഭീഷണി മുഴക്കി. അതെത്തുടർന്നാണ്, ആ ശ്രമം രൂപതാധികാരികൾ ഉപേക്ഷിക്കുന്നത്.
നാട്ടുകാരുടെ പരിഹാസവും അപമാനവും മൂലം നാട്ടിൽ ജീവിക്കാനാകാതെ അവർ കാഞ്ഞിരപ്പള്ളിയിലെ വസ്തു വിറ്റ് പത്തനംതിട്ടയിൽ രഹസ്യമായി താമസിക്കുകയാണിപ്പോൾ. (ഞങ്ങൾ തിരക്കി ചെന്നപ്പോൾ 'ഇവിടെയും സ്വസ്ഥത തരില്ലേ' എന്നാണ് ആ മനുഷ്യൻ ഇടറിയശബ്ദത്തിൽ ചോദിച്ചത്. ശത്രുക്കളല്ല, നിങ്ങളുടെ അപമാനത്തിന് പരിഹാരമുണ്ടാക്കാൻ വന്നവരാണെന്ന് പറഞ്ഞ് ഞങ്ങൾ സംസാരിക്കുകയും ഒടുവിൽ വളരെ സ്നേഹത്തോടെ പിരിയുകയുമാണ് ഉണ്ടായത്. പടവും വീഡിയോയും എടുത്തെങ്കിലും പ്രസിദ്ധീകരിക്കില്ലെന്ന് വാക്കു കൊടുത്തതിനാൽ ഇവിടെ ഇടാൻ കഴിയില്ല.)
അവിചാരിതമായി പരിപാടിയിൽ തടസം നേരിട്ടതിനാൽ 2000 നവംബർവരെയുള്ള 11 മാസത്തോളം കാലം ഈ 'മാപ്പുനാടകം' വാർത്ത മൂടിവെച്ചു. പ്രീസ്റ്റ് ഹോമിലെ ചാർജുകാരനും മാപ്പു ‘നാടക’ത്തിനു ചുക്കാൻ പിടിച്ചവരിൽ പ്രധാനിയുമായ ഫാ. ജോർജ് പെരിഞ്ചേരിമണ്ണിൽ ചട്ടംകെട്ടിയതനുസരിച്ച് നവംബർ 24നു മംഗളം ഏജന്റ് (ജോർഡി മലയിൽ) ടി വാർത്ത റിപ്പോർട്ടു ചെയ്യുകയാണുണ്ടായത്. പിറ്റേന്ന് ദീപികയും മനോരമയും അതേറ്റുപിടിച്ചു, തുടർന്ന് മാതൃഭൂമിയും...(തുടരും...) 
കടപ്പാട്: ജോർജ്ജ് ജോസഫ് 
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ വീഡിയോ 

മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 6

(ഭാഗം 6)
ഫാ.ബനഡിക്റ്റുമായി തെളിവെടുപ്പ് തുടർന്ന പൊലീസ്, കൊലയ്ക്കുപയോഗിച്ച കത്തി മന്ദമരുതി-മാടത്തരുവി റോഡിനെ മുറിച്ചുകടന്നു പോകുന്ന ചെറിയ തോടിന്റെ കരയിൽനിന്നും നാട്ടുകാർ നോക്കിനിൽക്കെ കണ്ടെടുത്തു. സംഭവദിവസം മിക്ക സാക്ഷികളും ബനഡിക്റ്റിൻ്റെ കൈയ്യിൽ കണ്ടിരുന്ന നീല ബാഗ് (കത്തിയും വസ്ത്രവും സൂക്ഷിക്കാനുപയോഗിച്ചത്), ധരിച്ചിരുന്ന ളോഹ(രകതം പുരണ്ടത്), 3 ബാറ്ററി ടോർച്ച്, കാലൻകുട എന്നിവ ബനഡിക്റ്റിൻ്റെ മുറിയിൽനിന്ന് കണ്ടെടുത്തു.
പൊലീസ് 42 സാക്ഷികളെ പ്രോസിക്യൂഷനുവേണ്ടി ഹാജരാക്കി. അവരിൽ, ജൂൺ 16നു രാവിലെ കുർബാന ചൊല്ലാതെ ബനഡിക്റ്റച്ചൻ ചില സാധനങ്ങൾ അനാഥാലയത്തിനു പുറകിലുള്ള വെട്ടുകല്ലുകുഴിയിലിട്ടു കത്തിക്കുന്നതു കണ്ടതായി മൊഴി കൊടുത്ത അനാഥാലയത്തിലെ കുശിനിക്കാരൻ, ചക്കരക്കടവിലെ ചുറ്റിക്കളികൾ സത്യസന്ധമായി പറഞ്ഞ ചക്കരക്കടവു പള്ളിയിലെ കപ്യാർ, അരമനയിലെ അലക്കുകാർ, റാഹേൽ, കാറുകാരൻ രാജു, അമ്മ മറിയാമ്മ, സഹോദരൻ ചാക്കോ, മകൾ കൊച്ചുത്രേസ്യ, തോട്ടമുടമ, എബ്രാഹം ബേബി എന്നിവർ മൊഴിയിലുറച്ചുനിന്നു. രാജു(ക്നാനായ യാക്കോബായ സഭ) ഒഴികെ ഇവരെല്ലാം കത്തോലിക്കരുമായിരുന്നു...! 6 സാക്ഷികളാണ് കൂറുമാറിയത്. മൃതദേഹം ആദ്യം കണ്ട തോട്ടം തൊഴിലാളി  ശാരദയെ കോടതിയിൽ സാക്ഷിയാക്കിയില്ല.
മറിയക്കുട്ടി ബഡിക്റ്റിനെ കാണാൻ പോയതിനു ഏക സാക്ഷിയായിരുന്നു മൂത്തമകൻ, പത്തുവയസുള്ള സിവിച്ചൻ. സാക്ഷി പറയാതിരിക്കാൻ വേണ്ടി, രൂപതയുടെ പിണയാളുകൾ സിവിച്ചനെ തട്ടിക്കൊണ്ടുപോയി ഒരു മാസത്തിലേറെ ഒളിവിൽ പാർപ്പിച്ചു. അതിനായി മറിയക്കുട്ടിയുടെ സ്വന്തം സഹോദരനായ തോമ്മായെയാണ് ഉപയോഗിച്ചത്! പൊലീസ് കസ്റ്റഡിയിലുള്ള തടവുകാരെ കാറ്റുകൊള്ളിക്കാനായി കടൽത്തീരത്തു കൊണ്ടുപോയ അവസരത്തിൽ തോമ്മാ പൊലീസിന്റെ 'കണ്ണുവെട്ടിച്ച്' സിവിച്ചനെ കടത്തിക്കൊണ്ടുപോയി എന്നാണ് കഥ. കടലിലൂടെ മൽസ്യബന്ധനവള്ളത്തിൽ സിവിച്ചനെ നീണ്ടകരയിൽ എത്തിക്കുകയും അവിടെനിന്ന് മൽസ്യബന്ധന ബോട്ടിൽ മംഗലാപുരത്തേക്ക് കടത്തിക്കൊണ്ടുപോകുകയും ആയിരുന്നു! ആലപ്പുഴയിലെ ഈപ്പച്ചൻ കോച്ചേരി എന്ന ധനികനാണ് ഇതിനു ചുക്കാൻ പിടിച്ചതെന്നാണ് പറയപ്പെടുന്നത്. പിന്നീട് കുട്ടിയെയും അമ്മാവനെയും ബംഗ്ലൂരിലേക്ക് കടത്തിയത് പാലാക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന കോടീശ്വരനാണെന്നും പറയപ്പെടുന്നു! (സഭയെ 'സംരക്ഷിക്കാ'നായി ഇത്തരം തെമ്മാടിപ്പട്ടക്കാരുടെ വിസർജ്യം ചുമക്കുന്ന പള്ളിഭടന്മാർ ഇന്നുമുണ്ടല്ലോ...പട്ടക്കാർ നന്നാവാൻ സമ്മതിക്കില്ലെന്നു പ്രതിജ്ഞയെടുത്ത ശുംഭന്മാർ! സഭയുടെ ഇന്നത്തെ ദുരവസ്ഥയുടെ പ്രധാന ഉത്തരവാദികൾ ഇത്തരം ആസനംതാങ്ങികളാണ്.) സിവിച്ചൻ മൊഴി കൊടുക്കുന്നപക്ഷം ചങ്ങനാശേരിയിൽ ജീവിക്കാൻ അനുവദിക്കില്ലെന്നു പള്ളിക്കാർ തന്നെ ഭീഷണിപ്പെടുത്തിയതിനാലാണ് തനിക്കുവേണ്ടി തോമ്മ അതു ചെയ്തതെന്നു കുഞ്ഞച്ചൻ പിന്നീട് പറഞ്ഞതായി ജ്യേഷ്ഠൻ ചാക്കോച്ചേട്ടൻ പറഞ്ഞു.
കുട്ടിയെ കാണാതായതിനെത്തുടർന്ന് മറിയാമ്മ നൽകിയ പരാതിമൂലം കോടതി ഇടപെട്ടാണ് സിവിച്ചനെ കോടതിയിൽ എത്തിച്ചത്. അപ്പോഴേക്കും അവനെ പാട്ടിലാക്കാൻ തല്പരകക്ഷികൾക്കു കഴിഞ്ഞതിനാൽ സിവിച്ചൻ മൊഴിമാറ്റി. കുഞ്ഞച്ചനും ഭാര്യയും കോടതിയിൽ മൊഴി മാറ്റി! ബനഡിക്റ്റിനെയും മറിയക്കുട്ടിയെയും തിരുവല്ലയിൽനിന്ന് മന്ദമരുതിയിൽ എത്തിച്ച ടാക്സി ഡ്രൈവർ മത്തായി ചാക്കോയും കൂറുമാറി, പ്രതിഭാഗം ചേർന്നു.
എന്നാൽ, കടുത്ത സമ്മർദ്ദമുണ്ടായിട്ടും ഉറച്ചുനിന്ന അമ്മ മറിയാമ്മയുടെയും മൂത്തകൾ കൊച്ചുത്രേസ്യയുടെയും സഹോദരൻ ചാക്കോയുടെയും മൊഴികൾ മറിയക്കുട്ടിയും ബനഡിക്റ്റുമായുള്ള ബന്ധം തെളിയിക്കാൻ പോന്നത്ര വളരെ ശക്തമായിരുന്നു. സമാനമായ മറ്റുമൊഴികളും ബനഡിക്റ്റിന്റെ പങ്ക് ഉറപ്പാക്കുന്ന തരത്തിലായിരുന്നു. ഇവരാരും ബനഡിക്റ്റിന്റെ പരിചയക്കാരോ വിരോധികളോ ആയിരുന്നില്ല. പക്ഷെ, അരമനയിലെ പുരോഹിതർ ബനഡിക്റ്റിന് അനുകൂലമായി കോടതിയിൽ മൊഴി നൽകി. ഇതേത്തുടർന്ന് മനസുമാറിയ ബനഡിക്റ്റ് മറിയക്കുട്ടിയെ അറിയില്ലെന്നും പൊലീസ് മർദ്ദിച്ച് കുറ്റസമ്മതം നടത്തിയതാണെന്നുംവരെ കോടതിയിൽ പറഞ്ഞുകളഞ്ഞു!!
പക്ഷെ, ശക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റം തെളിഞ്ഞതിനാൽ കോടതി ബനഡിക്റ്റിനു വധശിക്ഷ വിധിച്ചു-1966 നവംബർ 18!
കുറ്റബോധത്താൽ നീറിയ ബനഡിക്റ്റ് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായിരുന്നു. എന്നാൽ, അഭിമാനക്ഷതം നേരിട്ട രൂപതയിലെ പുരോഹിതസംഘവും സഭാപ്രമാണിസംഘവും ചേർന്ന് പ്രത്യേക പണപ്പിരിവു നടത്തി, കേരള ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.. അന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ അഡ്വ. എ.എസ്.ആർ.ചാരിയെന്ന സുപ്രീംകോടതി അഭിഭാഷകനെ ഹാജരാക്കി ബനഡിക്റ്റിനുവേണ്ടി വാദിച്ചു... ഒരു മാസത്തിലേറെ മണ്ണിലും മഴയിലും കിടന്ന കത്തിയിൽ തുരുമ്പു പിടിക്കാതെ രക്തക്കറ കണ്ടെത്തിയെന്ന ഫോറൻസിക് റിപ്പോർട്ട് സ്വീകാര്യമല്ല, പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തിയില്ല, മറിയാമ്മ, കൊച്ചുത്രേസ്യ, ചാക്കോ എന്നിവരുടെ മൊഴികളിൽ നല്ലൊരുപങ്ക് വെറും കേട്ടുകേൾവികളാണ്, കൃത്യത്തിനുമുൻപും ശേഷവും ബനഡിക്റ്റിനെ കണ്ടതായിപ്പറയുന്ന സാക്ഷിമൊഴികൾ കൃത്രിമമായി തോന്നി, അലക്കുകാരൻ അലക്കടയാളം തിരിച്ചറിഞ്ഞത് സംശയകരമാണ്, ആൾസഞ്ചാരമുള്ള റോഡിലെ കഠിനമായ പ്രതലത്തിൽ ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നത് വിചിത്രമാണ്, പ്രതി പുരോഹിത വേഷമായ ളോഹ ധരിച്ച് കൃത്യത്തിനു പോകുകയും തിരിച്ചുവരികയും ചെയ്തു എന്നത് അവിശ്വസനീയമാണ് എന്നിങ്ങിനെയുള്ള ദുർബലവും വിചിത്രവുമായ തൊടുന്യായങ്ങൾ നിരത്തിക്കൊണ്ട് കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നും മറിയക്കുട്ടിയുടെ തൊഴിലിന്റെ ഭാഗമായി മന്ദമരുതിയിൽ എത്തിയതായിരിക്കാമെന്നും മറിയക്കുട്ടിയിൽ അഭയം തേടിയവരിലാരോ ഒന്നിലേറെ ആയുധങ്ങൾ ഉപയോഗിച്ച് അവളെ കൊലപ്പെടുത്തിയതാകാം എന്നുമുള്ള പ്രതിഭാഗം വാദത്തെക്കുറിച്ച് തങ്ങൾ അഭിപ്രായം പറയാൻ മുതിരുന്നില്ലെന്നും പറഞ്ഞുകൊണ്ട് ആക്റ്റിങ് ചീഫ് ജസ്റ്റീസ് പി.റ്റി. രാമൻനായർ, ജ. V. P. ഗോപാലൻനമ്പ്യാർ എന്നിവർ ചേർന്ന ബഞ്ച് ബനഡിക്റ്റിനെ 1967 ഏപ്രിൽ 7ൽ മോചിപ്പിച്ചു.
ഇതിനിടയിൽ, 1967 മാർച്ച് 3ന് ഈ.എം.എസ്. മന്ത്രിസഭ അധികാരത്തിൽ വന്നെങ്കിലും വിമോചനസമരത്തിന്റെ ഭീതിയിൽനിന്നും മോചിതരാവാതിരുന്ന ആ കമ്യൂണിസ്റ്റു സർക്കാർ, ശക്തമായ രാഷ്ട്രീയസമ്മർദ്ദങ്ങൾക്കു വഴങ്ങി. അങ്ങനെ അപ്പീൽ പോകേണ്ടിയിരുന്ന സർക്കാർ, സഭാധികാരികളെ പ്രീതിപ്പെടുത്താനായി, സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാതെ പള്ളിയെയും പട്ടക്കാരനെയും രക്ഷിച്ചു!!
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ് 
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ വീഡിയോ 
(വിധിയിലെ പ്രസക്തഭാഗങ്ങൾ ചുവടെ)
https://www.casemine.com/judgement/in/56b49658607dba348f018488#








മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 5


1966 ജൂൺ 4. പതിവുപോലെ അച്ചനെ സന്ധിക്കാനും പണം വാങ്ങാനുമായി ചങ്ങനാശേരിയിലെ പ്രസ്സിൽ ജോയിമോനുമായിവന്ന മറിയക്കുട്ടിയോട് ജൂൺ 15നു കുട്ടിയെ കൂടാതെ വരണമെന്നും ഒരു വീടും സ്ഥലവും കണ്ടുവെച്ചിട്ടുണ്ടെന്നും അവിടെ പോകുമ്പോൾ കുട്ടി ഒരു തടസമാണെന്നും ഫാ.ബനഡിക്റ്റ് പറഞ്ഞയച്ചു. അതനുസരിച്ച് ജൂൺ 15ന് വന്ന മറിയക്കുട്ടി, ചങ്ങനാശേരിയിൽത്തന്നെ താമസിക്കുന്ന സഹോദരനായ കുഞ്ഞച്ചൻ എന്നു വിളിക്കപ്പെടുന്ന ഫീലിപ്പോസിന്റെ വീട്ടിലാണ് ആദ്യമെത്തിയത്. അവിടെ നിന്നുമാണ് അവർ ബനഡിക്റ്റച്ചന്റെയടുത്തേക്ക് ചെന്നത്. അനാഥാലയത്തിലെത്തിയ മറിയക്കുട്ടിയെയുംകൂട്ടി ഫാ. ബനഡിക്റ്റ് വീടു കാണാനായുള്ള യാത്ര ആരംഭിച്ചു. ബനഡിക്റ്റ് മുൻപ് വികാരിയായിരുന്ന കണ്ണമ്പള്ളിക്കടത്തുള്ള മന്ദമരുതിയായിരുന്നു ലക്ഷ്യം. ഈ സ്ഥലം അദ്ദേഹത്തിനു പരിചിതമായിരുന്നല്ലോ. അസമയത്ത് മന്ദമരുതിയിൽ വന്നിറങ്ങിയ യുവാവിനെയും യുവതിയെയും താൻ കണ്ടെന്നു കൊപ്ര അട്ടിയിലെ പണിക്കാരൻ എബ്രാഹം ബേബി പറഞ്ഞത് ഇവരെയാണോ? ഒരു പക്ഷെ, അയാൾ കണ്ടത് ഫാദർ ബെനഡിക്റ്റ്  ഓണംകുളത്തെ  തന്നെയാണോ?
പൊലീസിന് ഫാ. ബനഡിക്റ്റ് തന്നെയാണ് മന്ദമരുതിയിലും റാന്നിയിലും ഉണ്ടായിരുന്നതെന്ന് ഉറപ്പാക്കണം. ഡിവൈഎസ്പി രാമനാഥന്റെയും സി.ഐ. കെ.എം.ജോസഫിന്റെയും നേതൃത്വത്തിൽ  രാജുവിനെയും ബേബിയേയുംകൊണ്ട് ചങ്ങനാശേരി ബിഷപ്പിന്റെ അരമനയിലെത്തി. (അന്ന് ബിഷപ്പ് ഹൗസുകൾ അരമന എന്നാണ് വിളിക്കപ്പെട്ടിരുന്നത്.) രാജുവിനെയും ബേബിയെയും മുറ്റത്തിറക്കിയശേഷം ആരെങ്കിലും ഇറങ്ങിയോടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്നു പറഞ്ഞ് ഓഫീസറന്മാർ അകത്തേക്കു പോയത്രേ! അല്പം കഴിഞ്ഞ് ഇറങ്ങിവന്ന അവർ രാജുവിനെയും ബേബിയെയും വീണ്ടും വാഹനത്തിൽക്കയറ്റി അവിടെനിന്നിറങ്ങി അരമനയ്ക്കു മുൻപിലുള്ള പ്രസിന്റെ മുറ്റത്തേക്കു കയറി. വാഹനത്തിൽ പൊലീസിനെ കണ്ടയുടനെ ഒരു വൈദികൻ മുറിയിൽനിന്നിറങ്ങി വരാന്തയിലൂടെ പിൻവശത്തേക്കു പോകുന്നത് വണ്ടിയിലിരുന്ന രാജുവും ബേബിയും കണ്ടു, തിരിച്ചറിഞ്ഞു. ഓഫീസറന്മാർ പുറകെ ചെന്ന് പേരു ചോദിക്കുകയും ചില അച്ചടി ജോലികൾ ഏൽപ്പിക്കാനായി നിരക്കറിയാൻ വന്നതാണെന്ന് പറയുകയും ചെയ്ത് ഓഫീസിലേക്ക് കയറി. അല്പസമയത്തിനുശേഷം തിരികെ പോരുകയും ചെയ്തു.
പ്രസിൽ കണ്ട അച്ചനെയാണ് തങ്ങൾ തിരുവല്ലയിൽ കൊണ്ടുവിട്ടതെന്ന് അവർ സാക്ഷ്യപ്പെടുത്തി! അതോടെ തങ്ങളുടെ അന്വേഷണം പാഴായില്ലെന്നും ഫാ. ബനഡിക്റ്റാണ് കൊലയാളിയെന്നും പൊലീസ് ഉറപ്പാക്കി. പക്ഷെ, വിമോചനസമരത്തിലൂടെ സർക്കാരിനെവരെ വീഴിച്ച് ഉഗ്രപ്രതാപിയായി കത്തോലിക്കസഭ കത്തിജ്ജ്വലിച്ചുനിൽക്കുന്ന സമയത്ത്, ഒരു കത്തോലിക്കാ പുരോഹിതനെ കൊലക്കേസിൽ പ്രതിയായി അറസ്റ്റു ചെയ്യുന്നതിലെ അപകടം പൊലീസ് തിരിച്ചറിഞ്ഞു. അതും ആ സമരത്തിനു നേതൃത്വം നൽകിയ ബിഷപ്പ് കാവുകാട്ടിന്റെ കീഴിലുള്ള ഒരു പുരോഹിതൻ! അതിനാൽ ചങ്ങനാശേരിയിൽവെച്ചുള്ള അറസ്റ്റ് ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചു. അതിനാൽ പൊലീസ് തന്ത്രപൂർവമായ ഒരു നീക്കം നടത്തി. അന്വേഷണോദ്യോഗസ്ഥർ കാവുകാട്ട് ബിഷപ്പിനെ കണ്ട് പൊലീസ് കസ്റ്റഡിയിലുള്ള മടുക്കക്കുഴിയച്ചനെ വിട്ടയയ്ക്കണമെങ്കിൽ ഫാ. ബനഡിക്റ്റുകൂടി മൊഴി നൽകണമെന്നും അതിനായി ബനഡിക്റ്റച്ചനെ കൊല്ലം പൊലീസ് ക്ലബ്ബിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു! മാന്യനായിരുന്ന കാവുകാട്ട് മെത്രാൻ ആലോചിച്ച് പറയാമെന്ന് പറഞ്ഞ് അവരെ മടക്കി അയച്ചു.
ബിഷപ്പ് ബനഡിക്റ്റച്ചനെ വിളിപ്പിച്ച് കാര്യങ്ങൾ തിരക്കി. തനിക്ക് കുരുക്കു മുറുകി എന്നു മനസിലാക്കിയ ഫാ. ബനഡിക്റ്റ് തെറ്റുപറ്റിയെന്നു പറഞ്ഞ് ബിഷപ്പിനോട് മാപ്പപേക്ഷിച്ചുവത്രെ! രൂപതയുടെ കേസു നടത്തുന്ന വക്കീലായ എ.എ.ജോസഫിനെ കൂട്ടി കാറിൽ വൈകുന്നേരം ബനഡിക്റ്റച്ചനെ കൊല്ലം പൊലീസ് ക്ലബ്ബിലേക്കയച്ചു; രാത്രിയിൽ കൊല്ലത്തെത്താൻ പാകത്തിന്! കൊല്ലം പൊലീസ് ക്ലബ്ബിലെത്തിയ ഫാ.ബനഡിക്റ്റിനെ ഏറ്റുവാങ്ങിയ പൊലീസ്, അച്ചനെ പിറ്റേന്ന് അരമനയിൽ തിരിച്ചെത്തിക്കാം എന്നു പറഞ്ഞ് വക്കീലിനെ വന്ന കാറിൽത്തന്നെ തിരിച്ചയച്ചു.
ചിത്രം-ജോയിമോൻ-2011ഏപ്രിലിൽ
അന്നു രാത്രിയിൽ അച്ചനെ ഉറങ്ങാൻ വിട്ട പൊലീസ് പിറ്റേന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. മടുക്കക്കുഴിയുടെ അനുഭവവും തെളിവുകളുടെ ബാഹുല്യവും ഫാ. ബനഡിക്റ്റിനെ തളർത്തി....! ഒരേ ഒരടി മാത്രമെ അദ്ദേഹത്തിനു നൽകേണ്ടി വന്നള്ളു എന്നാണ് അന്വേഷണോദ്യോഗസ്ഥൻ DySP കെ.വി.രാമനാഥൻ പറഞ്ഞതെന്ന് പത്രപ്രവർത്തകൻ കെ.എം.റോയി അനുസ്മരിക്കുന്നു. മാത്രമല്ല, പൊലീസ് തന്നെ മർദ്ദിച്ചില്ലെന്നും മർദ്ദിക്കാൻ തുനിഞ്ഞ കോൺസ്റ്റബിളിനെ രാമനാഥൻ തടഞ്ഞതായും ഫാ. ബനഡിക്റ്റ് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ആദ്യത്തെ അടിയോടെ എല്ലാം വിശദമായി ബനഡിക്റ്റ് പറഞ്ഞുകൊടുത്ത് കുറ്റം സമ്മതിച്ചത്രെ!! മന്ദമരുതിയിൽ മത്തായി ചാക്കോയുടെ (KLA 1542)കാറിലാണ് എത്തിയതെന്നും തിരുവല്ലയിൽനിന്നും ചങ്ങനാശേരിയിലെ അനാഥാലയത്തിൽ എത്തിയത് മുഹമ്മദ് നൂഹ് എന്നയാളുടെ ടാക്സിക്കാറിൽ (KLA 1634) വെളുപ്പിനു 4 മണിക്കാണെന്നും ഫാ. ബനഡിക്റ്റ് പറഞ്ഞു. 10 രൂപ നൽകി കാറിനു 9രൂ20പൈസയ്ക്ക് പെട്രോളടിച്ചിട്ടു പമ്പിൽനിന്നും ബാക്കി വാങ്ങാതെ ധൃതിയിൽ പോന്ന കാര്യം കാറുകാരൻ രാജു മറന്നെങ്കിലും അതു ബനഡിക്റ്റ് ഓർത്തു പറഞ്ഞത് പൊലീസിനെപ്പോലും അത്ഭുതപ്പെടുത്തി! (പെട്രോൾ പമ്പ് ജീവനക്കാരൻ തോമസ് ഇടിക്കുള ഇക്കാര്യം സാക്ഷി പറഞ്ഞിട്ടുണ്ട്’) അവസാനനിമിഷവും മറിയക്കുട്ടിയുടെ ശരീരം അനുഭവിച്ചശേഷമാണ് കൊല നടത്തിയതെന്ന പട്ടക്കാരന്റെ മൊഴി ഞെട്ടലോടെയാണ് പൊലിസ് കേട്ടത്. ആലസ്യത്തിലായിരുന്ന മറിയക്കുട്ടിയുടെ തലയിൽ നെറുക ലക്ഷ്യമാക്കിയാണ് ടോർച്ചുകൊണ്ടു അടിച്ചതെങ്കിലും ഉന്നംതെറ്റി മുഖത്തായിപ്പോയി! വേദനയിൽ മറിയക്കുട്ടി നിലവിളിച്ചപ്പോഴാണത്രെ കഴുത്തു മുറിച്ചത്!!!
വിഷയത്തിന്റെ ഗൗരവം മനസിലാക്കിയിരുന്ന ഡി.വൈ.എസ്.പി. രാമനാഥൻ ഫാ.ബനഡിക്റ്റിന്റെ മൊഴി മുഴുവൻ റെക്കോർഡു ചെയ്തിരുന്നു. ഫാ.ബനഡിക്റ്റ് കുടുക്കിലാകുമെന്നു മനസിലാക്കിയ സഭാധികാരികളും സമുദായത്തിലെ മറ്റു പ്രമാണിമാരും, കേസ് റഫർ ചെയ്തു കളയാൻ തന്റെമേൽ അതിഭയങ്കരമായ സമ്മർദ്ദം ചെലുത്തിയതായി അദ്ദേഹം പറഞ്ഞത് പത്രപ്രവർത്തകനായ ശ്രീ. കെ.എം.റോയി ഓർക്കുന്നു. അതിനായി എത്ര പണം വേണമെങ്കിലും മുടക്കാൻ അവർ തയ്യാറായിരുന്നുവത്രെ! ഗവർണർക്ക് നിവേദനം നൽകുകയും ചെയ്തു.
DySP രാമനാഥൻ തന്റെ മേലധികാരികളെ വിവരങ്ങൾ ധരിപ്പിച്ചു.
സ്കോട്ട്ലണ്ട് യാർഡിൽ പരിശീലനം ലഭിച്ച ജയറാം പടിക്കലായിരുന്നു അന്ന് ജില്ലാ പൊലീസ് സൂപ്രണ്ട്. കാര്യത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ മേലധികാരികൾ ഒരു നിർദ്ദേശംവെച്ചു: ബിഷപ്ഹൗസിൽ പോയി ആർച്ചുബിഷപ്പ് കാവുകാട്ടിനെക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുക. അദ്ദേഹം സമ്മതിക്കുന്നില്ലെങ്കിൽ വേണ്ടത്ര തെളിവില്ലെന്നപേരിൽ കേസ് റഫർ ചെയ്തുകളയുക!
നിർദ്ദേശപ്രകാരം DySP രാമനാഥൻ ജൂലൈ 31ന് ചങ്ങനാശേരി അരമനയിലെത്തി, ബിഷപ്പ് മാർ കാവുകാട്ടിലിനെ ആ മൊഴിയും കുറ്റസമ്മതവും കേൾപ്പിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എല്ലാം കേട്ട് തളർന്ന കാവുകാട്ടു മെത്രാൻ, ബനഡിക്റ്റ് കൊല ചെയ്തെന്നു പൊലീസിനു ബോധ്യമായെങ്കിൽ അറസ്റ്റു ചെയ്തുകൊള്ളാൻ പറഞ്ഞു. അങ്ങനെ ജൂലൈ 26-നു പൊലീസ് കസ്റ്റഡിയിലെടുത്ത ബനഡിക്റ്റിന്റെ അറസ്റ്റ്, ആഗസ്റ്റ് 1-നു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പൊലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്ന പതിവു കോടതിചോദ്യത്തിനു ‘ഒന്നുമില്ല, പൊലീസ് ഉപദ്രവിച്ചില്ല’ എന്നാണ് ഫാ.ബനഡിക്റ്റ് മറുപടി പറഞ്ഞത്. ഫാ.ബനഡിക്ററ്റ് ഓണംകുളത്തിന്റെ അറസ്റ്റുവാർത്ത കേട്ട് മലയാളനാട് നടുങ്ങി. കേരളം അന്നു രാഷ്ട്രപതി ഭരണത്തിലായിരുന്നു.
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ് 
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ വീഡിയോ 

മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 4

(ഭാഗം-4)
മറിയക്കുട്ടിയുമായുള്ള നിരന്തര സമ്പർക്കവും മറിയക്കുട്ടിയുടെ സൗന്ദര്യവും മുപ്പത്തേഴുവയസുമാത്രം പ്രായമുള്ള, ആരോഗദൃഡഗാത്രനായ ബനഡിക്റ്റിനെ കുഴിയിൽ വീഴ്ത്തി! പക്ഷെ, കളി കാര്യമായി, മറിയക്കുട്ടി ഗർഭിണിയായി! മൂന്നാം ഭർത്താവിനു തളർവാതം പിടിപെട്ട് ഒരു വർഷത്തോളമായിരുന്നു! അപ്പോഴാണ് ഈ ഗർഭം! ഇത് കലഹകാരണമായി. തുടർന്നുണ്ടായ വഴക്കിനൊടുവിൽ ഭർത്താവ് പിണങ്ങി ആദ്യവിവാഹത്തിലെ മക്കളോടൊപ്പം പോയി. ഇതേത്തുടർന്ന് മറിയക്കുട്ടിയും ബനഡിക്റ്റുമായുള്ള അവിഹിതബന്ധം നാട്ടിൽ പാട്ടായി.
ഇതു വിവാദമായതിനെത്തുടർന്ന് ചങ്ങനാശേരി ബിഷപ്പ് കാവുകാട്ട് ഉടനെതന്നെ അദ്ദേഹത്തെ ഇടവകഭരണത്തിൽനിന്ന് ഒഴിവാക്കി, ചങ്ങനാശേരി മെത്രാസനമന്ദിരത്തിനു മുൻപിൽത്തന്നെയുള്ള സെന്റ് ജോസഫ്സ് ഓർഫനേജ് ആൻഡ് പ്രിന്റിങ് പ്രസിന്റെ മാനേജരായി നിയമിച്ചു. (ഇപ്പോഴും ഇങ്ങനെതന്നെയാണ് സഭാധികാരികൾ പട്ടക്കാരെ സംരക്ഷിക്കുക... പട്ടക്കാർക്ക് അവിഹിതബന്ധമാവാം; ആരും അറിയരുതെന്നുമാത്രം. അറിഞ്ഞാൽ, ഇവർ മൂലം സ്ത്രീകൾ ഗർഭിണികളായാൽ, പുരോഹിതരെ വിദേശത്തേക്കും സ്ത്രീകളെ രഹസ്യകേന്ദ്രത്തിലേക്കും നാടുകടത്തിക്കളയും...! 2015ൽ രണ്ടു കന്യാസ്ത്രീകളെ ഒന്നിച്ച് ഗർഭിണികളാക്കിയ ഒരു ധ്യാനഗുരുവിനെ അമേരിക്കയിലേക്കും സന്യാസിനികളെ ഒരു ആശുപത്രിയിലേക്കും മാറ്റിക്കളഞ്ഞു!! ആശുപത്രികൊണ്ട് അങ്ങനെയും ഉപകാരമുണ്ട്...!)
കാലത്തിന്റെ തികവിൽ മറിയക്കുട്ടി ആൺകുഞ്ഞിനെ പ്രസവിച്ചു. അവൻ ജോയിമോൻ എന്നു വിളിക്കപ്പെട്ടു. ദരിദ്രയായിരുന്ന മറിയക്കുട്ടി ജീവിക്കാൻ കൂടുതൽ ബുദ്ധിമുട്ടി. അതിനാൽ ഉത്തരവാദിയെത്തന്നെ പരിഹാരത്തിനായി സമീപിച്ചു. കൈക്കുഞ്ഞുമായി ബനഡിക്റ്റിനു ചുമതലയുള്ള ചങ്ങനാശേരിയിലെ അനാഥാലയ പ്രസിലെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അതിനെത്തുടർന്ന് ബനഡിക്റ്റ് ഒരു വാഗ്ദാനം നൽകി. മാസത്തിൽ രണ്ടു തവണയായി ചെലവുകാശ് തരാം. അതിൻപ്രകാരം മറിയക്കുട്ടി വരികയും ബനഡിക്റ്റിന്റെ കൈയിൽനിന്നും ചെലവിനുള്ള പണവും പാരിതോഷികവും വാങ്ങിക്കൊണ്ടിരിക്കുകയും ചെയ്തു. അനാഥാലയത്തിന്റെ സൗകര്യത്തിൽ ആ ‘ബന്ധം’ തുടർന്നുകൊണ്ടിരുന്നു. ഇത് രൂപതയിലെ വൈദികർക്കും ബിഷപ്പിനും വലിയ ശല്യമായി മാറി. അവർ ബനഡിക്റ്റിനെ ശകാരിക്കുകയും ഇതിനു പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, മറിയക്കുട്ടിയെ ഇഷ്ടപ്പെട്ടിരുന്ന ബനഡിക്റ്റ് അതവഗണിച്ചു. എങ്കിൽ, കുപ്പായമൂരി വിവാഹം കഴിച്ച് ജീവിക്കണമെന്നായി ഒരു വിഭാഗം വൈദികർ. ഈ നിർദ്ദേശം ഫാ.ബനഡിക്റ്റ് മറിയക്കുട്ടിയോട് പങ്കുവെച്ചു; അവൾക്കും സമ്മതം... ഫാ.ബനഡിക്റ്റ് മറിയക്കുട്ടിയെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. ഇതോടെ മറിയക്കുട്ടി വിവാഹത്തിനായി ബനഡിക്റ്റിനെ നിർബന്ധിക്കാൻ തുടങ്ങി.
ചിത്രത്തിൽ: തോട്ടമുടമ ചാവുമ്മണ്ണിൽ തൊമ്മിയുടെ മകൻ ബേബി-55വയസ്, KCRM അന്വേഷണസംഘവുമായി തോട്ടത്തിലെ കൊലപാതകസ്ഥലത്തിനു സമീപംനിന്ന് സംസാരിക്കുന്നു- 2011ഫെബ്രുവരി. 
ഒരിക്കൽ മൂത്തകുട്ടിയായ സിവിച്ചനുമായിട്ടാണ് മറിയക്കുട്ടി ബനഡിക്റ്റിനെക്കാണാൻ ചെന്നത്.  ഒരു പരിഹാരം കണ്ടെത്താനായി അരമനയിലെ തന്റെ സുഹൃത് വൈദികരുമായി അദ്ദേഹം കൂടിയാലോചിച്ചു! (ആ ആലോചനയാണത്രെ അദ്ദേഹത്തെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. ദുഷ്ടന്മാരായ ഉപദേശകർ അദ്ദേഹത്തിന്റെ മസ്തിഷ്ക്കപ്രക്ഷാളനം നടത്തിക്കളഞ്ഞു!)
ഈ ചർച്ചയെത്തുടർന്ന് പ്രശ്നപരിഹാരത്തിനായി പുരോഹിതരടങ്ങിയ ഒരു ദൗത്യസംഘം ഒരു കാറിൽ ചക്കരക്കടവ് പള്ളിയിൽ ചെന്ന് അവിടേയ്ക്ക് മറിയക്കുട്ടിയെ വിളിച്ചു വരുത്തി, അനുനയചർച്ച നടത്തിയതായി മറിയക്കുട്ടിയുടെ സഹോദരൻ ചക്കോച്ചേട്ടൻ ഓർക്കുന്നു. 'ജോയിക്കുട്ടിയെ വളർത്തുന്നതിനായി കുറച്ചു പണം തരും. മേലിൽ ബനഡിക്റ്റിനെ കാണുകയൊ ബന്ധപ്പെടുകയൊ പണം ചോദിച്ച് ശല്യപ്പെടുത്തുകയൊ ചെയ്യാൻ പാടില്ല'- ഇതായിരുന്നു ഒത്തുതീർപ്പു നിർദ്ദേശം. മറിയക്കുട്ടി അതു നിരസിച്ചു. ബനഡിക്റ്റ് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യത്തിൽ അവൾ ഉറച്ചുനിന്നു.
ചിത്രത്തിൽ: മാറിയകുട്ടിയുടെ മകൻ ജോയിമോൻ 46വയസ്. 2011ഫെബ്രുവരിയിൽ
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ് 
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ വീഡിയോ 

മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 3

(ഭാഗം-3)
ചായക്കടയിലെ ഈ ചർച്ച പൊലീസിന്റെ ചെവിയിലെത്തി. കാറുടമ രാജുവിനെയും രാജുവിന്റെ കാർ വിളിച്ചുകൊടുത്ത് ഒപ്പം പോയ ബേബിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
പിറ്റേന്നു രാവിലെ കൊടുക്കേണ്ടതായ ഒരു അത്യാവശ്യ ജോലി സഹപ്രവർത്തകൻ കുര്യാക്കോസിനോടൊപ്പം, ചന്ദ്രിക വർക്ക് ഷോപ്പിൽ, ചെയ്തുകൊണ്ടിരുന്ന ബേബിയെ ഒരച്ചൻ വന്ന് വിളിച്ച് ആശുപത്രിയിൽ പോകാനായി ഒരു ടാക്സിക്കാർ കിട്ടുമോ എന്നു തിരക്കിയതായും അടുത്തുള്ള ലോഡ്ജിൽ ഒരാൾ കാറുമായി തങ്ങുന്നതിനാൽ ചോദിച്ചു നോക്കാമെന്നു പറഞ്ഞ് രാജുവിനെ വിളിച്ചേല്പിച്ചതായും ബേബി മൊഴി കൊടുത്തു.
കാറിൽ പെട്രോൾ കുറവായിരുന്നതിനാൽ അടുത്ത പമ്പിൽനിന്നും പെട്രോളടിച്ചുവെന്നും അർദ്ധരാത്രിയിൽ അപരിചിതനോടൊപ്പം ഒറ്റയ്ക്കു പോകാനുള്ള മടി കാരണം ബേബിയെക്കൂടെ കൂട്ടി കാറിൽ ഒരു വൈദിക വേഷധാരിയെ തിരുവല്ല കുരിശുകവലയിൽ കൊണ്ടുപോയി വിട്ടുവെന്നും രാജു മൊഴി കൊടുത്തു. ആ ‘പുരോഹിതൻ’ ചങ്ങനാശേരിക്കാരൻ ആണെന്നാണ് പറഞ്ഞതെന്നും അപ്പൻ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കിടക്കുന്നതിനാൽ കാണാനാണ് രാത്രിയിൽത്തന്നെ പോകുന്നതെന്നു പറഞ്ഞെന്നും തങ്ങൾ തിരുവല്ല റെയിൽവേ സ്റ്റേഷനിൽപോയി കട്ടൻ കാപ്പികുടിച്ചു തിരിച്ചു വരുമ്പോഴും അയാൾ തങ്ങൾ ഇറക്കിയ സ്ഥലത്തുതന്നെ നിൽക്കുന്നതു കണ്ടതിനാൽ കൊണ്ടുപോയി വിടണമോ എന്ന് ചോദിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞ് മടക്കി അയച്ചെന്നും അയാളെ കണ്ടാൽ തിരിച്ചറിയാമെന്നും രാജു പറഞ്ഞു.
ചിത്രം: മറിയക്കുട്ടിയുടെ മൃതദേഹം ആദ്യമായി കണ്ട തോട്ടംതൊഴിലാളി ശാരദ (2010 ഡിസംബറിൽ)
ഈ സുചനകൾവെച്ച് പൊലീസിന്റെ അന്വേഷണം ചങ്ങനാശേരിയിലേക്കും ആലപ്പുഴയിലേക്കും നീണ്ടു. അങ്ങനെ പൊലീസിനു മറിയക്കുട്ടിയുമായി ബന്ധമുണ്ടായിരുന്ന പുരോഹിതനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.
മറിയക്കുട്ടിയുടെ മൃതദേഹം കിടന്നിരുന്ന ബെഡ് ഷീറ്റിലെ അലക്കടയാളം ഒരു വഴികാട്ടിയായി. ചങ്ങനാശേരി അരമനയിലെ അലക്കുകാരൻ ഔസേപ്പ് അലക്കടയാളം തിരിച്ചറിഞ്ഞ്, അത് അലക്കാനായി തന്നെ ഏല്പിച്ച ആളിൻ്റെ പേരു പറഞ്ഞു- അനാഥാലയത്തിന്റെ ചാർജുകാരനായ ബനഡിക്റ്റച്ചൻ!
1959ലാണ് ഫാ.ബനഡിക്റ്റ് ഓണംകുളം പട്ടമേറ്റത്. ജ്യേഷ്ഠസഹോദരൻ സെബാസ്റ്റ്യൻ ജോസഫും പുരോഹിതനാണ്. സിസ്റ്റർ ഗ്ലോറിയ SABS, സിസ്റ്റർ അമല SABS എന്നിവർ സഹോദരിമാരാണ്. കാഞ്ഞിരപ്പള്ളിയിൽ സഹായിയായി പ്രവർത്തിച്ചശേഷം, മുപ്പത്തിരണ്ടുകാരനായ ഫ. ബനഡിക്റ്റ്  സെന്റ് മേരീസ് പള്ളി  (St. Mary's Church, Kannampally, Ranni - Perunnadu) റാന്നിക്കടുത്ത് കണ്ണമ്പള്ളിപ്പള്ളിയിൽ 1960-62 കാലയളവിൽ വികാരിയായിരുന്നു. മന്ദമരുതിയിൽനിന്ന് നടന്നാണ് അക്കാലത്ത് കണ്ണമ്പള്ളിയിലേക്ക് പോയിരുന്നത്. അതിനാൽത്തന്നെ അവിടം അദ്ദേഹത്തിനു പരിചിതമായി. കണ്ണമ്പള്ളിയിൽ ജോലി ചെയ്യവെ, ചില അടക്കംപറച്ചിലുകൾ ഉണ്ടായതിനെത്തുടർന്ന്, 1962 മെയ് മാസത്തിൽ അദ്ദേഹം ആലപ്പുഴ ചക്കരക്കടവു പള്ളിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു.
നിർദ്ധനയായ മറിയക്കുട്ടി അയൽ ഇടവകയായ ആലപ്പുഴ തത്തമ്പള്ളി സെന്റ് മൈക്കിൾസ് പള്ളിയിലെ അംഗവും, നാല്പതുകാരിയും, 4 കുട്ടികളുടെ അമ്മയുമായിരുന്നു. എങ്കിലും യൗവനം നിറഞ്ഞുനിന്നിരുന്ന അതിസുന്ദരിയായിരുന്നു മറിയക്കുട്ടി. മറിയക്കുട്ടിയുടെ ആദ്യത്തെ രണ്ടു ഭർത്താക്കന്മാരും മരിച്ചതിനാൽ മൂന്നാമതും അവൾ വിവാഹം കഴിച്ചു. ആദ്യഭർത്താവിൽനിന്നും കൊച്ചുത്രേസ്യയും ചിന്നമ്മയും, മൂന്നാംഭർത്താവായ കുഞ്ഞച്ചനിൽനിന്ന് സിവിച്ചൻ, തങ്കച്ചൻ എന്നിങ്ങനെ രണ്ട് ആൺകുട്ടികളും ഉണ്ടായി. (രണ്ടാമത്തെ ഭർത്താവായ ദേവസിയിൽ കുട്ടികളില്ല.) എന്നാൽ, മൂന്നു വർഷമായി കുഞ്ഞച്ചൻ തളർവാതം പിടിപെട്ട് കിടപ്പിലായിരുന്നശേഷമാണ് 1966ൽ മരിച്ചത്. അമ്മയും സഹോദരന്മാരായ തോമ്മായും ചാക്കോയും തളർന്നുകിടക്കുന്ന ഭർത്താവും 4 മക്കളും ചേർന്ന വലിയ കുടുബത്തിന്റെ ദാരിദ്ര്യം മാറ്റാനായി മറിയക്കുട്ടി, പള്ളിയിൽനിന്നും ലഭിക്കുന്ന ഗോതമ്പും പാൽപൊടിയും വാങ്ങാൻ ചക്കരക്കടവുപള്ളിയിൽ വന്നുകൊണ്ടിരുന്നു. പലപ്പോഴും ഒറ്റയ്ക്കും, നേരം വൈകിയും...
ചിത്രത്തിൽ: KCRM വസ്തുതാ ശേഖരണ സംഘം മാടത്തരുവി കടന്ന് മറിയക്കുട്ടിയുടെ കബറിടത്തിലേക്ക്... 2010 ഡിസംബർ
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ് 
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ വീഡിയോ