Thursday 16 April 2020

മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 3

(ഭാഗം-3)
ചായക്കടയിലെ ഈ ചർച്ച പൊലീസിന്റെ ചെവിയിലെത്തി. കാറുടമ രാജുവിനെയും രാജുവിന്റെ കാർ വിളിച്ചുകൊടുത്ത് ഒപ്പം പോയ ബേബിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
പിറ്റേന്നു രാവിലെ കൊടുക്കേണ്ടതായ ഒരു അത്യാവശ്യ ജോലി സഹപ്രവർത്തകൻ കുര്യാക്കോസിനോടൊപ്പം, ചന്ദ്രിക വർക്ക് ഷോപ്പിൽ, ചെയ്തുകൊണ്ടിരുന്ന ബേബിയെ ഒരച്ചൻ വന്ന് വിളിച്ച് ആശുപത്രിയിൽ പോകാനായി ഒരു ടാക്സിക്കാർ കിട്ടുമോ എന്നു തിരക്കിയതായും അടുത്തുള്ള ലോഡ്ജിൽ ഒരാൾ കാറുമായി തങ്ങുന്നതിനാൽ ചോദിച്ചു നോക്കാമെന്നു പറഞ്ഞ് രാജുവിനെ വിളിച്ചേല്പിച്ചതായും ബേബി മൊഴി കൊടുത്തു.
കാറിൽ പെട്രോൾ കുറവായിരുന്നതിനാൽ അടുത്ത പമ്പിൽനിന്നും പെട്രോളടിച്ചുവെന്നും അർദ്ധരാത്രിയിൽ അപരിചിതനോടൊപ്പം ഒറ്റയ്ക്കു പോകാനുള്ള മടി കാരണം ബേബിയെക്കൂടെ കൂട്ടി കാറിൽ ഒരു വൈദിക വേഷധാരിയെ തിരുവല്ല കുരിശുകവലയിൽ കൊണ്ടുപോയി വിട്ടുവെന്നും രാജു മൊഴി കൊടുത്തു. ആ ‘പുരോഹിതൻ’ ചങ്ങനാശേരിക്കാരൻ ആണെന്നാണ് പറഞ്ഞതെന്നും അപ്പൻ ആശുപത്രിയിൽ അത്യാസന്ന നിലയിൽ കിടക്കുന്നതിനാൽ കാണാനാണ് രാത്രിയിൽത്തന്നെ പോകുന്നതെന്നു പറഞ്ഞെന്നും തങ്ങൾ തിരുവല്ല റെയിൽവേ സ്റ്റേഷനിൽപോയി കട്ടൻ കാപ്പികുടിച്ചു തിരിച്ചു വരുമ്പോഴും അയാൾ തങ്ങൾ ഇറക്കിയ സ്ഥലത്തുതന്നെ നിൽക്കുന്നതു കണ്ടതിനാൽ കൊണ്ടുപോയി വിടണമോ എന്ന് ചോദിച്ചെങ്കിലും വേണ്ടെന്നു പറഞ്ഞ് മടക്കി അയച്ചെന്നും അയാളെ കണ്ടാൽ തിരിച്ചറിയാമെന്നും രാജു പറഞ്ഞു.
ചിത്രം: മറിയക്കുട്ടിയുടെ മൃതദേഹം ആദ്യമായി കണ്ട തോട്ടംതൊഴിലാളി ശാരദ (2010 ഡിസംബറിൽ)
ഈ സുചനകൾവെച്ച് പൊലീസിന്റെ അന്വേഷണം ചങ്ങനാശേരിയിലേക്കും ആലപ്പുഴയിലേക്കും നീണ്ടു. അങ്ങനെ പൊലീസിനു മറിയക്കുട്ടിയുമായി ബന്ധമുണ്ടായിരുന്ന പുരോഹിതനെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു.
മറിയക്കുട്ടിയുടെ മൃതദേഹം കിടന്നിരുന്ന ബെഡ് ഷീറ്റിലെ അലക്കടയാളം ഒരു വഴികാട്ടിയായി. ചങ്ങനാശേരി അരമനയിലെ അലക്കുകാരൻ ഔസേപ്പ് അലക്കടയാളം തിരിച്ചറിഞ്ഞ്, അത് അലക്കാനായി തന്നെ ഏല്പിച്ച ആളിൻ്റെ പേരു പറഞ്ഞു- അനാഥാലയത്തിന്റെ ചാർജുകാരനായ ബനഡിക്റ്റച്ചൻ!
1959ലാണ് ഫാ.ബനഡിക്റ്റ് ഓണംകുളം പട്ടമേറ്റത്. ജ്യേഷ്ഠസഹോദരൻ സെബാസ്റ്റ്യൻ ജോസഫും പുരോഹിതനാണ്. സിസ്റ്റർ ഗ്ലോറിയ SABS, സിസ്റ്റർ അമല SABS എന്നിവർ സഹോദരിമാരാണ്. കാഞ്ഞിരപ്പള്ളിയിൽ സഹായിയായി പ്രവർത്തിച്ചശേഷം, മുപ്പത്തിരണ്ടുകാരനായ ഫ. ബനഡിക്റ്റ്  സെന്റ് മേരീസ് പള്ളി  (St. Mary's Church, Kannampally, Ranni - Perunnadu) റാന്നിക്കടുത്ത് കണ്ണമ്പള്ളിപ്പള്ളിയിൽ 1960-62 കാലയളവിൽ വികാരിയായിരുന്നു. മന്ദമരുതിയിൽനിന്ന് നടന്നാണ് അക്കാലത്ത് കണ്ണമ്പള്ളിയിലേക്ക് പോയിരുന്നത്. അതിനാൽത്തന്നെ അവിടം അദ്ദേഹത്തിനു പരിചിതമായി. കണ്ണമ്പള്ളിയിൽ ജോലി ചെയ്യവെ, ചില അടക്കംപറച്ചിലുകൾ ഉണ്ടായതിനെത്തുടർന്ന്, 1962 മെയ് മാസത്തിൽ അദ്ദേഹം ആലപ്പുഴ ചക്കരക്കടവു പള്ളിയിലേക്ക് സ്ഥലം മാറ്റപ്പെട്ടു.
നിർദ്ധനയായ മറിയക്കുട്ടി അയൽ ഇടവകയായ ആലപ്പുഴ തത്തമ്പള്ളി സെന്റ് മൈക്കിൾസ് പള്ളിയിലെ അംഗവും, നാല്പതുകാരിയും, 4 കുട്ടികളുടെ അമ്മയുമായിരുന്നു. എങ്കിലും യൗവനം നിറഞ്ഞുനിന്നിരുന്ന അതിസുന്ദരിയായിരുന്നു മറിയക്കുട്ടി. മറിയക്കുട്ടിയുടെ ആദ്യത്തെ രണ്ടു ഭർത്താക്കന്മാരും മരിച്ചതിനാൽ മൂന്നാമതും അവൾ വിവാഹം കഴിച്ചു. ആദ്യഭർത്താവിൽനിന്നും കൊച്ചുത്രേസ്യയും ചിന്നമ്മയും, മൂന്നാംഭർത്താവായ കുഞ്ഞച്ചനിൽനിന്ന് സിവിച്ചൻ, തങ്കച്ചൻ എന്നിങ്ങനെ രണ്ട് ആൺകുട്ടികളും ഉണ്ടായി. (രണ്ടാമത്തെ ഭർത്താവായ ദേവസിയിൽ കുട്ടികളില്ല.) എന്നാൽ, മൂന്നു വർഷമായി കുഞ്ഞച്ചൻ തളർവാതം പിടിപെട്ട് കിടപ്പിലായിരുന്നശേഷമാണ് 1966ൽ മരിച്ചത്. അമ്മയും സഹോദരന്മാരായ തോമ്മായും ചാക്കോയും തളർന്നുകിടക്കുന്ന ഭർത്താവും 4 മക്കളും ചേർന്ന വലിയ കുടുബത്തിന്റെ ദാരിദ്ര്യം മാറ്റാനായി മറിയക്കുട്ടി, പള്ളിയിൽനിന്നും ലഭിക്കുന്ന ഗോതമ്പും പാൽപൊടിയും വാങ്ങാൻ ചക്കരക്കടവുപള്ളിയിൽ വന്നുകൊണ്ടിരുന്നു. പലപ്പോഴും ഒറ്റയ്ക്കും, നേരം വൈകിയും...
ചിത്രത്തിൽ: KCRM വസ്തുതാ ശേഖരണ സംഘം മാടത്തരുവി കടന്ന് മറിയക്കുട്ടിയുടെ കബറിടത്തിലേക്ക്... 2010 ഡിസംബർ
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ് 
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ വീഡിയോ