ബനഡിക്റ്റിന് വധശിക്ഷ വിധിച്ച കൊല്ലം സെഷൻസ് കോടതി ജഡ്ജിയായിരുന്ന കുഞ്ഞുരാമൻവൈദ്യരുടെ മക്കളും കുടുംബവും നശിച്ചു പോയി എന്നാണ് പട്ടക്കാരുടെ മറ്റൊരു കുപ്രചരണം. പക്ഷെ, യാഥാർഥ്യം ഇതിനെതിരാണ്. കുഞ്ഞിരാമൻവൈദ്യർ തന്റെ 98 മത്തെ വയസിലാണ് മരിച്ചത്. അമേരിക്കയിൽ ശാസ്ത്രജ്ഞനായ ഡോ. ഇ.കെ.റാമും, കേരള ചീഫ് സെക്രട്ടറിയായി വിരമിച്ച E.K.ഭരത് ഭൂഷൺ IASഉം ഉൾപ്പെടെ അദ്ദേഹത്തിന്റെ 5 മക്കളും നല്ല നിലയിലാണ് ജീവിക്കുന്നത്.
പക്ഷാഘാതം മൂലം കിടപ്പിലായി, മുടിയൂർക്കരയിലെ പ്രീസ്റ്റുഹോമിൽ കഴിയുന്ന സമയത്തും ബനഡിക്റ്റ്, തന്റെ മകനായ ജോയിമോനെ കാണണമെന്നു ശാഠ്യംപിടിച്ചിരുന്നത്രെ! ഇതൊരു ശല്യമായതിനെത്തുടർന്ന് കൗൺസിലിംഗ് നടത്തിയെങ്കിലും അദ്ദേഹം പിന്തിരിഞ്ഞില്ല. അധികദിവസം കഴിയും മുമ്പ്, ബനഡിക്റ്റിനെ തന്റെ മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കാണപ്പെട്ടതായാണ് പറയപ്പെടുന്നത്. മറ്റു വൈദികർപോലും ഈ മരണത്തിൽ അസ്വാഭാവികത ആരോപിക്കുന്നുണ്ടത്രേ!
ബനഡിക്റ്റിനെ കുറ്റവിമുക്തനാക്കാൻ നിരത്തുന്ന വാദങ്ങളിൽ ഒന്നാണ് DNA ടെസ്റ്റ്. മാണി പുതിയിടം എന്ന പട്ടക്കാരൻ ഏറ്റവും ശക്തമായി ഇതു പ്രചരിപ്പിക്കുന്നുണ്ട്. 1984ൽ UK-യിൽ കണ്ടുപിടിച്ച DNA പരിശോധന 1986ലാണ് അവിടെപ്പോലും കോടതിയിൽ തെളിവായി സ്വീകരിച്ചത്. ആ DNA ടെസ്റ്റ് 1966ൽ കേരളത്തിൽ നടത്തി എന്ന വാദം ബനഡിക്റ്റിനെ വിശുദ്ധനാക്കാൻ നിരത്തുന്ന എല്ലാ വാദങ്ങളുടെയും പൊള്ളത്തരം വെളിവാക്കുന്നതാണ്. അതിനാൽ 1966ൽ പിതൃശൂന്യമായി നടത്തി തെളിയിച്ച DNA Test ജോയിമോനെയും ബനഡിക്റ്റിനെയും ചേർത്ത് നടത്താൻ സഭാധികാരികൾ തന്റേടം കാണിക്കണം. വിശുദ്ധൻ ശരിക്കും ശുദ്ധനാണെന്ന് തെളിയുന്നതല്ലേ അതിന്റെയൊരു ഇത്.
ഞങ്ങൾ കണ്ടു സംസാരിച്ച ആളുകളെല്ലാം, പട്ടക്കാരൊഴികെ, ഒറ്റസ്വരത്തിൽ പറയുന്നു, ഫാ.ബനഡിക്റ്റാണ് മറിയക്കുട്ടിയുടെ ഘാതകനെന്ന്... മറിയക്കുട്ടിക്കൊലക്കേസിൽ ഫാ.ബനഡിക്റ്റ് ചെയ്തത്, തനിക്ക് നിരന്തരശല്യമായ ഒരു സ്ത്രീയെ ഒഴിവാക്കാനായി നടത്തിയ പച്ചയായ കൊലപാതകമാണ്. കൊല്ലം സെഷൻസ് കോടതിയുടെ വിധിവാചകം ഉദ്ധരിച്ചു പറഞ്ഞാൽ, ‘സ്വഭാവശുദ്ധി അങ്ങേയറ്റം ഉയർത്തിപ്പിടിക്കേണ്ട ഒരു വ്യക്തി, ധാർമികാധഃപതനത്തിന്റെ പടുകുഴിയിലേക്ക് വഴുതിവീണ നിർഭാഗ്യകരമായ സാഹചര്യമാണ് ഈ കേസ്. നന്മയ്ക്കും പരിശുദ്ധിക്കുംവേണ്ടി നിലകൊള്ളുന്ന ഒരു സഭയുടെ പ്രതിനിധി, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രവാചകനായ ഒരു മഹാന്റെ അനുയായി എന്നൊക്കെ അവകാശപ്പെടുന്ന ഒരു പുരോഹിതൻ,.... ഒരു പാവപ്പെട്ട സ്ത്രീയെ അവരുടെ സാമ്പത്തിക പരാധീനത പരമാവധി ചൂഷണംചെയ്ത് പ്രയോജനപ്പെടുത്തിയശേഷം, അവൾ മുതലെടുപ്പു നടത്തുന്നു എന്നു തോന്നിയപ്പോൾ, ഒരു കാലത്ത് തന്റെ വികാരാസക്തി ശമിപ്പിക്കാൻ ഉപകരിച്ചിരുന്ന അവളുടെ ജീവിതം നശിപ്പിക്കുന്നതിനായി ഒരു ക്രൂരപിശാചായിമാറി....!’ എന്നാണ് കോടതി കണ്ടെത്തിയത്! ‘യാതൊരു ദയയും അർഹിക്കാത്ത കുറ്റമായതിനാലാണ്’ കോടതി വധശിക്ഷതന്നെ വിധിച്ചത്.
എല്ലാറ്റിനുമുപരി, ഈ കേസ് ഗുരുതരമായ സാഹചര്യത്തിൽ, സഭയുടെ അന്തസ് നിലം പരിശായതിനാൽ, കേസ് നടക്കുമ്പോൾത്തന്നെ ചങ്ങനാശേരി അരമനയിൽനിന്ന്, ഇതിന്റെ നിജസ്ഥിതി കണ്ടെത്താനായി ഒരു അന്വേഷണസമിതിയെ നിയമിച്ചു. (ഇന്നും ഇത്തരം ഗൗരവമായ കേസുകളുണ്ടായാൽ അന്വേഷണ സമിതിയെ നിയോഗിക്കാറുണ്ട്.) കമ്മിറ്റിയിൽ വൈദികർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഭാനേതൃത്വത്തെ ഞെട്ടിക്കുന്നതായിരുന്നു സമിതി മെത്രാന് നൽകിയ റിപ്പോർട്ട്! ബനഡിക്റ്റ് തന്നെയാണ് കൊലപാതകി എന്നാണ് സമിതിയുടെ കണ്ടെത്തൽ!!! അതിനാൽത്തന്നെ ഇന്നും ആ അന്വേഷണ റിപ്പോർട്ട് പുറംലോകം കണ്ടിട്ടില്ല. ജയിൽമോചിതനായ ബനഡിക്റ്റിന് സ്വീകരണം നൽകുന്നതിനെ അന്നത്തെ ആർച്ചുബിഷപ്പായ മാർ കാവുകാട്ട് എതിർത്തതും ഇതുമൂലമായിരുന്നത്രെ!!! മറിയക്കുട്ടിയുടെ കൊലപാതകത്തിൽ ബനഡിക്റ്റിൻ്റെ പങ്ക് തെളിയിക്കുന്ന ചങ്ങനാശേരി രൂപതാസമിതിയുടെ അന്വേഷണറിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ ചങ്ങനാശേരി അതിരൂപതാനേതൃത്വം ഇനിയെങ്കിലും തയ്യാറാകണം.
ഒരു കൊടുംകൊലപാതകിയെ വിശുദ്ധനാക്കാനുള്ള കുൽസിത ശ്രമത്തിലാണ് ചങ്ങനാശേരിയിലെ കത്തോലിക്കാ മാഫിയ. ഇതിനു പുറകിൽ മൂന്നു ലക്ഷ്യമാണുള്ളത്. ഒന്ന്, പാലായ്ക്കും തൃശൂരിനും CMIയ്ക്കും സ്വന്തമായി വിശുദ്ധരുണ്ട്. ക്രിസ്ത്യൻപാരമ്പര്യത്തിൽ ഇവരെക്കാൾ മുമ്പിലെന്ന് അഭിമാനിക്കുന്ന ചങ്ങനാശേരിക്ക് ഒരു വിശുദ്ധനില്ല! രണ്ട്, കണക്കു കാണിക്കേണ്ടാത്ത ഒരു വരുമാനമാർഗം രൂപപ്പെടുത്തുക. മൂന്ന്, അറുവഷളന്മാരാണ് പട്ടക്കാരും മെത്രാന്മാരുമെന്നു കുറഞ്ഞപക്ഷം കേരളിത്തിലെങ്കിലും പാട്ടായിക്കഴിഞ്ഞു - പ്രത്യേകിച്ച് സ്ത്രീവിഷയത്തിൽ! സൂത്രത്തിൽ അതൊന്നു കഴുകിക്കളയാൻ സ്ത്രീവിഷയത്തിലെ പ്രതിനായകനെത്തന്നെ വിശുദ്ധീകരിക്കുന്നതിലൂടെ കഴിഞ്ഞേക്കാമെന്ന പ്രതീക്ഷ... എന്തായാലും ആത്യന്തികനഷ്ടം സമൂഹത്തിനുതന്നെ.
പോസ്റ്റ് മോർട്ടം റിപ്പോർട്ട്:
കൊലയാളികളെ വിശുദ്ധരാക്കുന്നത് കത്തോലിക്കാസഭയ്ക്ക് പുതുമയൊന്നുമല്ല. ഏറ്റവും വലിയ ഉദാഹരണം ഫ്രാൻസിസ് സേവ്യർ എന്ന ക്രൂരനായ കൊലയാളി വിശുദ്ധൻതന്നെ! അതു പക്ഷെ, സഭയുടെ ശക്തിയും വൈപുല്യവും വർദ്ധിപ്പിക്കാൻ വേണ്ടിയുള്ള മതവിചാരണ (Inquisition) വഴി ആയിരുന്നു എന്ന ന്യായം പറയാം. സംഘാംഗത്തെ സംരക്ഷിക്കേണ്ടത് മാഫിയാ സംഘത്തിന്റെ ആവശ്യമാണല്ലോ! അതുപോലെതന്നെയാണ് സ്ത്രീപീഡകന്മാരെയും! 18 സ്ത്രീകളുമായി ലൈംഗികബന്ധം പുലർത്തി (അന്നത് മോശത്തരമല്ല; ഒരു വീരകൃത്യമായിരുന്നു--) മുഷിഞ്ഞ മാർ ആഗസ്തീനോസ് തന്റെ വൃഷണം ഉടച്ച് വിശുദ്ധനായി...!! (റോബിൻ-കൊക്കൻ-കോട്ടൂർ-നോബിൾ പോലുള്ള മറ്റു ‘ഫ’കൾക്കും ഈ മാർഗം പ്രയോജനപ്പെടുന്നതാണ്!)
മറിയക്കുട്ടിക്കൊലക്കേസിൽ ഫ.ബനഡിക്റ്റ് കുറ്റക്കാരനല്ലെന്നു കണ്ടെത്തിയിട്ടല്ല കേരള ഹൈക്കോടതി വെറുതെ വിട്ടത്. മറിച്ച്, കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ സംശയത്തിന്റെ ആനുകൂല്യം എന്ന പഴുതിലൂടെ ആ പട്ടക്കാരനെ കോടതി രക്ഷപെടുത്തുകയാണുണ്ടായത്. അതിന്റെ പിന്നാമ്പുറത്ത് നടന്ന ഇടപാടുകളും ഇടപെടലുകളും എത്രയോ ശക്തമായിരുന്നു എന്നത് അന്നത്തെ നിയമജ്ഞർക്കും ഭരണകർത്താക്കൾക്കുമിടയിൽ ചർച്ചാവിഷയമായിരുന്നു. ഇതെല്ലാം മറച്ചുവെച്ച് അതിരമ്പുഴ ഇടവക വികാരിയായിരുന്ന മാണി പുതിയിടം എന്ന പട്ടക്കാരൻ ഈ കൊലയാളി വൈദികനെ വിശുദ്ധനാക്കാനുള്ള ശ്രമം തുടങ്ങിയതിനെത്തുടർന്നാണ് ഇതിന്റെ ചരിത്രവഴികളിലൂടെ ഒരു മടക്കയാത്രയ്ക്ക് ഞങ്ങൾ (പി.കെ.മാത്യു, ഡോ. ജോസഫ് വർഗീസ്, ജോർജ് ജോസഫ്, സെബാസ്റ്റ്യൻ, തമ്പി കരിക്കാട്ടൂർ, സ്റ്റീഫൻ മാത്യു, എം.പി.ജേക്കബ് മണിമലേത്ത്) തയ്യാറായത്. ഞങ്ങൾ കണ്ടെത്തിയ സത്യങ്ങൾ കൊല്ലം ജില്ലാക്കോടതിയുടെ വിധിയെ സാധൂകരിക്കുന്നതും ബനഡിക്റ്റ് ശിക്ഷ അനുഭവിക്കേണ്ടതായിരുന്നു എന്ന് ഉറപ്പിക്കുന്നതുമായിരുന്നു. (പക്ഷെ, അപ്പോഴും വധശിക്ഷയെ ഞങ്ങൾ വ്യക്തിപരമായി പിന്തുണയ്ക്കുന്നില്ല)
അതിനാൽ ബെനഡിക്റ്റ് എന്ന അരും കൊലയാളിയെ വിശുദ്ധനാക്കി സമൂഹത്തിന് ദുർമാതൃകയാക്കുന്ന അതിരമ്പുഴ പള്ളിയിലെ സഹനദാസൻ പരിപാടി അവസാനിപ്പിക്കണം എന്ന് കത്തോലിക്കാ സഭാനേതൃത്വത്തോട് ഞങ്ങൾ ശക്തിയായി ആവശ്യപ്പെടുന്നു.
കടപ്പാട്: ജോർജ്ജ് ജോസഫ്
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ്
ഫാദർ ബെനഡിക്റ്റ് ഓണംകുളം
വിശുദ്ധ വികാരിമാർ
വിശുദ്ധ പാപങ്ങൾ