ജയിൽ മോചിതനാകുന്ന ബനഡിക്റ്റിനു സ്വീകരണം നൽകാൻ പുരോഹിതരും 'സഭാസംരക്ഷകരും'കൂടി തീരുമാനിച്ച് കാവുകാട്ടു മെത്രാനെ സമീപിച്ചു. പക്ഷെ, ബിഷപ്പ് അതു വിലക്കി. എങ്കിലും സ്വീകരണ പരിപാടി അവർ ഗംഭീരമായി നടത്തുകതന്നെ ചെയ്തു! ഇതൊക്കെയായിട്ടും ബനഡിക്റ്റ് കുറ്റക്കാരനാണെന്ന തന്റെ തീരുമാനത്തിൽ ബിഷപ്പ് ഉറച്ചു നിൽക്കുകയും ബനഡിക്റ്റിനെ ഇടവക ചുമതല നൽകാതെ, തമിഴ്നാട്ടിലെ മിഷൻ കേന്ദ്രമായ മായം ഇടവക പള്ളിയിലേക്ക് നാടുകടത്തുകയും ചെയ്തു!! (എന്നാൽ ബനഡിക്റ്റ് തന്റെ 'ശീലം' തുടരുകയും ഭർത്തൃമതിയായ ഒരു സ്ത്രീയെ അനുഭവിക്കാൻ അവളുടെ ഭർത്താവിനെ കൊന്നതിൽ അവിടെ പങ്കാളിയാകുകയും ചെയ്തതായി പറയപ്പെടുന്നു.)
നീണ്ട 12വർഷത്തെ പ്രവാസത്തിനു ശേഷം ഫാ.ബനഡിക്റ്റിനെ പത്തനാടിനടുത്തുള്ള കടയനിക്കാട് അനാഥാലയത്തിന്റെ ചുമതല ഏൽപ്പിച്ച് 1981-ൽ പൗവ്വത്തിൽ മെത്രാൻ കേരളത്തിലേക്ക് തിരികെ കൊണ്ടുവന്നു. മറിയക്കുട്ടിയുടെ മകനെ കാണണമെന്ന് അവിടെവെച്ച് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടതനുസരിച്ച് ജോയിമോൻ തന്റെ അമ്മയുടെ ഘാതകനായ ബനഡിക്റ്റിനെ കാണാനായി, കൂടിക്കാഴ്ച ഏർപ്പാടാക്കിയ പത്രക്കാരനോടും സഹോദരിയോടുമൊപ്പം അവിടെ പോയതായി സാക്ഷ്യപ്പെടുത്തുന്നു. ആ രംഗം ജോയിമോൻ ഇപ്പോഴെന്നപോലെ ഓർമ്മിക്കുന്നു... “ എനിക്കന്ന് പതിനാറു വയസാണ്. എന്റെ അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തി, മൂന്നാംവയസിൽ എന്നെ അനാഥനാക്കിയ അയാൾ, അവശേഷിക്കുന്ന തെളിവായ എന്നെക്കൂടി കൊല്ലാനാണോ വിളിപ്പിച്ചതെന്ന ചിന്തമൂലം പോകേണ്ടെന്നു പല തവണ തോന്നിയെങ്കിലും പിന്നീട് പോകാൻതന്നെ തീരുമാനിച്ചു. കുറഞ്ഞ പക്ഷം എന്റെ അപ്പനെ ഒരു നോക്കു കണ്ടിട്ട് മരിക്കാമല്ലോ! ഞാൻ ചെല്ലുമ്പോൾ അനാഥാലയത്തിന്റെ മുൻവശത്തുതന്നെ അച്ചനുണ്ടായിരുന്നു. എന്നെ കണ്ടതും അദ്ദേഹം ഗെയിറ്റിനടുത്തേക്ക് നടന്നു വന്നു. ചിരിക്കാൻ ശ്രമിച്ചു. എന്നോട് പേരു ചോദിച്ചു. ഞാൻ പറഞ്ഞു, മറിയക്കുട്ടിയുടെ മകൻ ജോയിമോൻ! അതു കേട്ടമാത്രയിൽ അദ്ദേഹം ഒന്നു നടുങ്ങി! പെട്ടെന്നു അദ്ദേഹം ഗെയിറ്റിൽ പിടിച്ചു. പക്ഷെ, ഗെയ്റ്റുപോലും വിറക്കുന്നുണ്ടായിരുന്നു. പിന്നീട് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു, ‘എന്നോട് ക്ഷമിക്കു മോനെ... നിനക്കു തരാൻ എന്റെ കൈയിൽ ഒന്നുമില്ല.’ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. പിന്നീടവിടെ നിൽക്കാൻ എനിക്കു തോന്നിയില്ല. പെട്ടെന്നുതന്നെ തിരികെ പോന്നു.” ജോയിമോൻ നിർവികാരനായി പറഞ്ഞുനിർത്തി.
എല്ലാവരുംതന്നെ മറന്നുതുടങ്ങിയ മറിയക്കുട്ടി കൊലക്കേസ് 2000 നവംബറിൽ വീണ്ടും വാർത്തയായി. മംഗളം പത്രം ആ വാർത്ത റിപ്പോർട്ട് ചെയ്തു- ‘മറിയക്കുട്ടി കൊലക്കേസിലെ യഥാർഥ പ്രതിയുടെ മക്കൾ ഫാദർ ബനഡിക്റ്റിനോട് മാപ്പപേക്ഷിച്ചു’. ഈ കഥയ്ക്കു പുറകിൽ ഒരു പുരോഹിതസംഘത്തിന്റെ സമർഥമായ ഗൂഡാലോചന ഉണ്ടായിരുന്നു.
ചിത്രത്തിൽ: മറിയക്കുട്ടിക്കുവേണ്ടി ഏറെ കഷ്ടപ്പാടുകൾ സഹിച്ച സഹോദരൻ ചാക്കോച്ചേട്ടൻ (2011ൽ മരിച്ചു)
കാഞ്ഞിരപ്പള്ളിയിലെ ഒരു കുടുംബത്തിൽ നിന്നുള്ള ഒരു സ്ത്രീ മുണ്ടക്കയത്ത് 'ബ്ര. ബെന്നി വെച്ചൂച്ചിറ' (ടിയാനെക്കുറിച്ച് അറിഞ്ഞിടത്തോളം ഒരു പുസ്തകം എഴുതാനുള്ള 'വിശേഷങ്ങൾ' ഉണ്ട്. പലതും എഴുതാൻ കൊള്ളാത്തതാണ്. അത് പിന്നീടൊരിക്കൽ ആകാം.) നടത്തിയിരുന്ന കരിസ്മാറ്റിക് പ്രാർഥനാലയത്തിൽ ധ്യാനംകൂടാനും പ്രാർഥിക്കാനുമായി പോയിരുന്നു. ധ്യാനഗുരുവായ ജോയി ചിറ്റൂർ എന്ന പട്ടക്കാരനും അവിടെ പ്രാർഥനയ്ക്ക് നേതൃത്വം നൽകിയിരുന്നു.
ഉപവാസ പ്രാർഥനയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ടി സ്ത്രീക്ക് ഒരു ദിവസം മോഹാലസ്യമുണ്ടായി; അതോടൊപ്പം എന്തൊക്കെയോ വിളിച്ചുപറയുകയും ഉണ്ടായി! പിന്നീട് കൗൺസിലിങ്ങിനിടയിൽ അവരുടെ കുടുംബപ്രശ്നങ്ങൾ - സ്വത്തു ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കവും കേസും സഹോദരനുമായുള്ള കലഹവും പട്ടാളത്തിൽ ഡോക്ടറായിരുന്ന അപ്പൻ നാട്ടിൽ നടത്തിയിരുന്ന ക്ലിനിക്കിലെ കൊള്ളരുതായ്മകളും-എല്ലാം പറഞ്ഞു.
കുടുംബപ്രശ്നങ്ങൾ മനസിലാക്കിയ ബ്ര. ബെന്നി ഒരു ദിവസം വെളിപാടു നടത്തി, “ഈ സഹോദരിയുടെ കുടുംബത്തിന് പുരോഹിത ശാപം നേരിട്ടിട്ടുണ്ട്. അതാണ് ഇവരുടെ ദുരിതങ്ങൾക്ക് കാരണം! അതിനാൽ അവർ കുടുംബമൊന്നാകെ വന്ന് ധ്യാനംകൂടി മാപ്പപേക്ഷിക്കണം.!!” ഇതുകേട്ട സഹോദരി എല്ലാവരുംകൂടി ചെന്ന് മാപ്പു പറയുന്നതിനായി വീട്ടിൽ ശല്യമുണ്ടാക്കാൻ തുടങ്ങി. പൊറുതിമുട്ടിയ അമ്മയും (പിതാവായ ഡോക്ടർ മരിച്ചുപോയിരുന്നു) സഹോദരങ്ങളും പ്രാർഥനാലയത്തിൽ വന്ന് ധ്യാനത്തിലും പ്രാർഥനയിലും പങ്കെടുത്ത് മാപ്പപേക്ഷിക്കുകയും ചെയ്തു.
പിന്നീടാണ് നാടകീയ സംഭവങ്ങൾ അരങ്ങേറുന്നത്. ബ്ര.ബന്നി ഓരോരുത്തരെയായി കണ്ട് കുടുംബകാര്യങ്ങൾ കൃത്യമായി മനസിലാക്കി. അതോടെ ഈ കുടുബമാകെ പ്രശ്നത്തിലാണെന്നും ഇവർ തങ്ങളുടെ വരുതിയിലായെന്നും ബന്നിക്ക് മനസിലായി. അതോടെ കാഞ്ഞിരപ്പള്ളിക്കാരും ഡോക്ടറുടെ മക്കളുമായ ഇവരെ സിനിമയിലെ കഥയ്ക്ക് ഉപയോഗപ്പെടുത്താമെന്ന് പുരോഹിതരുമായി കൂടിയാലോചിച്ച് ബ്ര. ബെന്നി തീരുമാനിച്ചു. അതിൻപ്രകാരം സമ്പൂർണ പാപമോചനത്തിനായി ആ പുരോഹിതനെ നേരിൽ കണ്ട് മാപ്പപേക്ഷിക്കണമെന്ന് ബന്നി നിർദ്ദേശം വെച്ചു. തുടർന്ന് 2000 ജനുവരി 14നു ബ്രദർ ബെന്നിയുടെ വാഹനമായ ചുവന്ന മാരുതിവാനിൽ മുടിയൂർക്കരയിലുള്ള (കോട്ടയം മെഡിക്കൽ കോളെജിനടുത്ത്) പ്രീസ്റ്റ് ഹോമിൽചെന്നു. പക്ഷാഘാതം വന്ന് തളർന്നു കിടന്നിരുന്ന ബനഡിക്റ്റിനെ കണ്ട് ബ്ര. ബെന്നി പറഞ്ഞുകൊടുത്ത മാപ്പപേക്ഷ ഏറ്റുപറഞ്ഞു! അപ്പോൾ മാത്രമാണ് അവരറിയുന്നത്, മറിയക്കുട്ടി കൊലക്കേസിലെ കുറ്റമാണ് തങ്ങളെക്കൊണ്ട് ഏറ്റെടുപ്പിച്ചതെന്ന്!
തങ്ങൾ വഞ്ചിപ്പെട്ടതായി മനസിലാക്കിയ അവർ അപ്പോൾത്തന്നെ അതു നിഷേധിക്കുകയും ചെയ്തു എന്ന് അവരിൽ ഒരാൾ ഞങ്ങളോട് നേരിൽ പറയുകയുണ്ടായി. ഇതറിഞ്ഞ അന്നത്തെ ബിഷപ്പ് പൗവ്വത്തിൽ ജനു.17നു ബനഡിക്റ്റിനെ സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പക്ഷെ, സംഭവം വാർത്തയാക്കേണ്ടെന്നു ബനഡിക്റ്റ് തന്നെ പറഞ്ഞു! കാരണം, സത്യമെന്തെന്ന് അറിയാമെന്നതിനാൽ താൻ വീണ്ടും കുഴപ്പത്തിലാകുമോ എന്ന് അദ്ദേഹം ഭയന്നിരുന്നത്രേ!. എന്നാൽ, രൂപതയുടെ കലാവിഭാഗം ഇതു സ്റ്റേജ് നാടകമാക്കാൻ ഒരുക്കങ്ങൾ ആരംഭിച്ചു. ഇതറിഞ്ഞ്, ടി കുടുംബക്കാർ രൂപതാ ആസ്ഥാനത്തെത്തി, ആത്മഹത്യാഭീഷണി മുഴക്കി. അതെത്തുടർന്നാണ്, ആ ശ്രമം രൂപതാധികാരികൾ ഉപേക്ഷിക്കുന്നത്.
നാട്ടുകാരുടെ പരിഹാസവും അപമാനവും മൂലം നാട്ടിൽ ജീവിക്കാനാകാതെ അവർ കാഞ്ഞിരപ്പള്ളിയിലെ വസ്തു വിറ്റ് പത്തനംതിട്ടയിൽ രഹസ്യമായി താമസിക്കുകയാണിപ്പോൾ. (ഞങ്ങൾ തിരക്കി ചെന്നപ്പോൾ 'ഇവിടെയും സ്വസ്ഥത തരില്ലേ' എന്നാണ് ആ മനുഷ്യൻ ഇടറിയശബ്ദത്തിൽ ചോദിച്ചത്. ശത്രുക്കളല്ല, നിങ്ങളുടെ അപമാനത്തിന് പരിഹാരമുണ്ടാക്കാൻ വന്നവരാണെന്ന് പറഞ്ഞ് ഞങ്ങൾ സംസാരിക്കുകയും ഒടുവിൽ വളരെ സ്നേഹത്തോടെ പിരിയുകയുമാണ് ഉണ്ടായത്. പടവും വീഡിയോയും എടുത്തെങ്കിലും പ്രസിദ്ധീകരിക്കില്ലെന്ന് വാക്കു കൊടുത്തതിനാൽ ഇവിടെ ഇടാൻ കഴിയില്ല.)
അവിചാരിതമായി പരിപാടിയിൽ തടസം നേരിട്ടതിനാൽ 2000 നവംബർവരെയുള്ള 11 മാസത്തോളം കാലം ഈ 'മാപ്പുനാടകം' വാർത്ത മൂടിവെച്ചു. പ്രീസ്റ്റ് ഹോമിലെ ചാർജുകാരനും മാപ്പു ‘നാടക’ത്തിനു ചുക്കാൻ പിടിച്ചവരിൽ പ്രധാനിയുമായ ഫാ. ജോർജ് പെരിഞ്ചേരിമണ്ണിൽ ചട്ടംകെട്ടിയതനുസരിച്ച് നവംബർ 24നു മംഗളം ഏജന്റ് (ജോർഡി മലയിൽ) ടി വാർത്ത റിപ്പോർട്ടു ചെയ്യുകയാണുണ്ടായത്. പിറ്റേന്ന് ദീപികയും മനോരമയും അതേറ്റുപിടിച്ചു, തുടർന്ന് മാതൃഭൂമിയും...(തുടരും...)
കടപ്പാട്: ജോർജ്ജ് ജോസഫ്
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ്
ഫാദർ ബെനഡിക്റ്റ് ഓണംകുളം
വിശുദ്ധ വികാരിമാർ
വിശുദ്ധ പാപങ്ങൾ
വിശുദ്ധ നുണകൾ വീഡിയോ