(ഭാഗം-4)
മറിയക്കുട്ടിയുമായുള്ള നിരന്തര സമ്പർക്കവും മറിയക്കുട്ടിയുടെ സൗന്ദര്യവും മുപ്പത്തേഴുവയസുമാത്രം പ്രായമുള്ള, ആരോഗദൃഡഗാത്രനായ ബനഡിക്റ്റിനെ കുഴിയിൽ വീഴ്ത്തി! പക്ഷെ, കളി കാര്യമായി, മറിയക്കുട്ടി ഗർഭിണിയായി! മൂന്നാം ഭർത്താവിനു തളർവാതം പിടിപെട്ട് ഒരു വർഷത്തോളമായിരുന്നു! അപ്പോഴാണ് ഈ ഗർഭം! ഇത് കലഹകാരണമായി. തുടർന്നുണ്ടായ വഴക്കിനൊടുവിൽ ഭർത്താവ് പിണങ്ങി ആദ്യവിവാഹത്തിലെ മക്കളോടൊപ്പം പോയി. ഇതേത്തുടർന്ന് മറിയക്കുട്ടിയും ബനഡിക്റ്റുമായുള്ള അവിഹിതബന്ധം നാട്ടിൽ പാട്ടായി.
ഇതു വിവാദമായതിനെത്തുടർന്ന് ചങ്ങനാശേരി ബിഷപ്പ് കാവുകാട്ട് ഉടനെതന്നെ അദ്ദേഹത്തെ ഇടവകഭരണത്തിൽനിന്ന് ഒഴിവാക്കി, ചങ്ങനാശേരി മെത്രാസനമന്ദിരത്തിനു മുൻപിൽത്തന്നെയുള്ള സെന്റ് ജോസഫ്സ് ഓർഫനേജ് ആൻഡ് പ്രിന്റിങ് പ്രസിന്റെ മാനേജരായി നിയമിച്ചു. (ഇപ്പോഴും ഇങ്ങനെതന്നെയാണ് സഭാധികാരികൾ പട്ടക്കാരെ സംരക്ഷിക്കുക... പട്ടക്കാർക്ക് അവിഹിതബന്ധമാവാം; ആരും അറിയരുതെന്നുമാത്രം. അറിഞ്ഞാൽ, ഇവർ മൂലം സ്ത്രീകൾ ഗർഭിണികളായാൽ, പുരോഹിതരെ വിദേശത്തേക്കും സ്ത്രീകളെ രഹസ്യകേന്ദ്രത്തിലേക്കും നാടുകടത്തിക്കളയും...! 2015ൽ രണ്ടു കന്യാസ്ത്രീകളെ ഒന്നിച്ച് ഗർഭിണികളാക്കിയ ഒരു ധ്യാനഗുരുവിനെ അമേരിക്കയിലേക്കും സന്യാസിനികളെ ഒരു ആശുപത്രിയിലേക്കും മാറ്റിക്കളഞ്ഞു!! ആശുപത്രികൊണ്ട് അങ്ങനെയും ഉപകാരമുണ്ട്...!)
കാലത്തിന്റെ തികവിൽ മറിയക്കുട്ടി ആൺകുഞ്ഞിനെ പ്രസവിച്ചു. അവൻ ജോയിമോൻ എന്നു വിളിക്കപ്പെട്ടു. ദരിദ്രയായിരുന്ന മറിയക്കുട്ടി ജീവിക്കാൻ കൂടുതൽ ബുദ്ധിമുട്ടി. അതിനാൽ ഉത്തരവാദിയെത്തന്നെ പരിഹാരത്തിനായി സമീപിച്ചു. കൈക്കുഞ്ഞുമായി ബനഡിക്റ്റിനു ചുമതലയുള്ള ചങ്ങനാശേരിയിലെ അനാഥാലയ പ്രസിലെത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അതിനെത്തുടർന്ന് ബനഡിക്റ്റ് ഒരു വാഗ്ദാനം നൽകി. മാസത്തിൽ രണ്ടു തവണയായി ചെലവുകാശ് തരാം. അതിൻപ്രകാരം മറിയക്കുട്ടി വരികയും ബനഡിക്റ്റിന്റെ കൈയിൽനിന്നും ചെലവിനുള്ള പണവും പാരിതോഷികവും വാങ്ങിക്കൊണ്ടിരിക്കുകയും ചെയ്തു. അനാഥാലയത്തിന്റെ സൗകര്യത്തിൽ ആ ‘ബന്ധം’ തുടർന്നുകൊണ്ടിരുന്നു. ഇത് രൂപതയിലെ വൈദികർക്കും ബിഷപ്പിനും വലിയ ശല്യമായി മാറി. അവർ ബനഡിക്റ്റിനെ ശകാരിക്കുകയും ഇതിനു പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, മറിയക്കുട്ടിയെ ഇഷ്ടപ്പെട്ടിരുന്ന ബനഡിക്റ്റ് അതവഗണിച്ചു. എങ്കിൽ, കുപ്പായമൂരി വിവാഹം കഴിച്ച് ജീവിക്കണമെന്നായി ഒരു വിഭാഗം വൈദികർ. ഈ നിർദ്ദേശം ഫാ.ബനഡിക്റ്റ് മറിയക്കുട്ടിയോട് പങ്കുവെച്ചു; അവൾക്കും സമ്മതം... ഫാ.ബനഡിക്റ്റ് മറിയക്കുട്ടിയെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നു. ഇതോടെ മറിയക്കുട്ടി വിവാഹത്തിനായി ബനഡിക്റ്റിനെ നിർബന്ധിക്കാൻ തുടങ്ങി.
ചിത്രത്തിൽ: തോട്ടമുടമ ചാവുമ്മണ്ണിൽ തൊമ്മിയുടെ മകൻ ബേബി-55വയസ്, KCRM അന്വേഷണസംഘവുമായി തോട്ടത്തിലെ കൊലപാതകസ്ഥലത്തിനു സമീപംനിന്ന് സംസാരിക്കുന്നു- 2011ഫെബ്രുവരി.
ഒരിക്കൽ മൂത്തകുട്ടിയായ സിവിച്ചനുമായിട്ടാണ് മറിയക്കുട്ടി ബനഡിക്റ്റിനെക്കാണാൻ ചെന്നത്. ഒരു പരിഹാരം കണ്ടെത്താനായി അരമനയിലെ തന്റെ സുഹൃത് വൈദികരുമായി അദ്ദേഹം കൂടിയാലോചിച്ചു! (ആ ആലോചനയാണത്രെ അദ്ദേഹത്തെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. ദുഷ്ടന്മാരായ ഉപദേശകർ അദ്ദേഹത്തിന്റെ മസ്തിഷ്ക്കപ്രക്ഷാളനം നടത്തിക്കളഞ്ഞു!)
ഈ ചർച്ചയെത്തുടർന്ന് പ്രശ്നപരിഹാരത്തിനായി പുരോഹിതരടങ്ങിയ ഒരു ദൗത്യസംഘം ഒരു കാറിൽ ചക്കരക്കടവ് പള്ളിയിൽ ചെന്ന് അവിടേയ്ക്ക് മറിയക്കുട്ടിയെ വിളിച്ചു വരുത്തി, അനുനയചർച്ച നടത്തിയതായി മറിയക്കുട്ടിയുടെ സഹോദരൻ ചക്കോച്ചേട്ടൻ ഓർക്കുന്നു. 'ജോയിക്കുട്ടിയെ വളർത്തുന്നതിനായി കുറച്ചു പണം തരും. മേലിൽ ബനഡിക്റ്റിനെ കാണുകയൊ ബന്ധപ്പെടുകയൊ പണം ചോദിച്ച് ശല്യപ്പെടുത്തുകയൊ ചെയ്യാൻ പാടില്ല'- ഇതായിരുന്നു ഒത്തുതീർപ്പു നിർദ്ദേശം. മറിയക്കുട്ടി അതു നിരസിച്ചു. ബനഡിക്റ്റ് തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യത്തിൽ അവൾ ഉറച്ചുനിന്നു.
ചിത്രത്തിൽ: മാറിയകുട്ടിയുടെ മകൻ ജോയിമോൻ 46വയസ്. 2011ഫെബ്രുവരിയിൽ
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ്
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ്
ഫാദർ ബെനഡിക്റ്റ് ഓണംകുളം
വിശുദ്ധ വികാരിമാർ
വിശുദ്ധ പാപങ്ങൾ
വിശുദ്ധ നുണകൾ വീഡിയോ