(ഭാഗം 6)
ഫാ.ബനഡിക്റ്റുമായി തെളിവെടുപ്പ് തുടർന്ന പൊലീസ്, കൊലയ്ക്കുപയോഗിച്ച കത്തി മന്ദമരുതി-മാടത്തരുവി റോഡിനെ മുറിച്ചുകടന്നു പോകുന്ന ചെറിയ തോടിന്റെ കരയിൽനിന്നും നാട്ടുകാർ നോക്കിനിൽക്കെ കണ്ടെടുത്തു. സംഭവദിവസം മിക്ക സാക്ഷികളും ബനഡിക്റ്റിൻ്റെ കൈയ്യിൽ കണ്ടിരുന്ന നീല ബാഗ് (കത്തിയും വസ്ത്രവും സൂക്ഷിക്കാനുപയോഗിച്ചത്), ധരിച്ചിരുന്ന ളോഹ(രകതം പുരണ്ടത്), 3 ബാറ്ററി ടോർച്ച്, കാലൻകുട എന്നിവ ബനഡിക്റ്റിൻ്റെ മുറിയിൽനിന്ന് കണ്ടെടുത്തു.
പൊലീസ് 42 സാക്ഷികളെ പ്രോസിക്യൂഷനുവേണ്ടി ഹാജരാക്കി. അവരിൽ, ജൂൺ 16നു രാവിലെ കുർബാന ചൊല്ലാതെ ബനഡിക്റ്റച്ചൻ ചില സാധനങ്ങൾ അനാഥാലയത്തിനു പുറകിലുള്ള വെട്ടുകല്ലുകുഴിയിലിട്ടു കത്തിക്കുന്നതു കണ്ടതായി മൊഴി കൊടുത്ത അനാഥാലയത്തിലെ കുശിനിക്കാരൻ, ചക്കരക്കടവിലെ ചുറ്റിക്കളികൾ സത്യസന്ധമായി പറഞ്ഞ ചക്കരക്കടവു പള്ളിയിലെ കപ്യാർ, അരമനയിലെ അലക്കുകാർ, റാഹേൽ, കാറുകാരൻ രാജു, അമ്മ മറിയാമ്മ, സഹോദരൻ ചാക്കോ, മകൾ കൊച്ചുത്രേസ്യ, തോട്ടമുടമ, എബ്രാഹം ബേബി എന്നിവർ മൊഴിയിലുറച്ചുനിന്നു. രാജു(ക്നാനായ യാക്കോബായ സഭ) ഒഴികെ ഇവരെല്ലാം കത്തോലിക്കരുമായിരുന്നു...! 6 സാക്ഷികളാണ് കൂറുമാറിയത്. മൃതദേഹം ആദ്യം കണ്ട തോട്ടം തൊഴിലാളി ശാരദയെ കോടതിയിൽ സാക്ഷിയാക്കിയില്ല.
മറിയക്കുട്ടി ബഡിക്റ്റിനെ കാണാൻ പോയതിനു ഏക സാക്ഷിയായിരുന്നു മൂത്തമകൻ, പത്തുവയസുള്ള സിവിച്ചൻ. സാക്ഷി പറയാതിരിക്കാൻ വേണ്ടി, രൂപതയുടെ പിണയാളുകൾ സിവിച്ചനെ തട്ടിക്കൊണ്ടുപോയി ഒരു മാസത്തിലേറെ ഒളിവിൽ പാർപ്പിച്ചു. അതിനായി മറിയക്കുട്ടിയുടെ സ്വന്തം സഹോദരനായ തോമ്മായെയാണ് ഉപയോഗിച്ചത്! പൊലീസ് കസ്റ്റഡിയിലുള്ള തടവുകാരെ കാറ്റുകൊള്ളിക്കാനായി കടൽത്തീരത്തു കൊണ്ടുപോയ അവസരത്തിൽ തോമ്മാ പൊലീസിന്റെ 'കണ്ണുവെട്ടിച്ച്' സിവിച്ചനെ കടത്തിക്കൊണ്ടുപോയി എന്നാണ് കഥ. കടലിലൂടെ മൽസ്യബന്ധനവള്ളത്തിൽ സിവിച്ചനെ നീണ്ടകരയിൽ എത്തിക്കുകയും അവിടെനിന്ന് മൽസ്യബന്ധന ബോട്ടിൽ മംഗലാപുരത്തേക്ക് കടത്തിക്കൊണ്ടുപോകുകയും ആയിരുന്നു! ആലപ്പുഴയിലെ ഈപ്പച്ചൻ കോച്ചേരി എന്ന ധനികനാണ് ഇതിനു ചുക്കാൻ പിടിച്ചതെന്നാണ് പറയപ്പെടുന്നത്. പിന്നീട് കുട്ടിയെയും അമ്മാവനെയും ബംഗ്ലൂരിലേക്ക് കടത്തിയത് പാലാക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന കോടീശ്വരനാണെന്നും പറയപ്പെടുന്നു! (സഭയെ 'സംരക്ഷിക്കാ'നായി ഇത്തരം തെമ്മാടിപ്പട്ടക്കാരുടെ വിസർജ്യം ചുമക്കുന്ന പള്ളിഭടന്മാർ ഇന്നുമുണ്ടല്ലോ...പട്ടക്കാർ നന്നാവാൻ സമ്മതിക്കില്ലെന്നു പ്രതിജ്ഞയെടുത്ത ശുംഭന്മാർ! സഭയുടെ ഇന്നത്തെ ദുരവസ്ഥയുടെ പ്രധാന ഉത്തരവാദികൾ ഇത്തരം ആസനംതാങ്ങികളാണ്.) സിവിച്ചൻ മൊഴി കൊടുക്കുന്നപക്ഷം ചങ്ങനാശേരിയിൽ ജീവിക്കാൻ അനുവദിക്കില്ലെന്നു പള്ളിക്കാർ തന്നെ ഭീഷണിപ്പെടുത്തിയതിനാലാണ് തനിക്കുവേണ്ടി തോമ്മ അതു ചെയ്തതെന്നു കുഞ്ഞച്ചൻ പിന്നീട് പറഞ്ഞതായി ജ്യേഷ്ഠൻ ചാക്കോച്ചേട്ടൻ പറഞ്ഞു.
കുട്ടിയെ കാണാതായതിനെത്തുടർന്ന് മറിയാമ്മ നൽകിയ പരാതിമൂലം കോടതി ഇടപെട്ടാണ് സിവിച്ചനെ കോടതിയിൽ എത്തിച്ചത്. അപ്പോഴേക്കും അവനെ പാട്ടിലാക്കാൻ തല്പരകക്ഷികൾക്കു കഴിഞ്ഞതിനാൽ സിവിച്ചൻ മൊഴിമാറ്റി. കുഞ്ഞച്ചനും ഭാര്യയും കോടതിയിൽ മൊഴി മാറ്റി! ബനഡിക്റ്റിനെയും മറിയക്കുട്ടിയെയും തിരുവല്ലയിൽനിന്ന് മന്ദമരുതിയിൽ എത്തിച്ച ടാക്സി ഡ്രൈവർ മത്തായി ചാക്കോയും കൂറുമാറി, പ്രതിഭാഗം ചേർന്നു.
എന്നാൽ, കടുത്ത സമ്മർദ്ദമുണ്ടായിട്ടും ഉറച്ചുനിന്ന അമ്മ മറിയാമ്മയുടെയും മൂത്തകൾ കൊച്ചുത്രേസ്യയുടെയും സഹോദരൻ ചാക്കോയുടെയും മൊഴികൾ മറിയക്കുട്ടിയും ബനഡിക്റ്റുമായുള്ള ബന്ധം തെളിയിക്കാൻ പോന്നത്ര വളരെ ശക്തമായിരുന്നു. സമാനമായ മറ്റുമൊഴികളും ബനഡിക്റ്റിന്റെ പങ്ക് ഉറപ്പാക്കുന്ന തരത്തിലായിരുന്നു. ഇവരാരും ബനഡിക്റ്റിന്റെ പരിചയക്കാരോ വിരോധികളോ ആയിരുന്നില്ല. പക്ഷെ, അരമനയിലെ പുരോഹിതർ ബനഡിക്റ്റിന് അനുകൂലമായി കോടതിയിൽ മൊഴി നൽകി. ഇതേത്തുടർന്ന് മനസുമാറിയ ബനഡിക്റ്റ് മറിയക്കുട്ടിയെ അറിയില്ലെന്നും പൊലീസ് മർദ്ദിച്ച് കുറ്റസമ്മതം നടത്തിയതാണെന്നുംവരെ കോടതിയിൽ പറഞ്ഞുകളഞ്ഞു!!
പക്ഷെ, ശക്തമായ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റം തെളിഞ്ഞതിനാൽ കോടതി ബനഡിക്റ്റിനു വധശിക്ഷ വിധിച്ചു-1966 നവംബർ 18!
കുറ്റബോധത്താൽ നീറിയ ബനഡിക്റ്റ് ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറായിരുന്നു. എന്നാൽ, അഭിമാനക്ഷതം നേരിട്ട രൂപതയിലെ പുരോഹിതസംഘവും സഭാപ്രമാണിസംഘവും ചേർന്ന് പ്രത്യേക പണപ്പിരിവു നടത്തി, കേരള ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു.. അന്ന് ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ അഡ്വ. എ.എസ്.ആർ.ചാരിയെന്ന സുപ്രീംകോടതി അഭിഭാഷകനെ ഹാജരാക്കി ബനഡിക്റ്റിനുവേണ്ടി വാദിച്ചു... ഒരു മാസത്തിലേറെ മണ്ണിലും മഴയിലും കിടന്ന കത്തിയിൽ തുരുമ്പു പിടിക്കാതെ രക്തക്കറ കണ്ടെത്തിയെന്ന ഫോറൻസിക് റിപ്പോർട്ട് സ്വീകാര്യമല്ല, പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തിയില്ല, മറിയാമ്മ, കൊച്ചുത്രേസ്യ, ചാക്കോ എന്നിവരുടെ മൊഴികളിൽ നല്ലൊരുപങ്ക് വെറും കേട്ടുകേൾവികളാണ്, കൃത്യത്തിനുമുൻപും ശേഷവും ബനഡിക്റ്റിനെ കണ്ടതായിപ്പറയുന്ന സാക്ഷിമൊഴികൾ കൃത്രിമമായി തോന്നി, അലക്കുകാരൻ അലക്കടയാളം തിരിച്ചറിഞ്ഞത് സംശയകരമാണ്, ആൾസഞ്ചാരമുള്ള റോഡിലെ കഠിനമായ പ്രതലത്തിൽ ലൈംഗികബന്ധത്തിലേർപ്പെട്ടു എന്നത് വിചിത്രമാണ്, പ്രതി പുരോഹിത വേഷമായ ളോഹ ധരിച്ച് കൃത്യത്തിനു പോകുകയും തിരിച്ചുവരികയും ചെയ്തു എന്നത് അവിശ്വസനീയമാണ് എന്നിങ്ങിനെയുള്ള ദുർബലവും വിചിത്രവുമായ തൊടുന്യായങ്ങൾ നിരത്തിക്കൊണ്ട് കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു എന്നും മറിയക്കുട്ടിയുടെ തൊഴിലിന്റെ ഭാഗമായി മന്ദമരുതിയിൽ എത്തിയതായിരിക്കാമെന്നും മറിയക്കുട്ടിയിൽ അഭയം തേടിയവരിലാരോ ഒന്നിലേറെ ആയുധങ്ങൾ ഉപയോഗിച്ച് അവളെ കൊലപ്പെടുത്തിയതാകാം എന്നുമുള്ള പ്രതിഭാഗം വാദത്തെക്കുറിച്ച് തങ്ങൾ അഭിപ്രായം പറയാൻ മുതിരുന്നില്ലെന്നും പറഞ്ഞുകൊണ്ട് ആക്റ്റിങ് ചീഫ് ജസ്റ്റീസ് പി.റ്റി. രാമൻനായർ, ജ. V. P. ഗോപാലൻനമ്പ്യാർ എന്നിവർ ചേർന്ന ബഞ്ച് ബനഡിക്റ്റിനെ 1967 ഏപ്രിൽ 7ൽ മോചിപ്പിച്ചു.
ഇതിനിടയിൽ, 1967 മാർച്ച് 3ന് ഈ.എം.എസ്. മന്ത്രിസഭ അധികാരത്തിൽ വന്നെങ്കിലും വിമോചനസമരത്തിന്റെ ഭീതിയിൽനിന്നും മോചിതരാവാതിരുന്ന ആ കമ്യൂണിസ്റ്റു സർക്കാർ, ശക്തമായ രാഷ്ട്രീയസമ്മർദ്ദങ്ങൾക്കു വഴങ്ങി. അങ്ങനെ അപ്പീൽ പോകേണ്ടിയിരുന്ന സർക്കാർ, സഭാധികാരികളെ പ്രീതിപ്പെടുത്താനായി, സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാതെ പള്ളിയെയും പട്ടക്കാരനെയും രക്ഷിച്ചു!!
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ്
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ്
ഫാദർ ബെനഡിക്റ്റ് ഓണംകുളം
വിശുദ്ധ വികാരിമാർ
വിശുദ്ധ പാപങ്ങൾ
വിശുദ്ധ നുണകൾ വീഡിയോ