Thursday, 16 April 2020

മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 1

(ഭാഗം ഒന്ന്)
1966 ജൂൺ 16 രാവിലെ 8മണി. ചാവുമ്മണ്ണിൽ തൊമ്മച്ചന്റെ തേയിലത്തോട്ടത്തിൽ ( മുണ്ടുകോട്ടയ്ക്കൽ കോര എന്ന മുതലാളിയിൽനിന്നും 1946ൽ വാങ്ങിയത്) കൊളുന്തെടുക്കാൻ എത്തിയ തൊഴിലാളികളിൽ ഒരാളായ ശാരദ എന്തോ ഭീകര ദൃശ്യം കണ്ട് അലറി വിളിച്ചു...! മറ്റു തൊഴിലാളിസ്ത്രീകളും ഓടിയെത്തി... തേയിലത്തോട്ടത്തിൽ, കണ്ണമ്പള്ളിയിലേക്കുള്ള നടപ്പുവഴിയിൽ, രക്തത്തിൽ കുളിച്ച്, ഒരു ബെഡ് ഷീറ്റിൽ വിവസ്ത്രയായിക്കിടക്കുന്ന ഒരു യുവതിയുടെ മൃതദേഹം! സ്ത്രീയുടെ നഗ്നത മുഴുവൻ വെളിവായിരുന്നു! ചട്ട(ബ്ലൗസിനു പകരം ക്രിസ്ത്യൻസ്ത്രീകൾ ധരിച്ചിരുന്ന വസ്ത്രം) മുകളിലേക്കുയർത്തി, മുറിവേറ്റു മുറിഞ്ഞ മുലകൾ പുറത്തു കാണാവുന്ന വിധത്തിലായിരുന്നു ശരീരം. മൃതദേഹം കണ്ട് വിഷമം തോന്നിയ ശാരദ, അടുത്തുണ്ടായിരുന്ന മരത്തിലെ ഒരു കമ്പൊടിച്ചെടുത്ത്, അതുപയോഗിച്ച് ബെഡ്ഷീറ്റിന്റെ അറ്റം തോണ്ടിയിട്ട് ഗുഹ്യഭാഗം മാത്രം മറച്ചു. മൃതദേഹത്തിൻ്റെ അടുത്തുതന്നെ ഒരു കല്ലും കുടയും ടോർച്ചും കിടന്നിരുന്നു. മൃതദേഹത്തിന്റെ മുഖത്തിന്റെ ഇടതുഭാഗം ഇടിയേറ്റ് ചതഞ്ഞിരുന്നു. നെഞ്ചിലും വയറിലും കത്തിക്കുത്തേറ്റ നിരവധി മുറിവുകൾ കഴുത്തു മുറിഞ്ഞ് വേർപെടാറായനിലയിലും...! ആ മുറിവിൽ ഒരു വെന്തിങ്ങ കുടുങ്ങിക്കിടന്നിരുന്നു!!
പലരും വന്നു നോക്കിയെങ്കിലും ആളെ തിരിച്ചറിഞ്ഞില്ല. എല്ലാവരുംതന്നെ 25-26 വയസാണ് മതിച്ചത്! ഏതോ കോളെജ് കുമാരിയെ കാമുകൻ ഇവിടെ എത്തിച്ച് കൊന്നതാണെന്നുവരെ ചിലർ പറഞ്ഞത്രേ!
പൊലീസ് വന്നു തെരക്കിയിട്ടും ആളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. പിറ്റേന്ന് അവിടെത്തന്നെ നടത്തിയ പോസ്റ്റുമോർട്ടത്തിനുശേഷം അജ്ഞാത മൃതദേഹം എന്ന നിലയിൽ അടുത്തുള്ള റിസർവ് ഫോറസ്റ്റിൽ, മാടത്തരുവി തോടിന്റെ അരികിലായി, ശവശരീരം കുഴിച്ചിട്ടു.
പൊലീസിന്റെ അനാസ്ഥയെ കുറ്റപ്പെടുത്തിക്കൊണ്ട് നാലാം ദിവസം കലാനിലയം കൃഷ്ണൻനായരുടെ    തനിനിറം പത്രത്തിൽ ഭീകരമായ കൊലപാതക വാർത്ത പ്രസിദ്ധീകരിച്ചു; തുടർന്ന് പരമ്പരയായിത്തന്നെ... ആലപ്പുഴ കമ്പിക്കകത്ത് മറിയക്കുട്ടിയെ 3 ദിവസമായി കാണാതെ തിരക്കിക്കൊണ്ടിരുന്ന മറിയക്കുട്ടിയുടെ വീട്ടുകാർ ഈ പത്രവാർത്ത കണ്ട്, അമ്മ മറിയാമ്മയും സഹോദരൻ ചാക്കോയും മകൾ കൊച്ചുത്രേസ്യയും റാന്നി പൊലീസ് സ്റ്റേഷനിലെത്തി. മൃതദേഹത്തിൽനിന്നും കിട്ടിയ വസ്ത്രവും ആഭരണവും ഫോട്ടോയും കണ്ട് അവർ ആളെ തിരിച്ചറിഞ്ഞു-മറിയക്കുട്ടി!
പത്രവാർത്തയെത്തുടർന്ന് സമ്മർദ്ദത്തിലായ പൊലീസ് കൊലക്കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ശക്തമാക്കി. പൊലീസ് സംഘത്തിൽ പത്തനംതിട്ട സർക്കിൾ ഇൻസ്പെക്റ്റർ കെ. എം. ജോസഫ് (മുൻ മന്ത്രി കെ. എം. ജോർജിന്റെ പിതൃസഹോദര പുത്രൻ), അടൂർ ഡി.വൈ.എസ്.പി., കെ. വി. രാമനാഥൻ(മലയാറ്റൂർ രാമകൃഷ്ണൻ IASന്റെ സഹോദരൻ), എസ്.ഐ. (ഇടിയൻ!) കരുണാകരൻ, ക്രൈംബ്രാഞ്ച് എസ്.ഐ. കുഞ്ഞുമുഹമ്മദ് കുട്ടി എന്നിവരായിരുന്നു പ്രധാനികൾ. ചാവുംമണ്ണിൽ തേയിലത്തോട്ടത്തിൽ ജഡം കാണപ്പെട്ടതിനാൽ തോട്ടത്തിലെ പലരും സ്ത്രീതൊഴിലാളികൾ ഉൾപ്പെടെ രാവിലെ മുതൽ വൈകിട്ടുവരെ പൊലീസ് സ്റ്റേഷൻ മുറ്റത്ത് നിൽക്കേണ്ടിവന്നതിനാൽ തൊഴിലില്ലാതെയാവുകയും തൊഴികൊള്ളുകയും ഇടിയേൽക്കുകയും ചെയ്യേണ്ടി വന്നു. എന്തായാലും പൊലീസിന്റെ ഈ അന്വേഷണത്തിൻ്റെ ഫലമായി കേസിനോട് ബന്ധപ്പെട്ട ചില സൂചനകൾ ലഭിച്ചു.
(തുടരും)
ചിത്രത്തിൽ: കലാനിലയം കൃഷ്ണൻ നായർ 
കടപ്പാട്: ജോർജ്ജ് ജോസഫ് 
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ 
വീഡിയോ