'മാപ്പ് നാടകം' വാർത്ത വന്ന് ഒരു മാസവും ഒരാഴ്ചയും കഴിഞ്ഞ്, 2001 ജനുവരി 3നു ബനഡിക്റ്റ് മരിച്ചു. അതിനു ശേഷം 2001 ഡിസംബറിൽ, M J കളപ്പുരയ്ക്കൽ CMI(ദീപിക കൊച്ചേട്ടൻ) എന്ന പട്ടക്കാരൻ ഫാ. ബനഡിക്റ്റുമൂലം പുരോഹിത വർഗത്തിനുണ്ടായ അപമാനത്തിൽ മനംനൊന്ത് ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു-അഗ്നിശുദ്ധി!
പൊലീസും മാധ്യമങ്ങളും ചേന്ന് കെട്ടിച്ചമച്ച തെളിവുകൾ കൊണ്ടാണ് ബനഡിക്റ്റിനു വധശിക്ഷ വിധിച്ചതെന്നാണ് പുസ്തകത്തിലെ വാദം. ആ പുസ്തകത്തിലാണ് മന്ദമരുതിക്കാരനായ മണിമലേത്ത് പൈലോച്ചൻ എന്ന ‘മുതലാളി’യെ ആദ്യമായി അനാവരണം ചെയ്യുന്നത്. (ഈ മുതലാളി പ്രയോഗത്തിനു കാരണമുണ്ട്. മൃതദേഹം കാണപ്പെട്ട തേയിലത്തോട്ടത്തിന്റെ മുൻ ഉടമയായ മുണ്ടുകോട്ടയ്ക്കൽ കോരയെ മുതലാളി എന്നാണ് വിളിച്ചിരുന്നത്! അദ്ദേഹമാകട്ടെ 1966 ജൂൺ 10നു മരിക്കുകയും ചെയ്തു) കേസന്വേഷണത്തിന്റെ തുടക്കത്തിൽ, മൃതദേഹം കിടന്നിരുന്ന ബെഡ് ഷീറ്റ്, ഹോസ്റ്റലുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ളതാണെന്ന് പൊലീസ് മനസിലാക്കി. ടി പൈലോയുടെ ഒരു മകൾ അക്കാലത്ത് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നുണ്ടായിരുന്നു. അതിനാൽ പൊലീസ് പൈലോയുടെ വീട്ടിൽ തിരക്കി ചെന്നിരുന്നു. ജ്യേഷ്ഠൻ എന്ന നിലയിൽ, സ്വന്തം പറമ്പിൽ പണിയെടുത്ത് ഇളയ സഹോദരങ്ങളെ സംരക്ഷിച്ചിരുന്ന പൈലോയ്ക്ക് നാലാം ക്ലാസ് വിദ്യാഭ്യാസമാണുണ്ടായിരുന്നത്! ഈ ‘മുതലാളി!’ ആലപ്പുഴയിൽ ഒരു കയർ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നെന്നും മറിയക്കുട്ടി അവിടെ ജോലിക്കാരിയായിരുന്നെന്നുമാണ് ഗ്രന്ഥകാരനായ ഫാ.കളപ്പുരയ്ക്കൽ പറയുന്നത്! അവിടെവെച്ച് പൈലോയുമായുണ്ടായ അവിഹിത ബന്ധത്തിലൂടെയാണ് മറിയക്കുട്ടിക്ക് ജോയിമോനുണ്ടായതെന്നും മറിയക്കുട്ടി വീണ്ടും ഗർഭിണിയായപ്പോൾ പൈലോച്ചന്റെ സുഹൃത്തായ കാഞ്ഞിരപ്പള്ളിയിലെ ഡോക്ടറുടെ ക്ലിനിക്കിൽ ഗർഭച്ഛിദ്രം നടത്തുകയും അതുവഴി മറിയക്കുട്ടി മരണപ്പെടുകയും തുടർന്ന് കൊലപാതകമാക്കി മാറ്റാൻ മന്ദമരുതിയിൽ കൊണ്ടുവന്ന് തേയിലത്തോട്ടത്തിൽവെച്ച് കുത്തി മുറിവേല്പിച്ച് ഉപേക്ഷിക്കുകയുമായിരുന്നു എന്നാണ് കഥ. (കൊലക്കേസിന്റെ വിചാരണ സമയത്ത് ഈ ഗർഭവാദമില്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്. മറിയക്കുട്ടി ഗർഭിണിയല്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.)
കളപ്പുരക്കഥയിൽ പൊരുത്തപ്പെടാത്ത കണ്ണികൾ വളരെയേറെയാണ്.
1. സാക്ഷികളും തെളിവുകളും പൊലീസ് കെട്ടിച്ചമച്ചതായിരുന്നെങ്കിൽ രൂപതയുടെ ആശ്രിതരായിരുന്ന ചക്കരക്കടവ് പള്ളിയിലെ കപ്യാരും ചങ്ങനാശേരി മെത്രാസനമന്ദിരത്തിലെ അലക്കുകാരനും കുശിനിക്കാരനുമുൾപ്പെടെ സാക്ഷികളിൽ മിക്ക കത്തോലിക്കരും മൊഴിയിൽ ഉറച്ചു നിന്നത് എന്തുകൊണ്ട്?
2. ഫാ. ബനഡിക്റ്റിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തയുടനെ കേസ് റഫർ ചെയ്തുകളയാൻ സഭാനേതൃത്വം സമ്മർദ്ദം ചെലുത്തുകയും അതിനായി ഗവർണർക്ക് നിവേദനം നൽകുകയും ചെയതത് എന്തിന്?
3. ചങ്ങനാശേരിയിൽ താമസിക്കുന്ന, മറിയക്കുട്ടിയുടെ സഹോദരനായ കുഞ്ഞച്ചനെന്ന ഫിലിപ്പോസും അയാളുടെ ഭാര്യയും ആലപ്പുഴയിൽത്തന്നെയുള്ള തോമ്മായും മറിയക്കുട്ടിയുടെ തട്ടിക്കൊണ്ടുപോകപ്പെട്ട മകനും കൂറുമാറിയതെങ്ങനെ?
4. നിയമവിരുദ്ധമായ ഗർഭഛിദ്രത്തെക്കാൾ എത്രയോ ഗുരുതരമായ കുറ്റമാണ് കൊലപാതകം? പിന്നെന്തുകൊണ്ട് മുതലാളി മരണത്തെ കൊലപാതകമാക്കാൻ ശ്രമിച്ചു?
5. ഒരു മുതലാളിക്ക് പ്രതിയായി ഒരു പണിക്കാരനെ കാണിച്ചുകൊടുക്കാൻ അന്നത്തെക്കാലത്ത് യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. പിന്നെ എന്തിനു സ്വയം കുടുക്കിലാകുന്ന ഈ വിഡ്ഢിത്തത്തിനു അയാൾ ശ്രമിച്ചു?
6. കാഞ്ഞിരപ്പള്ളിയിൽനിന്നും മന്ദമരുതിയിലേക്കുള്ള ദൂരമാണ് മറ്റൊരു പ്രശ്നം. ഏതാണ്ട് 2 മണിക്കൂർ യാത്ര ചെയ്താൽ മാത്രമെ കാഞ്ഞിരപ്പള്ളിയിൽനിന്ന് മന്ദമരുതിയിൽ എത്താൻ കഴിയൂ. അത്ര സമയത്തിനു ശേഷം മൃതദേഹത്തിൽനിന്നും ഇത്രയധികം രക്തം പുറത്തു വരില്ല. (മുറിവുകളെല്ലാം മരണത്തിനു മുൻപെ ഏറ്റിട്ടുള്ളവയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊല്ലപ്പെട്ട മറിയക്കുട്ടിയെയോ അതിനാൽത്തന്നെ പ്രതിയായ ബനഡിക്റ്റിനെയോ തിരിച്ചറിയാത്ത സാഹചര്യത്തിൽ ഈ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് അട്ടിമറിക്കാൻ കഴിഞ്ഞില്ല!)
7. പൗലോച്ചന്റെ ജീപ്പിൽ ഒറ്റയ്ക്ക് കൊണ്ടുവന്ന് തേയിലത്തോട്ടത്തിൽ ഇട്ടു എന്നാണ് പറയുന്നത്. (സഹായികളുണ്ടായിരുന്നെങ്കിൽ ഒരു കത്തോലിക്കാ പുരോഹിതനെ കുടുക്കിയതാണെന്ന് അറിഞ്ഞപ്പോഴെങ്കിലും അയാൾ രംഗത്തു വരികയൊ വരുത്തുകയൊ ചെയ്യുമായിരുന്നല്ലോ!) 63കിലോയിലേറെ ഭാരമുണ്ടായിരുന്ന മറിയക്കുട്ടിയുടെ മൃതദേഹം ഒറ്റയ്ക്ക് ഒരാൾക്ക് എടുത്തുകൊണ്ടു പോകാൻ കഴിയുമായിരുന്നില്ല. പൈലോച്ചൻ അത്രയ്ക്ക് ആരോഗ്യവാൻ ആയിരുന്നില്ലതാനും.
8. മാത്രമല്ല, കഥയിൽ പറയുമ്പോലെ പൈലോയ്ക്ക് ജീപ്പില്ലായിരുന്നു. (ഇപ്പോൾ ഉയർന്ന സൗകര്യത്തിൽ ജീവിക്കുന്ന, അദ്ദേഹത്തിന്റെ മക്കൾക്ക് കാറുണ്ട്.)
9. കാഞ്ഞിരപ്പള്ളിയിൽ നിന്ന് മന്ദമരുതിയിലേക്ക് വരുന്നത് പൊന്തൻപുഴ എന്ന ഘോരവനത്തിലൂടെയാണ്. ഇപ്പോൾപോലും ഒരു നിബിഡവനമാണവിടം. പൈലോച്ചന്റെ വീട്ടിൽനിന്നും വളരെ ദൂരെയുള്ള ഈ സ്ഥലം മൃതദേഹം ഉപേക്ഷിക്കാൻ കൂടുതൽ സൗകര്യപ്രദമായിരുന്നു. എങ്കിൽ അതു കണ്ടുപിടിക്കുകപോലും സാധിക്കുമായിരുന്നില്ല. പൈലോച്ചൻ ആയിരുന്നു കൊല നടത്തിയതെങ്കിൽ എന്തുകൊണ്ട് അതു ചെയ്തില്ല?
10. പൈലോച്ചൻ ആലപ്പുഴയിൽ ജോലി ചെയ്തിട്ടില്ലെന്നു മാതമല്ല, അവിടെ പോവുകപോലും ഉണ്ടായിട്ടില്ലത്രെ!
11. കഥ സത്യമായിരുന്നെങ്കിൽ പുരോഹിതനായ ഗ്രന്ഥകാരൻ മണിമലേത്തുകുടുംബത്തോട് മാപ്പപേക്ഷിച്ചത് എന്തുകൊണ്ട്?
12. മറിയക്കുട്ടി കൊലക്കേസിൽ സാക്ഷിയായിരുന്ന് കൂറുമാറിയ ചന്ദ്രിക വർക്ക്ഷോപ്പിലെ സഹായി മാത്രമായിരുന്ന ബേബി, കേസ് കഴിഞ്ഞ് അധികം വൈകാതെ ടൂറിസ്റ്റ് ബസുടമയായതെങ്ങനെ?
13. കേസിന്റെ വിചാരണവേളയിൽ ഒരു മാസത്തിലേറെക്കാലം പ്രമാണിമാരുടെ കസ്റ്റഡിയിലായിരുന്ന, മൊഴിമാറ്റിയ മറിയക്കുട്ടിയുടെ മകനായ സിവിച്ചൻ, കൂലിപ്പണിക്കാരും കോളനിവാസികളുമായ മറ്റു മക്കളെക്കാൾ സാമ്പത്തികമുള്ളവനായി സ്വന്തം വീടും കടയുമുള്ളവനായി മാറിയതെങ്ങനെ? (ടി സംഭവം ചർച്ച ചെയ്യുന്നവരോട് കയർക്കുകയും ആക്രമിക്കാൻ തുനിയുകയും ചെയ്യുന്നത് ഇയാൾക്ക് പതിവാണത്രേ. മറ്റു സഹോദരങ്ങളുമായി അയാൾ സൗഹൃദത്തിലല്ല. ഒരാൾ വഴി ഞങ്ങൾ ബന്ധപ്പെട്ടെങ്കിലും അയാൾ അന്വേഷണ സംഘത്തോടു സംസാരിക്കാൻ തയ്യാറായതുമില്ല. നേരിട്ട് ബന്ധപ്പെടാൻ ധൈര്യം കിട്ടാഞ്ഞതിനാൽ ദൂരെ നിന്ന് നിരീക്ഷിച്ച് തിരികെ പോരാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. അന്നെടുത്ത ചിത്രം നഷ്ടപ്പെടുകയും ചെയ്തു.)
14. ഏറ്റവും പ്രധാനപ്പെട്ട കാര്യം വെളിപ്പെടുത്തലിൽ ഉൾപ്പെട്ടിരിക്കുന്ന നിയമപ്രശ്നമാണ്. ഇത്തരത്തിൽ ഒരു വെളിപ്പെടുത്തലുണ്ടായാൽ ആരോടു വെളിപ്പെടുത്തിയോ അയാൾ പൊലീസിൽ അറിയിച്ച് കുറ്റക്കാരെ ശിക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കാൻ ബാധ്യസ്ഥനാണ്. അല്ലെങ്കിൽ സർക്കാർ സ്വമേധയ കേസെടുക്കണം. (നക്സൽ വർഗീസ് വധം, എം.എം.മണി കേസുകൾ ഓർക്കുക) ഇതു രണ്ടുമുണ്ടായിട്ടില്ല. അങ്ങനെ നോക്കുമ്പോൾ ബനഡിക്റ്റും ബിഷപ്പ് പൗവ്വത്തിലും കുറ്റക്കാരാണ്.
അഗ്നിശുദ്ധിയിലെ ശുദ്ധിയില്ലാ കഥയെക്കുറിച്ച് അറിഞ്ഞ മണിമലേത്ത് പൈലോയുടെ മക്കൾ ടി പുസ്തകത്തിലെ പരാമർശത്തിനെതിരെ രംഗത്തു വന്നു. (ഈ കഥയൊഴിച്ച് ആ പുസ്തകത്തിലെ വിവരണം എല്ലാംതന്നെ വാസ്തവമാണ്) മേൽപ്പറഞ്ഞ പരാമർശം പുസ്തകത്തിൽനിന്നു പിൻവലിച്ച് മാപ്പപേക്ഷിക്കാത്തപക്ഷം ഗ്രന്ഥകർത്താവായ ഫാ. എം.ജെ. കളപ്പുരയ്ക്കലിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നു കാണിച്ച് മണിമലേത്ത് പൈലോച്ചന്റെ മകനായ എം.പി.ജേക്കബ് ഫാ. കളപ്പുരയ്ക്കലിന് കത്തയച്ചു. അതിനെത്തുടർന്ന് ഫാ.കളപ്പുരയ്ക്കൽ മനോരമയിലും ദീപികയിലും മാപ്പപേക്ഷ പ്രസിദ്ധികരിക്കുകയും പ്രസ്തുത പരാമർശമടങ്ങിയ ഭാഗം ഒഴിവാക്കിയ പുതിയ എഡിഷൻ പുസ്തകം മാത്രമെ ഇനി വിൽക്കൂ എന്നു രേഖാമൂലം ഉറപ്പു കൊടുക്കുകയും ചെയ്ത് തടിതപ്പി! (വാക്കിനു വിലയില്ലാത്ത കള്ളപ്പാതിരിമാർ അതേ പുസ്തകം വീണ്ടും വിറ്റു. അതിന്റെ സംക്ഷിപ്തരൂപമായി സി. ഡോ. ലിനോ മാർഗരറ്റ് പൊട്ടനാനി SABS(!) തയ്യാറാക്കിയ ‘അതിരമ്പുഴയുടെ അഗ്നിനക്ഷത്രം’ ആണ് ഇപ്പോൾ വിറ്റുകൊണ്ടിരിക്കുന്നത്. ഇതേ കഥതന്നെയാണ് ടി പുസ്തകത്തിലുമുള്ളത്. പക്ഷെ, പൈലോച്ചന്റെ പേരില്ല എന്നുമാത്രം)
ടി ഡോക്ടറുടെ മക്കൾ മന്ദബുദ്ധികളായി എന്നും അതിനാലാണ് അവർ മാപ്പപേക്ഷിച്ചതെന്നുമാണ് പ്രചരണം നടക്കുന്നത്. (മന്ദബുദ്ധികൾ എങ്ങനെ മാപ്പപേക്ഷിച്ചു എന്ന ചോദ്യം ഉദിക്കുന്നില്ല. കാരണം, വണക്കമാസക്കഥയിൽ ചോദ്യത്തിനു പ്രസക്തിയില്ല!) കഥയിലെ ഡോക്ടറുടെ അഞ്ചുമക്കളിൽ ഒരാൾ അങ്ങനെയുണ്ട് എന്നത് വാസ്തവമാണ്. പക്ഷെ, 1952ൽ ജനിച്ചയാളാണത്. ഡോക്ടറാണ് ഉത്തരവാദിയെങ്കിൽപ്പോലും കുറ്റം ചെയ്യുന്നതിനു മുമ്പേ ശിക്ഷ ലഭിക്കുന്നതെങ്ങനെ!? ഡോക്ടർക്കു മാത്രമെ ഇത്തരം കുട്ടികൾ ഉണ്ടായിട്ടുള്ളോ? എങ്കിൽ ബനഡിക്റ്റ് പക്ഷാഘാതം വന്നു 5 വർഷത്തോളം തളർന്നു കിടന്നത് എന്തുകൊണ്ട്?
കടപ്പാട്: ജോർജ്ജ് ജോസഫ്
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ്
ഫാദർ ബെനഡിക്റ്റ് ഓണംകുളം
വിശുദ്ധ വികാരിമാർ
വിശുദ്ധ പാപങ്ങൾ
വിശുദ്ധ നുണകൾ വീഡിയോ