Thursday, 16 April 2020

മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് - 11

ശ്രീ. കെ.എം.റോയ് മംഗളം പത്രത്തിൽ എഴുതിയ ലേഖനം.
മറിയക്കുട്ടിയുടെ കൊലപാതകം: ഞാന്‍ അറിഞ്ഞ ചില കാര്യങ്ങള്‍
നീണ്ട 45 വര്‍ഷം മുമ്പു നടന്ന സംഭവമാണു റാന്നിക്കടുത്തു മന്ദമരുതി വനപ്രദേശത്തുവച്ചു നടന്ന മറിയക്കുട്ടി എന്ന വീട്ടമ്മയുടെ കൊലപാതകവും അതുമായി ബന്ധപ്പെട്ട കൊലപാതകക്കേസില്‍ ഫാ. ബെനഡിക്‌ട് എന്ന കത്തോലിക്കാ വൈദികനു കൊല്ലം സെഷന്‍സ്‌ കോടതി വധശിക്ഷ നല്‍കിയതും. 1967-ല്‍ ആ വധശിക്ഷ കേരള ഹൈക്കോടതി റദ്ദാക്കുകയും ചെയ്‌തു.
അതു കേരളത്തില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൊലപാതകമാണ്‌. അന്നു ഞാന്‍ കോട്ടയത്തുനിന്നു പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധു ദിനപത്രത്തില്‍ സഹപത്രാധിപരായി ജോലി ചെയ്യുകയായിരുന്നു. ഫാദര്‍ ബെനഡിക്‌ട് മാത്രമല്ല ആ കേസുമായി ബന്ധപ്പെട്ട മിക്കവാറും പേര്‍ മൃതിയടഞ്ഞുകഴിഞ്ഞിരിക്കുന്നു. ഈ സംഭവത്തില്‍ ഫാദര്‍ ബെനഡിക്‌ട് നിരപരാധിയാണെന്നും മറ്റാരോ ആണു കൊലപാതകം ചെയ്‌തതെന്നും കൊലപാതകിയുടെ കുടുംബാംഗങ്ങള്‍ കുറ്റം തുറന്നുസമ്മതിക്കുന്നുണ്ടെന്നും പത്തുവര്‍ഷം മുമ്പു ചില പത്രവാര്‍ത്തകള്‍ വന്നു.
അതിനുശേഷം ഈയിടെ ഫാ. ബെനഡിക്‌ടിനെ വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ കത്തോലിക്കാ സഭയിലെ അതിരമ്പുഴയിലുള്ള ഒരു വിഭാഗം വൈദികര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌. അത്തരം ശ്രമങ്ങളെ എതിര്‍ക്കുന്ന മറ്റൊരു വിഭാഗം കത്തോലിക്കരുമുണ്ട്‌. മറിയക്കുട്ടി വധത്തെക്കുറിച്ച്‌ അക്കാലത്ത്‌ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഡിവൈ.എസ്‌.പിയായിരുന്ന കെ.വി. രാമനാഥന്‍ എന്നോടു പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ കുറിച്ചിടേണ്ടത്‌ എന്റെ ധാര്‍മികചുമതലയായി എനിക്കു തോന്നി. കേരള സര്‍ക്കാര്‍ സര്‍വീസില്‍ സെക്രട്ടറിയായിരുന്ന മലയാറ്റൂര്‍ രാമകൃഷ്‌ണന്റെ സഹോദരനാണു രാമനാഥന്‍.
എറണാകുളം ഭാരത്‌ ടൂറിസ്‌റ്റ് ഹോമിലെ മുറിയിലിരുന്നാണ്‌ സന്ദര്‍ഭവശാല്‍ കെ.വി. രാമനാഥന്‍ ആ സംഭവം വിവരിച്ചത്‌. അദ്ദേഹത്തിനു പോലീസ്‌ മേലധികാരികള്‍ നല്‍കിയ നിര്‍ദേശം തേഞ്ഞുമാഞ്ഞു പോകുമായിരുന്ന ആ കൊലപാതകത്തെക്കുറിച്ചു സത്യസന്ധമായി അന്വേഷണം നടത്തണമെന്നാണ്‌. രാമനാഥന്‍ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ മുറിയില്‍ ദേശബന്ധു പത്രത്തിന്റെ ഉടമ പി. നാരായണന്‍നായരും (സ്വരാജ്‌ മണി) പിന്നീടു മന്ത്രിയായി മാറിയ പി.എസ്‌.പി. നേതാവ്‌ പി.കെ. കുഞ്ഞുമുണ്ടായിരുന്നു.
ഒരു കത്തോലിക്കാ വൈദികന്‍ ഒരു കൊലക്കേസില്‍ ഉള്‍പ്പെടുന്ന സംഭവം കേരളത്തില്‍ ആദ്യത്തേതായിരുന്നു. സാധാരണ ഗതിയില്‍ കേരള പോലീസ്‌ അങ്ങനെയൊരു കേസ്‌ അന്വേഷിക്കുമായിരുന്നില്ല. പക്ഷേ, കലാനിലയം കൃഷ്‌ണന്‍നായരുടെ പത്രമായ 'തനിനിറ'ത്തില്‍ മറിയക്കുട്ടിയുടെ കൊലപാതകത്തെപ്പറ്റി വിശദമായ റിപ്പോര്‍ട്ട്‌ ഫോട്ടോ സഹിതം പ്രസിദ്ധീകരിക്കപ്പെട്ടു. കത്തിക്കുത്തേറ്റ ഏതാനും മുറിവുകളോടെ അര്‍ധനഗ്നയായി കിടക്കുന്ന മൃതദേഹത്തിന്റെ ഫോട്ടോ ആയിരുന്നു അത്‌. തുടര്‍ന്നു പല ദിവസങ്ങളായി അതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്താന്‍ സംസ്‌ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
അങ്ങനെയാണു സംഭവത്തിന്റെ അന്വേഷണച്ചുമതല ഡിവൈ.എസ്‌.പി. കെ.വി. രാമനാഥനെ സര്‍ക്കാര്‍ ഏല്‍പിച്ചത്‌. അന്വേഷണം നടത്തി വളരെ വ്യക്‌തമായ തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ വേണ്ടത്ര തെളിവില്ലെന്ന കാരണം പറഞ്ഞ്‌ ആ കേസ്‌ റഫര്‍ ചെയ്‌തു കളയാനായിരുന്നു പോലീസ്‌ മേലധികാരികളുടെ നിര്‍ദേശം. രാമനാഥന്‍ പറഞ്ഞതു വേണ്ടത്ര തെളിവില്ല എന്ന കാരണത്താല്‍ കേസ്‌ റഫര്‍ ചെയ്‌തു കളയാന്‍ തന്റെമേല്‍ വലിയ സമ്മര്‍ദവും പ്രലോഭനവും ഉണ്ടായിയെന്നാണ്‌. അതിനുവേണ്ടി അദ്ദേഹത്തിന്‌ എത്ര പണം കൈക്കൂലിയായി നല്‍കുന്നതിലും കത്തോലിക്കാസഭയില്‍ വലിയ സ്വാധീനമുള്ളവര്‍ മുന്നോട്ടുവന്നു. പക്ഷേ, തന്റെ മനഃസാക്ഷിയോടു സത്യസന്ധത കാണിക്കാനാണു താന്‍ തീരുമാനിച്ചതെന്നു രാമനാഥന്‍ പറഞ്ഞു.
കൊല്ലം പോലീസ്‌ ക്ലബില്‍ വച്ചാണു ഫാ. ബെനഡിക്‌ടിനെ രാമനാഥനും സംഘവും ചോദ്യം ചെയ്‌തത്‌. സത്യം പറയിപ്പിക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഒരൊറ്റ അടി മാത്രമേ ഫാ. ബെനഡിക്‌ടിനു നല്‍കിയിട്ടുള്ളൂ എന്നാണു രാമനാഥന്‍ പറഞ്ഞത്‌. പോലീസ്‌ ക്ലബില്‍ ഒരു കസേരയില്‍ അച്ചന്‍ ഇരിക്കുമ്പോള്‍ പിറകില്‍ നിന്നു കഴുത്തിനു പിറകില്‍ ഒരടി കൊടുത്തു. ആ അടിയില്‍ അച്ചന്‍ പുളഞ്ഞുപോയി. സാധാരണ ഗതിയില്‍ അത്തരം മര്‍ദനമേറ്റു വേദന സഹിച്ചിട്ടില്ലാത്ത ഏതൊരാള്‍ക്കും പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. ഹാബിച്വല്‍ ക്രിമിനല്‍ എന്നു പറയാവുന്ന സ്‌ഥിരം കുറ്റവാളികളൊന്നും അങ്ങനെ മര്‍ദിച്ചാലും സത്യം പറയില്ലെന്നതു മറ്റൊരു കാര്യം.
തന്നെ രാമനാഥന്‍ മര്‍ദിക്കുകയുണ്ടായില്ലെന്നും അതേസമയം മര്‍ദിക്കാന്‍ ശ്രമിച്ച ഒരു പോലീസ്‌ കീഴുദ്യോഗസ്‌ഥനെ രാമനാഥന്‍ തടയുകയാണു ചെയ്‌തിട്ടുള്ളതെന്നുമാണു വര്‍ഷങ്ങള്‍ക്കു ശേഷം ഫാ. ബെനഡിക്‌ട് പറഞ്ഞിട്ടുള്ളത്‌. തന്റെ ഈ ഒരൊറ്റ അടിയെ തുടര്‍ന്ന്‌ എല്ലാ സംഭവങ്ങളും കിളി പറയുന്നതുപോലെ ഫാദര്‍ ബെനഡിക്‌ട് വിവരിച്ചു എന്നാണു രാമനാഥന്‍ എന്നോടു പറഞ്ഞത്‌. അങ്ങനെയാണു വ്യക്‌തമായ തെളിവുകളോടെ ഐ.ജിയടക്കമുള്ള പോലീസ്‌ മേധാവികളുടെ മുമ്പാകെ രാമനാഥന്‍ കാര്യങ്ങള്‍ വിവരിച്ചത്‌.
പക്ഷേ, പോലീസ്‌ മേധാവികളില്‍നിന്നു ലഭിച്ച നിര്‍ദേശം എത്ര വ്യക്‌തമായ തെളിവുകളുണ്ടെങ്കിലും അത്‌ അന്നത്തെ ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്‌ മാര്‍ മാത്യു കാവുകാട്ടിനെ അരമനയില്‍ ചെന്നു കണ്ടു വിവരിച്ചുകൊടുക്കണമെന്നാണ്‌. അതിനുശേഷം ബെനഡിക്‌ട് അച്ചന്റെ മേല്‍ കൊലക്കേസ്‌ ചാര്‍ജ്‌ ചെയ്യേണ്ട എന്നാണ്‌ ആര്‍ച്ച്‌ ബിഷപ്‌ പറയുന്നതെങ്കില്‍ ഈ കേസ്‌ വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ റഫര്‍ ചെയ്‌തു കളഞ്ഞേക്കൂ എന്നായിരുന്നു മേലധികാരികളുടെ നിര്‍ദേശം. അങ്ങനെയാണു ആര്‍ച്ച്‌ ബിഷപ്പിനെ കാണാന്‍ അദ്ദേഹം ചങ്ങനാശേരിയിലേക്കു പോയത്‌.
പ്രാരംഭ അന്വേഷണം നടത്തുമ്പോഴൊന്നുംതന്നെ ഫാ. ബെനഡിക്‌ടിനെ ശിക്ഷിക്കണമെന്ന കാര്യത്തില്‍ തനിക്കു യാതൊരു വാശിയുമില്ലായിരുന്നു എന്നാണു കെ.വി. രാമനാഥന്‍ പറഞ്ഞത്‌. ''അതുകൊണ്ടു തന്നെയാണു ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പിനെ കാണാനും ഞാന്‍ മനസിലാക്കിയിട്ടുള്ള എല്ലാ വിവരങ്ങളും അദ്ദേഹത്തെ ധരിപ്പിക്കാനും ഞാന്‍ അരമനയില്‍ പോയത്‌."
"ദീര്‍ഘകായനായ ആര്‍ച്ച്‌ബിഷപ്‌ മാത്യു കാവുകാട്ട്‌ വളരെ സാത്വികനായ ഒരു മതശ്രേഷ്‌ഠനാണെന്നു കാഴ്‌ചയില്‍ എനിക്കു ബോധ്യമായി. അദ്ദേഹത്തോടൊപ്പമിരുന്ന്‌ എനിക്കു ശേഖരിക്കാന്‍ കഴിഞ്ഞ വിവരങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിനു വിവരിച്ചുകൊടുത്തു. ഫാ. ബെനഡിക്‌ടാണു മറിയക്കുട്ടിയെ കൊലപ്പെടുത്തിയതെന്നുള്ള തെളിവുകള്‍ മുഴുവന്‍ വിശദീകരിച്ചു.''
''എല്ലാം കേട്ടതിനുശേഷം ആര്‍ച്ച്‌ ബിഷപ്‌ എന്നോടു ചോദിച്ചതു ഫാ. ബെനഡിക്‌ട് തന്നെയാണ്‌ ഈ കൊലപാതകം ചെയ്‌തതെന്നു താങ്കള്‍ക്കു പൂര്‍ണമായും ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ടോ എന്നാണ്‌. അതെ എന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ ആര്‍ച്ച്‌ ബിഷപ്‌ പൂര്‍ണ നിശബ്‌ദനായി.
അല്‍പനേരം ധ്യാനനിരതനായി എന്നവണ്ണം കണ്ണുകളടച്ചിരുന്നതിനു ശേഷം എന്റെ നേരേ തിരിഞ്ഞു പറഞ്ഞത്‌, എങ്കില്‍ തീര്‍ച്ചയായും താങ്കള്‍ ബെനഡിക്‌ട് അച്ചന്റെ പേരില്‍ കൊലക്കുറ്റത്തിനു കേസ്‌ ചാര്‍ജ്‌ ചെയ്യണമെന്നാണ്‌.''
ചിത്രത്തിൽ: ചങ്ങനാശ്ശേരി അതിരൂപതാ മെത്രാൻ  മാത്യു കാവുകാട്ട്.

അങ്ങനെയാണു ഫാ. ബെനഡിക്‌ടിന്റെ പേരില്‍ കൊലക്കേസ്‌ ചാര്‍ജ്‌ ചെയ്യുന്നതിനു സംസ്‌ഥാന പോലീസ്‌ ഐ.ജി. തനിക്ക്‌ അനുമതി നല്‍കിയതെന്നും, അങ്ങനെ കൊലക്കുറ്റം ചാര്‍ജ്‌ ചെയ്‌തുവെന്നും രാമനാഥന്‍ അന്ന്‌ എന്നോടു പറഞ്ഞു.
ഈ കൊലക്കേസ്‌ വിചാരണ ചെയ്‌ത കൊല്ലം ജില്ലാ സെഷന്‍സ്‌ കോടതി ഫാ. ബെനഡിക്‌ടിനു വധശിക്ഷ വിധിക്കുകയും ചെയ്‌തു. ആ വിധിയിന്മേലുള്ള അപ്പീലപേക്ഷയില്‍ കേരള ഹൈക്കോടതിയിലെ ജസ്‌റ്റിസുമാരായ പി.ടി. രാമന്‍നായരും വി.പി. ഗോപാലന്‍ നമ്പ്യാരും കുറ്റം അസന്ദിഗ്‌ധമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല എന്ന കാരണത്താല്‍ ഫാ. ബെനഡിക്‌ടിനെ വെറുതേ വിടുകയാണുണ്ടായത്‌. ബെനഡിക്‌ട് അച്ചനുവേണ്ടി ഇന്ത്യയില്‍ അന്നത്തെ പ്രശസ്‌ത ക്രിമിനല്‍ അഭിഭാഷകനായ എ.എസ്‌.ആര്‍. ചാരിയാണു വാദിച്ചത്‌.
അന്നു കേരളത്തില്‍ സി.പി.എം. നേതാവ്‌ ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സപ്‌തകക്ഷി മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറിയിരുന്നു. ആ മുന്നണിയിലെ ഫാ. ജോസഫ്‌ വടക്കന്‍ നയിക്കുന്ന കര്‍ഷകത്തൊഴിലാളി പാര്‍ട്ടി അംഗവും അതിന്റെ എം.എല്‍.എ.യുമായ ബി. വെല്ലിംഗ്‌ടണ്‍ ആരോഗ്യവകുപ്പ്  മന്ത്രിയുമായിരുന്നു.
ഫാ. വടക്കന്‍ മുന്നണി നേതൃത്വത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഫലമായി ഹൈക്കോടതി വിധിയിന്മേല്‍ അപ്പീല്‍ കൊടുക്കേണ്ടതില്ലെന്ന്‌ ഇ.എം.എസ്‌. മന്ത്രിസഭ തീരുമാനിക്കുകയാണുണ്ടായത്‌. സെഷന്‍സ്‌ കോടതി ശിക്ഷിച്ച ഒരു കേസിലെ പ്രതിയെ ഹൈക്കോടതി വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ വെറുതെ വിട്ടതിനെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാതിരുന്നു എന്നതു ജുഡീഷ്യറിയിലെ തന്നെ അസാധാരണ സംഭവമായിരുന്നു.
1966 ജൂണ്‍ പതിനാറിനാണു മന്ദമരുതി വനപ്രദേശത്ത്‌ മറിയക്കുട്ടി കൊലചെയ്യപ്പെട്ട നിലയില്‍ കാണപ്പെട്ടത്‌. 1966 നവംബര്‍ പതിനെട്ടാം തീയതി ഫാ. ബെനഡിക്‌ടിനു കൊല്ലം ജില്ലാ സെഷന്‍സ്‌ കോടതി വധശിക്ഷ വിധിച്ചു. 1967 മേയ്‌ ഏഴാം തീയതി കേരള ഹൈക്കോടതി വേണ്ടത്ര തെളിവില്ലെന്ന കാരണത്താല്‍ ഫാ. ബെനഡിക്‌ടിനെ വെറുതേവിടുകയും ചെയ്‌തു.
പത്തുവര്‍ഷം മുന്‍പ്‌ ഫാ. ബെനഡിക്‌ട് വാര്‍ധക്യവും പക്ഷാഘാതവും മൂലം മൃതിയടഞ്ഞു. കൊലപാതകം നടന്നു 34 വര്‍ഷം കഴിഞ്ഞ്‌ കാഞ്ഞിരപ്പള്ളിയിലെ ഒരു ഡോക്‌ടറുടെ ഭാര്യയും മക്കളും വന്നു ബെനഡിക്‌ട് അച്ചനെ കണ്ടുവെന്നും ഒരു എസ്‌റ്റേറ്റ്‌ ഉടമ മൂലം ഗര്‍ഭിണിയായിത്തീര്‍ന്ന മറിയക്കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാനുള്ള തന്റെ ഭര്‍ത്താവിന്റെ ശ്രമത്തിനിടയില്‍ മറിയക്കുട്ടി മരണമടഞ്ഞുവെന്നും തുടര്‍ന്ന്‌ തന്റെ ഭര്‍ത്താവും മറ്റും ചേര്‍ന്നു കുത്തി മുറിവേല്‍പ്പിച്ചു മന്ദമരുതി വനത്തില്‍ കൊണ്ടുപോയി മറിയക്കുട്ടിയുടെ ശവശരീരം ഇടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞതായാണു പിന്നീട്‌ പത്രവാര്‍ത്തകള്‍ വന്നത്‌.
വിവാദപുരുഷനായ ആ ഡോക്‌ടറുടെ കുടുംബാംഗങ്ങള്‍ തന്നെ ഒരു കെട്ടുകഥയാണെന്നു പറഞ്ഞ്‌ ആ സംഭവങ്ങള്‍ നിഷേധിക്കുകയുണ്ടായി എന്നതു മറ്റൊരു കാര്യം.
അതിന്റെ നിജസ്‌ഥിതിയിലേക്കൊന്നും ഞാന്‍ പോകുന്നില്ല. അതില്‍ എനിക്കൊട്ടു താല്‍പ്പര്യവുമില്ല. സത്യമെന്താണെന്ന്‌ അറിയാവുന്നവര്‍ മൂന്നുപേര്‍ മാത്രമാണുള്ളത്‌. മറിയക്കുട്ടിയും മറ്റൊന്നു ഫാ. ബെനഡിക്‌ടും മറ്റൊന്ന്‌ ദൈവവും. മറിയക്കുട്ടിയും ബെനഡിക്‌ട് അച്ചനും ഇന്നു ജീവിച്ചിരിപ്പില്ല എന്നതുകൊണ്ട്‌ അവരുടെ മൊഴിയെ ആശ്രയിക്കാന്‍ ഇനി ആര്‍ക്കും സാധ്യമല്ല.

ബെനഡിക്‌ട് അച്ചനെ വിശുദ്ധ പദവിയിലേക്കുയര്‍ത്താന്‍ ചില വൈദികരും ഒരു വിഭാഗം വിശ്വാസികളും ചേര്‍ന്ന്‌ ശ്രമമാരംഭിക്കുകയും അച്ചനെ അടക്കം ചെയ്‌തിരിക്കുന്ന അതിരമ്പുഴ പള്ളിയിലുള്ള കല്ലറ ഇപ്പോള്‍ ഒരു തീര്‍ഥാടനകേന്ദ്രമാക്കി മാറ്റുകയും ചെയ്‌തിട്ടുള്ള പശ്‌ചാത്തലത്തില്‍ മറിയക്കുട്ടി കൊലക്കേസ്‌ അന്വേഷണത്തെക്കുറിച്ച്‌ 44 വര്‍ഷം മുന്‍പ്‌ ഡിവൈ.എസ്‌.പി. കെ.വി. രാമനാഥന്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോടു പറഞ്ഞ കാര്യങ്ങള്‍ ഇവിടെ കുറിച്ചിടേണ്ടത്‌ സാമൂഹ്യമായ ഒരു കര്‍ത്തവ്യമായി എനിക്കു തോന്നിയതുകൊണ്ട്‌ അതിവിടെ കുറിച്ചിടുകമാത്രമാണു ഞാന്‍ ചെയ്യുന്നത്‌. ഒരു കൊലപാതക സംഭവത്തില്‍ ആരെയെങ്കിലും വിധിക്കാന്‍ ഒരു വിധത്തിലും ഞാന്‍ ആളല്ലല്ലോ?
കെ എം റോയ് 
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ് 
ഫാദർ ബെനഡിക്റ്റ് ഓണംകുളം 
വിശുദ്ധ വികാരിമാർ 
വിശുദ്ധ പാപങ്ങൾ 
വിശുദ്ധ നുണകൾ വീഡിയോ 
[Fr. Benedict Onamkulam]