1966 ജൂൺ 4. പതിവുപോലെ അച്ചനെ സന്ധിക്കാനും പണം വാങ്ങാനുമായി ചങ്ങനാശേരിയിലെ പ്രസ്സിൽ ജോയിമോനുമായിവന്ന മറിയക്കുട്ടിയോട് ജൂൺ 15നു കുട്ടിയെ കൂടാതെ വരണമെന്നും ഒരു വീടും സ്ഥലവും കണ്ടുവെച്ചിട്ടുണ്ടെന്നും അവിടെ പോകുമ്പോൾ കുട്ടി ഒരു തടസമാണെന്നും ഫാ.ബനഡിക്റ്റ് പറഞ്ഞയച്ചു. അതനുസരിച്ച് ജൂൺ 15ന് വന്ന മറിയക്കുട്ടി, ചങ്ങനാശേരിയിൽത്തന്നെ താമസിക്കുന്ന സഹോദരനായ കുഞ്ഞച്ചൻ എന്നു വിളിക്കപ്പെടുന്ന ഫീലിപ്പോസിന്റെ വീട്ടിലാണ് ആദ്യമെത്തിയത്. അവിടെ നിന്നുമാണ് അവർ ബനഡിക്റ്റച്ചന്റെയടുത്തേക്ക് ചെന്നത്. അനാഥാലയത്തിലെത്തിയ മറിയക്കുട്ടിയെയുംകൂട്ടി ഫാ. ബനഡിക്റ്റ് വീടു കാണാനായുള്ള യാത്ര ആരംഭിച്ചു. ബനഡിക്റ്റ് മുൻപ് വികാരിയായിരുന്ന കണ്ണമ്പള്ളിക്കടത്തുള്ള മന്ദമരുതിയായിരുന്നു ലക്ഷ്യം. ഈ സ്ഥലം അദ്ദേഹത്തിനു പരിചിതമായിരുന്നല്ലോ. അസമയത്ത് മന്ദമരുതിയിൽ വന്നിറങ്ങിയ യുവാവിനെയും യുവതിയെയും താൻ കണ്ടെന്നു കൊപ്ര അട്ടിയിലെ പണിക്കാരൻ എബ്രാഹം ബേബി പറഞ്ഞത് ഇവരെയാണോ? ഒരു പക്ഷെ, അയാൾ കണ്ടത് ഫാദർ ബെനഡിക്റ്റ് ഓണംകുളത്തെ തന്നെയാണോ?
പൊലീസിന് ഫാ. ബനഡിക്റ്റ് തന്നെയാണ് മന്ദമരുതിയിലും റാന്നിയിലും ഉണ്ടായിരുന്നതെന്ന് ഉറപ്പാക്കണം. ഡിവൈഎസ്പി രാമനാഥന്റെയും സി.ഐ. കെ.എം.ജോസഫിന്റെയും നേതൃത്വത്തിൽ രാജുവിനെയും ബേബിയേയുംകൊണ്ട് ചങ്ങനാശേരി ബിഷപ്പിന്റെ അരമനയിലെത്തി. (അന്ന് ബിഷപ്പ് ഹൗസുകൾ അരമന എന്നാണ് വിളിക്കപ്പെട്ടിരുന്നത്.) രാജുവിനെയും ബേബിയെയും മുറ്റത്തിറക്കിയശേഷം ആരെങ്കിലും ഇറങ്ങിയോടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണമെന്നു പറഞ്ഞ് ഓഫീസറന്മാർ അകത്തേക്കു പോയത്രേ! അല്പം കഴിഞ്ഞ് ഇറങ്ങിവന്ന അവർ രാജുവിനെയും ബേബിയെയും വീണ്ടും വാഹനത്തിൽക്കയറ്റി അവിടെനിന്നിറങ്ങി അരമനയ്ക്കു മുൻപിലുള്ള പ്രസിന്റെ മുറ്റത്തേക്കു കയറി. വാഹനത്തിൽ പൊലീസിനെ കണ്ടയുടനെ ഒരു വൈദികൻ മുറിയിൽനിന്നിറങ്ങി വരാന്തയിലൂടെ പിൻവശത്തേക്കു പോകുന്നത് വണ്ടിയിലിരുന്ന രാജുവും ബേബിയും കണ്ടു, തിരിച്ചറിഞ്ഞു. ഓഫീസറന്മാർ പുറകെ ചെന്ന് പേരു ചോദിക്കുകയും ചില അച്ചടി ജോലികൾ ഏൽപ്പിക്കാനായി നിരക്കറിയാൻ വന്നതാണെന്ന് പറയുകയും ചെയ്ത് ഓഫീസിലേക്ക് കയറി. അല്പസമയത്തിനുശേഷം തിരികെ പോരുകയും ചെയ്തു.
പ്രസിൽ കണ്ട അച്ചനെയാണ് തങ്ങൾ തിരുവല്ലയിൽ കൊണ്ടുവിട്ടതെന്ന് അവർ സാക്ഷ്യപ്പെടുത്തി! അതോടെ തങ്ങളുടെ അന്വേഷണം പാഴായില്ലെന്നും ഫാ. ബനഡിക്റ്റാണ് കൊലയാളിയെന്നും പൊലീസ് ഉറപ്പാക്കി. പക്ഷെ, വിമോചനസമരത്തിലൂടെ സർക്കാരിനെവരെ വീഴിച്ച് ഉഗ്രപ്രതാപിയായി കത്തോലിക്കസഭ കത്തിജ്ജ്വലിച്ചുനിൽക്കുന്ന സമയത്ത്, ഒരു കത്തോലിക്കാ പുരോഹിതനെ കൊലക്കേസിൽ പ്രതിയായി അറസ്റ്റു ചെയ്യുന്നതിലെ അപകടം പൊലീസ് തിരിച്ചറിഞ്ഞു. അതും ആ സമരത്തിനു നേതൃത്വം നൽകിയ ബിഷപ്പ് കാവുകാട്ടിന്റെ കീഴിലുള്ള ഒരു പുരോഹിതൻ! അതിനാൽ ചങ്ങനാശേരിയിൽവെച്ചുള്ള അറസ്റ്റ് ഒഴിവാക്കാൻ പൊലീസ് തീരുമാനിച്ചു. അതിനാൽ പൊലീസ് തന്ത്രപൂർവമായ ഒരു നീക്കം നടത്തി. അന്വേഷണോദ്യോഗസ്ഥർ കാവുകാട്ട് ബിഷപ്പിനെ കണ്ട് പൊലീസ് കസ്റ്റഡിയിലുള്ള മടുക്കക്കുഴിയച്ചനെ വിട്ടയയ്ക്കണമെങ്കിൽ ഫാ. ബനഡിക്റ്റുകൂടി മൊഴി നൽകണമെന്നും അതിനായി ബനഡിക്റ്റച്ചനെ കൊല്ലം പൊലീസ് ക്ലബ്ബിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു! മാന്യനായിരുന്ന കാവുകാട്ട് മെത്രാൻ ആലോചിച്ച് പറയാമെന്ന് പറഞ്ഞ് അവരെ മടക്കി അയച്ചു.
ബിഷപ്പ് ബനഡിക്റ്റച്ചനെ വിളിപ്പിച്ച് കാര്യങ്ങൾ തിരക്കി. തനിക്ക് കുരുക്കു മുറുകി എന്നു മനസിലാക്കിയ ഫാ. ബനഡിക്റ്റ് തെറ്റുപറ്റിയെന്നു പറഞ്ഞ് ബിഷപ്പിനോട് മാപ്പപേക്ഷിച്ചുവത്രെ! രൂപതയുടെ കേസു നടത്തുന്ന വക്കീലായ എ.എ.ജോസഫിനെ കൂട്ടി കാറിൽ വൈകുന്നേരം ബനഡിക്റ്റച്ചനെ കൊല്ലം പൊലീസ് ക്ലബ്ബിലേക്കയച്ചു; രാത്രിയിൽ കൊല്ലത്തെത്താൻ പാകത്തിന്! കൊല്ലം പൊലീസ് ക്ലബ്ബിലെത്തിയ ഫാ.ബനഡിക്റ്റിനെ ഏറ്റുവാങ്ങിയ പൊലീസ്, അച്ചനെ പിറ്റേന്ന് അരമനയിൽ തിരിച്ചെത്തിക്കാം എന്നു പറഞ്ഞ് വക്കീലിനെ വന്ന കാറിൽത്തന്നെ തിരിച്ചയച്ചു.
ചിത്രം-ജോയിമോൻ-2011ഏപ്രിലിൽ
അന്നു രാത്രിയിൽ അച്ചനെ ഉറങ്ങാൻ വിട്ട പൊലീസ് പിറ്റേന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചു. മടുക്കക്കുഴിയുടെ അനുഭവവും തെളിവുകളുടെ ബാഹുല്യവും ഫാ. ബനഡിക്റ്റിനെ തളർത്തി....! ഒരേ ഒരടി മാത്രമെ അദ്ദേഹത്തിനു നൽകേണ്ടി വന്നള്ളു എന്നാണ് അന്വേഷണോദ്യോഗസ്ഥൻ DySP കെ.വി.രാമനാഥൻ പറഞ്ഞതെന്ന് പത്രപ്രവർത്തകൻ കെ.എം.റോയി അനുസ്മരിക്കുന്നു. മാത്രമല്ല, പൊലീസ് തന്നെ മർദ്ദിച്ചില്ലെന്നും മർദ്ദിക്കാൻ തുനിഞ്ഞ കോൺസ്റ്റബിളിനെ രാമനാഥൻ തടഞ്ഞതായും ഫാ. ബനഡിക്റ്റ് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. ആദ്യത്തെ അടിയോടെ എല്ലാം വിശദമായി ബനഡിക്റ്റ് പറഞ്ഞുകൊടുത്ത് കുറ്റം സമ്മതിച്ചത്രെ!! മന്ദമരുതിയിൽ മത്തായി ചാക്കോയുടെ (KLA 1542)കാറിലാണ് എത്തിയതെന്നും തിരുവല്ലയിൽനിന്നും ചങ്ങനാശേരിയിലെ അനാഥാലയത്തിൽ എത്തിയത് മുഹമ്മദ് നൂഹ് എന്നയാളുടെ ടാക്സിക്കാറിൽ (KLA 1634) വെളുപ്പിനു 4 മണിക്കാണെന്നും ഫാ. ബനഡിക്റ്റ് പറഞ്ഞു. 10 രൂപ നൽകി കാറിനു 9രൂ20പൈസയ്ക്ക് പെട്രോളടിച്ചിട്ടു പമ്പിൽനിന്നും ബാക്കി വാങ്ങാതെ ധൃതിയിൽ പോന്ന കാര്യം കാറുകാരൻ രാജു മറന്നെങ്കിലും അതു ബനഡിക്റ്റ് ഓർത്തു പറഞ്ഞത് പൊലീസിനെപ്പോലും അത്ഭുതപ്പെടുത്തി! (പെട്രോൾ പമ്പ് ജീവനക്കാരൻ തോമസ് ഇടിക്കുള ഇക്കാര്യം സാക്ഷി പറഞ്ഞിട്ടുണ്ട്’) അവസാനനിമിഷവും മറിയക്കുട്ടിയുടെ ശരീരം അനുഭവിച്ചശേഷമാണ് കൊല നടത്തിയതെന്ന പട്ടക്കാരന്റെ മൊഴി ഞെട്ടലോടെയാണ് പൊലിസ് കേട്ടത്. ആലസ്യത്തിലായിരുന്ന മറിയക്കുട്ടിയുടെ തലയിൽ നെറുക ലക്ഷ്യമാക്കിയാണ് ടോർച്ചുകൊണ്ടു അടിച്ചതെങ്കിലും ഉന്നംതെറ്റി മുഖത്തായിപ്പോയി! വേദനയിൽ മറിയക്കുട്ടി നിലവിളിച്ചപ്പോഴാണത്രെ കഴുത്തു മുറിച്ചത്!!!
വിഷയത്തിന്റെ ഗൗരവം മനസിലാക്കിയിരുന്ന ഡി.വൈ.എസ്.പി. രാമനാഥൻ ഫാ.ബനഡിക്റ്റിന്റെ മൊഴി മുഴുവൻ റെക്കോർഡു ചെയ്തിരുന്നു. ഫാ.ബനഡിക്റ്റ് കുടുക്കിലാകുമെന്നു മനസിലാക്കിയ സഭാധികാരികളും സമുദായത്തിലെ മറ്റു പ്രമാണിമാരും, കേസ് റഫർ ചെയ്തു കളയാൻ തന്റെമേൽ അതിഭയങ്കരമായ സമ്മർദ്ദം ചെലുത്തിയതായി അദ്ദേഹം പറഞ്ഞത് പത്രപ്രവർത്തകനായ ശ്രീ. കെ.എം.റോയി ഓർക്കുന്നു. അതിനായി എത്ര പണം വേണമെങ്കിലും മുടക്കാൻ അവർ തയ്യാറായിരുന്നുവത്രെ! ഗവർണർക്ക് നിവേദനം നൽകുകയും ചെയ്തു.
DySP രാമനാഥൻ തന്റെ മേലധികാരികളെ വിവരങ്ങൾ ധരിപ്പിച്ചു.
സ്കോട്ട്ലണ്ട് യാർഡിൽ പരിശീലനം ലഭിച്ച ജയറാം പടിക്കലായിരുന്നു അന്ന് ജില്ലാ പൊലീസ് സൂപ്രണ്ട്. കാര്യത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ മേലധികാരികൾ ഒരു നിർദ്ദേശംവെച്ചു: ബിഷപ്ഹൗസിൽ പോയി ആർച്ചുബിഷപ്പ് കാവുകാട്ടിനെക്കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുക. അദ്ദേഹം സമ്മതിക്കുന്നില്ലെങ്കിൽ വേണ്ടത്ര തെളിവില്ലെന്നപേരിൽ കേസ് റഫർ ചെയ്തുകളയുക!
നിർദ്ദേശപ്രകാരം DySP രാമനാഥൻ ജൂലൈ 31ന് ചങ്ങനാശേരി അരമനയിലെത്തി, ബിഷപ്പ് മാർ കാവുകാട്ടിലിനെ ആ മൊഴിയും കുറ്റസമ്മതവും കേൾപ്പിക്കുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. എല്ലാം കേട്ട് തളർന്ന കാവുകാട്ടു മെത്രാൻ, ബനഡിക്റ്റ് കൊല ചെയ്തെന്നു പൊലീസിനു ബോധ്യമായെങ്കിൽ അറസ്റ്റു ചെയ്തുകൊള്ളാൻ പറഞ്ഞു. അങ്ങനെ ജൂലൈ 26-നു പൊലീസ് കസ്റ്റഡിയിലെടുത്ത ബനഡിക്റ്റിന്റെ അറസ്റ്റ്, ആഗസ്റ്റ് 1-നു രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. പൊലീസിനെതിരെ എന്തെങ്കിലും പരാതിയുണ്ടോ എന്ന പതിവു കോടതിചോദ്യത്തിനു ‘ഒന്നുമില്ല, പൊലീസ് ഉപദ്രവിച്ചില്ല’ എന്നാണ് ഫാ.ബനഡിക്റ്റ് മറുപടി പറഞ്ഞത്. ഫാ.ബനഡിക്ററ്റ് ഓണംകുളത്തിന്റെ അറസ്റ്റുവാർത്ത കേട്ട് മലയാളനാട് നടുങ്ങി. കേരളം അന്നു രാഷ്ട്രപതി ഭരണത്തിലായിരുന്നു.
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ്
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ്
ഫാദർ ബെനഡിക്റ്റ് ഓണംകുളം
വിശുദ്ധ വികാരിമാർ
വിശുദ്ധ പാപങ്ങൾ
വിശുദ്ധ നുണകൾ വീഡിയോ