(ഭാഗം-2)
പൊലീസിനു കിട്ടിയ സൂചനകളിൽ പ്രധാനപ്പെട്ടവ ഇവയായിരുന്നു:
രാത്രി 10 മണിക്കുശേഷം ഒരു കാറിൽ മന്ദമരുതിക്കവലയിൽ വന്നിറങ്ങിയ ഒരു പുരോഹിതനും ക്രിസ്ത്യൻയുവതിയും കണ്ണമ്പള്ളി ഭാഗത്തേക്ക് നടന്നു പോകുന്നത് മന്ദമരുതി കവലയിലുള്ള കൊപ്ര അട്ടൽ ജോലിയിൽ ഏർപ്പെട്ടിരുന്ന താൻ, ലൈറ്റുവെളിച്ചത്തിൽ, കണ്ടിരുന്നതായി എബ്രാഹം ബേബി എന്നയാൾ പൊലീസിനു മൊഴി കൊടുത്തു.
അന്ന് അർധരാത്രിയിൽ “ദൈവമേ, എന്നെ കൊല്ലുന്നേ... എന്റെ തല പൊട്ടിയേ” എന്ന് ഒരു സ്ത്രിയുടെ നിലവിളിയും ഇടിക്കുന്നതുപോലുള്ള എന്തോ ശബ്ദവും കേട്ട ‘ഉണ്ണിറൈട്ടർ’ എന്ന മത്തായി മാത്യു നൂറ്റമ്പതുവാര അകലെയുള്ള സ്വന്തം വീട്ടിൽനിന്ന് ടോർച്ചടിച്ചു നോക്കി, ”ആരാ അത്” എന്നു ചോദിച്ചു എന്നും എന്നാൽ എന്തെങ്കിലും കാണുകയോ മറുപടി ലഭിക്കുകയോ ചെയ്തില്ല എന്നും പൊലീസിനെ അറിയിച്ചു.
ചികിൽസയിലായിരുന്ന മകന്റെ കുഞ്ഞ് മരിച്ചതിനാൽ വിവരം വീട്ടിൽ അറിയിക്കാനായി, മന്ദമരുതിക്ക് അടുത്തുള്ള മക്കപ്പുഴ ആശുപത്രിയിൽനിന്നും തങ്കമ്മ എന്ന കൂട്ടുകാരിക്കൊപ്പം ചൂട്ടുവെളിച്ചവുമായി നടന്നുവരികയായിരുന്ന റാഹേൽ എന്ന സ്ത്രീ, ഒരു കത്തോലിക്കാ വൈദികനെ, (നിലവിളിശബ്ദം കേട്ട് അല്പസമയത്തിനുശേഷം) മന്ദമരുതിയിൽവെച്ച് കാണുകയും, പരിഭ്രമിച്ച് വളരെ വേഗത്തിൽ തെക്കോട്ട് തങ്ങളെ കടന്നുപോകുകയും ചെയ്തതായും പൊലീസിനോട് പറഞ്ഞു.
ചിത്രം: മറിയക്കുട്ടിയുടെ മൃതദേഹം അടക്കിയ സ്ഥലം-2010ഡിസം.12ന് കണ്ടപ്പോൾ.
മറിയക്കുട്ടിക്ക് ഒരു കത്തോലിക്ക പുരോഹിതനുമായി ബന്ധമുണ്ടായിരുന്നതായി മറിയക്കുട്ടിയുടെ വീട്ടുകാരിൽനിന്നും പൊലീസിനു സുചന ലഭിച്ചിരുന്നു. പക്ഷെ, വീട്ടുകാർക്ക് ആ പുരോഹിതനെ അറിയില്ല. അതിനാൽ സ്ത്രീവിഷയങ്ങളിൽ പണ്ടേ നോട്ടപ്പുള്ളിയായിരുന്ന ഫാ. മടുക്കക്കുഴിയെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ‘പൊലീസ് മുറ’യിൽത്തന്നെ ചോദ്യം ചെയ്തു. പക്ഷെ, പ്രയോജനമുണ്ടായില്ല...
അങ്ങനെയിരിക്കെ റാന്നിയിലെ ചായക്കടയിൽ ആളുകൾക്കിടയിൽ ഒരു സംസാരമുണ്ടായി. ഒരു പുരോഹിതന്റെ ചേട്ടന്റെ മകളാണ് കൊല്ലപ്പെട്ട മറിയക്കുട്ടിയെന്നായിരുന്നു ആ കിംവദന്തി. ചായക്കടയുടെ അടുത്തുള്ള ലോഡ്ജിൽ ഒരു മാസത്തിലേറെയായി താമസിച്ച് കൂപ്പുതടി ലേലത്തിലെടുത്ത് വെട്ടിച്ചുകൊണ്ടിരിക്കയായിരുന്ന കാറുടമകൂടിയായ (KLQ 3729) ശ്രീ രാജു കേൾവിക്കാരാനായി അവിടെ ഉണ്ടായിരുന്നു. താനിന്നലെ രാത്രി ഒന്നര മണിക്കുശേഷം ഒരു വൈദികനെ തിരുവല്ലയിൽ കൊണ്ടുപോയി വിട്ടു എന്നും അയാളാണോ ഈ പുരോഹിതനെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ്
Tag:
മാടത്തരുവി മറിയക്കുട്ടി കൊലക്കേസ്
ഫാദർ ബെനഡിക്റ്റ് ഓണംകുളം
വിശുദ്ധ വികാരിമാർ
വിശുദ്ധ പാപങ്ങൾ
വിശുദ്ധ നുണകൾ