Thursday 30 July 2015

ആദവും ഹവ്വയും പാപം ചെയ്തിട്ടില്ല!


ആദ്യ പാപവും [ജന്മ പാപം] കുറേ അലങ്കൊലവും!

തിരുസഭ  ഏറ്റവും കൂടുതല്‍ കൊട്ടിഘോഷിക്കുന്ന ഒന്നാണ് ജന്മ പാപം.
ഉല്‍പത്തി പുസ്തകം മൂന്നാം അദ്ധ്യായം >
- ദൈവം ആദത്തെയും ഹവ്വയെയും സൃഷ്ട്ടിച്ച്  ഏദന്‍ തോട്ടത്തില്‍  പാര്‍പ്പിക്കുന്നു.
- നന്മ തിന്മ കളെക്കുറിച്ചുള്ള അറിവിന്റ്റെ വൃക്ഷത്തില്‍ നിന്നുള്ള പഴം കഴിക്കരുതെന്ന് അവരെ വിലക്കുന്നു. 
- സാത്താന്‍ പാമ്പിന്റ്റെ  രൂപത്തില്‍ വന്ന് സ്ത്രീയെ പ്രലോഭിപ്പിക്കുന്നു .
- അങ്ങനെ ദൈവത്തിന്റ്റെ കല്‍പ്പന ലംഘിച്ച്  വിലക്കപ്പെട്ട കനിഭക്ഷിച്ച്‌  അവര്‍ പാപം ചെയ്യുന്നു. 
- ഇതിനെ സഭ ഇന്ന് ജന്മപാപം എന്ന് വിളിക്കുന്നു.  _/|\_ 
- മാമ്മോദീസാ വഴി വിശ്വാസികള്‍ക്ക് ജന്മ പാപം   ഇല്ലാതാകുന്നു.


ദൈവത്തിന്റ്റെ കല്‍പ്പന:
"നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റ്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്. തിന്നുന്ന നിമിഷം നീ മരിക്കും" (ഉല്‍പത്തി 2: 16/17)

ആദവും ഹവ്വയും-
...... പുരുഷനും അവന്റ്റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്ക് ലജ്ജ തോന്നിയിരുന്നില്ല. (ഉല്‍പത്തി 2: 25)

സാത്താന്‍-
......അത് തിന്നുന്ന നിമിഷം നിങ്ങളുടെ കണ്ണുകള്‍ തുറക്കുമെന്നും, നന്മയും തിന്മയും അറിഞ്ഞു നിങ്ങള്‍ ദൈവത്തെപ്പോലെ ആകുമെന്നും ദൈവത്തിനു അറിയാം.
- സാത്താന്‍ ഹവ്വയേ പ്രലോഭിപ്പിക്കുന്നു.
ദൈവത്തിന്റ്റെ കല്‍പ്പന ലംഘിച്ച ആദവും ഹവ്വയും വഴി പാപം ലോകത്തില്‍  ഉത്ഭവിച്ചു.   

സഭ പഠിപ്പിക്കുന്നത്‌  ഇങ്ങനെ  _/|\_
പാപം  എന്നാല്‍ എന്ത്?
സാന്മാര്‍ഗിക തലത്തില്‍, ഒരു നിയമം തെറ്റിക്കുന്നതിനെയാണ് പാപം എന്ന് വിളിക്കുന്നത്‌. അതായത്, 
ദൈവ കല്‍പ്പനകളുടെ ലംഘനമാണ്പാപം. പാപത്തിന്റ്റെ ഫലം മരണവും. 
തിരുസഭയുടെ ഔദ്യോഗിക വേദ പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു -
‘Sin is an offense against reason, truth, and right conscience’

Reason  
======
യുക്തി പരമായി ചിന്തിച്ച് കാര്യങ്ങളെ വിവേചിച് അറിയാനുള്ള
കഴിവ്,
ബുദ്ധി,
വിചാര ശേഷി,
ജ്ഞാനം,
വിവേകം

Truth 
====
നേര്
സത്യം
യാഥാര്‍ത്ഥ്യം

Conscience 
==========
മനസ്സാക്ഷി
അന്തഃകരണം
വിവേചനശക്തി
ഉള്‍ക്കരുത്ത്‌
ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധം

ആദവും ഹവ്വക്കും  അത് വരെ  നന്മയും തിന്മയും എന്തെന്ന് തിരിച്ചറിയുന്നതിനുള്ള കഴിവ് ഇല്ലാത്തവരായിരുന്നു. ദൈവം അതിനുള്ള കഴിവ് അവര്‍ക്ക് നല്‍കിയിരുന്നില്ല. അത് ഒരു മരത്തിന്റ്റെ കായില്‍ ദൈവം ആവാഹിച്ച് വച്ചിരിക്കുകയായിരുന്നു. 
നഗ്നരായിരുന്നിട്ടും ലജ്ജ തോന്നാത്തവര്‍!
ദൈവം വിലക്കിയിരിക്കുന്ന മരത്തിന്റ്റെ ഫലം കഴിച്ചാല്‍ ഉണ്ടാകുന്ന വരും വരായ്കകളെകുറിച്ചുള്ള അവബോധം ഇല്ലാത്തവര്‍! 
അതുവരെ  ലോകത്തില്‍ ആരും തന്നെ മരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ മരണം എന്തെന്ന് അറിയാത്തവര്‍.

മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ശരീര വളര്‍ച്ച ഉണ്ടായിരുന്നിട്ടും, ബുദ്ധി വളര്‍ച്ച എത്താത്ത കുഞ്ഞുങ്ങള്‍. 
അവര്‍ക്ക് എങ്ങിനെയാണ് തെറ്റും ശരിയും തിരിച്ചറിയുന്നത്‌!?
അങ്ങനെയുള്ള അവസ്ഥയില്‍ കുഞ്ഞുങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തികളെ ആരാണ് തെറ്റായി കണക്കാക്കുന്നത്!?
ബുദ്ധി വളര്‍ച്ച ഇല്ലാത്ത  ഒരാള്‍ക്ക്‌ ചിന്തിക്കാനുള്ള കഴിവില്ല. ആ നിലക്ക് സ്വതന്ത്രമായി  തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവില്ല (free will). തെറ്റും ശരിയും വേര്‍തിരിച്ച് അറിയുന്നതിനുള്ള വിവേചന ശക്തിയില്ല.
നന്മയും തിന്മയും അവര്‍ തിരിച്ചരിയരുതെന്ന് അവരെ സൃഷ്ട്ടിച്ച ദൈവം പോലും വിലക്കിയിരുന്നു. 
അങ്ങനെയുള്ള ഒരാളെ കുറ്റം ചുമത്തുന്നത് എങ്ങനെയാണ്!?
ഏതു ജനപ്രാധിനിത്യ നിയമ സംഹിതയുള്ള  രാജ്യത്താണ് ഇത്തരക്കാരെ കുറ്റക്കാരായി വിധിക്കുന്നത്, ബൈബിളില്‍ അല്ലാതെ!?

വിലക്കപ്പെട്ട മരത്തിന്റ്റെ ഫലം കഴിച്ചത് ശേഷം  അവരുടെ കണ്ണുകള്‍ തുറന്നു. തങ്ങള്‍ നഗ്നരാണെന്ന് അവരറിഞ്ഞു.
അത്തിയിലകള്‍ കൂട്ടി തുന്നി അവര്‍ അരകച്ച ഉണ്ടാക്കി. 
എന്ത് കൊണ്ട് ഇതൊക്കെ അവരെ മുന്‍പേ പറഞ്ഞു മനസ്സിലാക്കി അവര്‍ക്ക് വസ്ത്രം നല്‍കിയില്ല ദൈവം!? 

പാപം ചെയ്ത അവരെ തോട്ടത്തില്‍ നിന്നും പുറത്താക്കി, 
തോട്ടത്തിന് കാവലും ഏര്‍പ്പെടുത്തി ദൈവം. 
മനുഷ്യന് കഴിക്കാന്‍ പാടില്ലാത്ത ഫലവും ആ വൃക്ഷവും എന്തിന് ദൈവംഎദന്‍ തോട്ടത്തില്‍  സൃഷ്ട്ടിച്ചു!?
ഇതെല്ലാം നേരത്തെ അറിയാമായിരുന്ന ദൈവം എന്ത് കൊണ്ട്  ആ മരത്തില്‍ നിന്നും ഫലം കഴിക്കാതിരിക്കാന്‍ മരത്തിന് ആദ്യമേ കാവല്‍ ഏര്‍പ്പെടുത്തിയില്ല!? 

ഈ കഥ നീങ്ങുന്നത്‌ പല  ഘട്ടങ്ങളിലായായാണ് -
ആദത്തിനെ സൃഷ്ട്ടിക്കുന്നു, നന്മ തിന്മകളെ കുറിച്ചുള്ള  അറിവിന്റ്റെ വൃക്ഷവും സൃഷ്ട്ടിക്കുന്നു. 
പിന്നീട്  ആദത്തിന് ദൈവം കല്‍പ്പന നല്‍കുന്നത് ഹവ്വയെ സൃഷ്ട്ടിക്കുന്നത് മുന്‍പാണ്. എന്ത് കൊണ്ട് ദൈവം ഹവ്വയെ സൃഷ്ട്ടിക്കുന്നത് വരെ കാത്തിരുന്നില്ല!?

ഒരു വ്യക്തിയെ കുറ്റകാരനായി വിധിക്കുമ്പോള്‍ അന്വേഷിചിരിക്കേണ്ട/ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് 
- ആ വ്യക്തിയുടെ പ്രായം 
- തെറ്റും ശരിയും തിരിച്ചറിയുന്നതിനുള്ള കഴിവ് 
- മാനസീക ആരോഗ്യ നില 
- ചെയ്യുന്ന കാര്യത്തെകുറിച്ചുള്ള അവബോധം
- ചെയ്യുന്ന കൃത്യത്തില്‍ നിന്നും ഉണ്ടാകാന്‍ ഇടയുള്ള അനുകൂലവും പ്രതികൂലവുമായ പ്രത്യാഘാതങ്ങള്‍, etc. 
(ജനാതിപത്യ നിയമ സംഹിതകളുള്ള രാജ്യങ്ങളില്‍ ഏഴു വയസ്സ് വരെയുള്ള കുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് ശിക്ഷിക്കപെടാറില്ല. തെറ്റിന്റ്റെ കാഠിന്യം മനസ്സിലാകുന്നതിനുള്ള മാനസ്സീക വളര്‍ച്ച ആ പ്രായം വരെ കുട്ടികള്‍ ആര്‍ജ്ജിച്ചിട്ടില്ല എന്നുള്ളത് കൊണ്ടാണിത്.)

ഇത് ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് നേരത്തെ അറിയാമായിരുന്ന ദൈവം പിന്നെ എന്ത് കൊണ്ട് ആദത്തിനെയും ഹവ്വയെയും കുഞ്ഞുങ്ങളായി ജനിപ്പിച്ചില്ല. അത് വഴി അവരെ നല്ല രീതിയില്‍ വളര്‍ത്താമായിരുന്നില്ലേ!?
അപ്പോ പിന്നെ പാപം, മരണം, നരകം,
മകന്‍, കുരിശുമരണം, മണ്ണാങ്കട്ട,  എന്നോക്കെപറഞ്ഞു വരാന്‍ പറ്റില്ലല്ലോ അല്ലേ!?
സര്‍വ്വ ജ്ഞാനിയായ ദൈവത്തിന്റെ ‘Intelligent Design’ എന്നൊക്കെ പറയുന്നത് ഇതാണോ!? 
ഹോ സമ്മതിച്ചു കോയ ദൈവത്തിന്റ്റെ  ഒരു സൂപ്പര്‍  ‘ഡിവൈന്‍ പ്ലാന്‍’ 

സാത്താന്‍ പാമ്പിന്‍റ്റെ  രൂപത്തില്‍ പറുദീസയില്‍  വന്ന് ഹവ്വയെ പ്രലോഭിപ്പിക്കുന്നു, അതുവഴി തിന്മ ഭൂമിയില്‍ തിന്മ ഉത്ഭവിച്ചു !
കൊള്ളാം! 
ദൈവം സൃഷ്ട്ടിച്ച പറുദീസയില്‍ ചെന്ന് മനുഷ്യരെ പ്രലോഭിപ്പിച്ച് പാപം ചെയ്യിച്ച്, ദൈവം അവരെ അവിടെനിന്നും ചവിട്ടി പുറത്താക്കുമ്പോള്‍, ദൈവ ദൂദര്‍ ചേര്‍ന്ന് മനുഷ്യരെ നരകത്തില്‍ കൊണ്ട് ചെന്നാക്കുന്നു എന്ന് സാരം. എന്ന് വച്ചാല്‍ സാത്താന് ഇഷ്ട്ടനുസരണം കയറി ഇറങ്ങാന്‍ മാത്രം സ്വാതന്ത്ര്യമുള്ള ഒരു സ്ഥലമാണ് പറുദീസാ എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ദൈവവും സാത്താനും ചേര്‍ന്ന് നടത്തുന്ന ഒരു പ്രസ്ഥാനം. ശക്തനായ ഒരു എതിരാളി ഇല്ലെങ്കില്‍ ഒരാള്‍ക്ക്‌ തന്റ്റെ കഴിവ് തെളിയിക്കാന്‍ പറ്റില്ല എന്ന സത്യം ദൈവത്തിന്റ്റെ കാര്യത്തിലും അനിവാര്യമാണ് എന്ന് ഇവരുടെ ബന്ധത്തില്‍ നിന്നും മനസ്സിലാക്കാം. 

അറിവില്ലാതെ ചെയ്ത ഒരു കാര്യത്തിന്റ്റെ  പേരില്‍ കുറ്റം ചുമത്തി ഇന്നും ആ കുറ്റത്തിന് ശിക്ഷ അനുഭവിക്കാന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ട ദൈവത്തിന്റ്റെ തിരഞ്ഞെടുക്കപ്പെട്ട യഹൂദ ജനത്തിന്റ്റെ പിന്‍ തലമുറക്കാരായ [യഹൂദ വിശ്വാസത്തിന് വൈരുദ്ധ്യമായി  ജീവിക്കുന്ന] ക്രിസ്ത്യാനികളുടെ ഭയമെന്ന വിശ്വാസത്തെ ചൂഷണം ചെയ്തു, തലമുറകളായി മൃഷ്ട്ടാന്ന ഭോജനം നടത്തുന്നവരുടെ ബുദ്ധിക്ക് അടിമകളായവരോട് അനുകമ്പ മാത്രം.

ഏദന്‍ തോട്ടത്തില്‍ നിന്നും പുറത്താക്കി  പടിയടച്ച്  പിണ്ഡം വയ്ക്കാന്‍ മാത്രമുള്ള തെറ്റൊന്നും അവര്‍ ചെയ്തിട്ടില്ല. 
ഭൂമിയില്‍ അലഞ്ഞു നടന്നു അപ്പം കിട്ടാതെ ഇന്നും മനുഷ്യര്‍ മരിക്കുന്നുണ്ട്! 
ഇതോ....  
കരുണയുള്ള, 
കരുതലുള്ള, 
സ്നേഹമുള്ള, 
ക്ഷമിക്കുന്ന,
രക്ഷിക്കുന്ന, 
പിതാവായ ദൈവം! 
ഇന്ന് രക്ഷിക്കാനായിരുന്നെങ്കില്‍, അന്ന് ശിക്ഷിക്കാതിരിക്കാമായിരുന്നില്ലേ!?
അപ്പോള്‍ നിന്റ്റെ മകനെയും കൊല്ലാതിരിക്കാമായിരുന്നില്ലേ,  സര്‍വ്വ ജ്ഞാനിയായ ദൈവമേ!? 

ബൈബിളിലെ ദൈവം മനുഷ്യരെ സ്നേഹിച്ചത്പോലെ മനുഷ്യര്‍ തങ്ങളുടെ മക്കളെ സ്നേഹിച്ചിരുന്നെങ്കില്‍ ഇന്ന് മനുഷ്യരാശി തന്നെ ഭൂമിയില്‍ ഉണ്ടാകുമായിരുന്നില്ല. 

ചെയ്യാത്ത കുറ്റത്തിന്റ്റെ പേരില്‍ ഇന്നും 
അപകര്‍ഷതാ ബോധത്തില്‍  കഴിയേണ്ടി വരുന്ന ഒരുകൂട്ടം ജനത്തിന്റ്റെ വിശ്വാസം എന്ന ഭയത്തെ ചൂഷണം ചെയ്ത്, അവരെ വളരാന്‍ അനുവദിക്കാതെ, ഇന്നും  അവരെ നിയത്രിക്കുന്നവരുടെ തലമുറയെ  എന്ത് പേര് വിളിക്കണം!? 

ആദവും ഹവ്വയും പാപം ചെയ്തു എന്ന് കുറ്റംചാര്‍ത്തി ശിക്ഷിക്കുന്നതിന്  മുന്‍പ് തന്നെ, പാപതിന്റ്റെ കാരണഭൂതനായ  സാത്താന്‍ ഉണ്ടായിരുന്നു. അപ്പോള്‍  സാത്താനെ സൃഷ്ട്ടിച്ചത് ആരാണ്!? എന്തിനാണ്!? 
അതോ.... 
വിശ്വാസം വില്‍ക്കാന്‍ സാത്താനെ ഒരു കൂട്ടര്‍ സൃഷ്ട്ടിച്ചതോ!?
തുടരും.....
______________________________________