Sunday 3 May 2020

ജിസമോൾ ദേവസ്യ വധക്കേസ് - 2

ജിസമോൾ ദേവസ്യ വധക്കേസ് - 2
ഇതിനിടയിൽ ബിന്നി പ്രിൻസിപ്പലിനെ പലതവണ കണ്ട് ജിസയുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിരുന്നു. അപ്പോഴൊക്കെ വ്യത്യസ്തരീതിയിലാണ് സംഭവത്തെക്കുറിച്ച് അവർ പറഞ്ഞത്. ചേറ്റുപുഴ പള്ളിയിൽവെച്ച് കണ്ടപ്പോൾ ദന്തഡോക്ടറെക്കാണാൻ പോയിട്ട് വൈകി വന്നു എന്ന് പറഞ്ഞ അവർ മൂന്നാം ദിവസം വീട്ടിൽ വന്നപ്പോൾ പറഞ്ഞത് അച്ചനെക്കാണാൻ പുറത്തുപോയിട്ട് വേഗം തിരിച്ചുവന്ന താൻ ഓഫീസിലുണ്ടായിരുന്നു എന്നാണ്. മൂന്നാം തവണ ഓഫീസിൽ ചെന്നു കാണുമ്പോൾ പറഞ്ഞത് അവരുടെ ബെഡ് റൂമിലെ ബാത്ത് റൂമിൽ ഇരിക്കുമ്പോൾ മുകളിൽനിന്നും കരച്ചിൽകേട്ട് അവിടേക്ക് ഓടിച്ചെല്ലുകയായിരുന്നു എന്നുമാണ്. ജീസയുടെ കൂട്ടുകാരികളായ കുട്ടികളോട് ഒറ്റയ്ക്കു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രിൻസിപ്പൽ സി. മോഡസ്റ്റാ SABS അതനുവദിച്ചില്ല. ജീസയുടെ മരണശേഷം തുടക്കം മുതൽ കന്യാസ്ത്രീകളുടെയും പൊലീസിന്റെയും ഇടപെടലിൽ ഉണ്ടായിരുന്ന സംശയം ബലപ്പെട്ട മാതാപിതാക്കൾ 2006 ജനുവരി 7നു ഡിഐജിയ്ക്ക് പരാതി നൽകിയിരുന്നു.

പരീക്ഷ നടന്ന ദിവസം പ്രിൻസിപ്പൽ സി.മോഡസ്റ്റതന്നെയാണ് ചോദ്യങ്ങൾ പറഞ്ഞുകൊടുത്തത് എന്നു കുട്ടികൾ പറയുന്നു. പ്രൈമറി ക്ലാസുകളിലേതുപോലെ ചോദ്യങ്ങൾ പറഞ്ഞുകൊടുക്കുകയായിരുന്നത്രേ! മുൻപ് മോഡൽ പരീക്ഷയ്ക്ക് അച്ചടിച്ച ചോദ്യമായിരുന്നു. ചോദ്യങ്ങൾ പറഞ്ഞുകൊടുത്തശേഷം സി.മോഡസ്റ്റാ പുറത്തുപോയെന്നും ട്യൂട്ടർ ലിന്റയാണ് തുടർന്ന് സൂപ്പർവിഷൻ നടത്തിയതെന്നുമാണ് കുട്ടികൾ പറയുന്നത്. ജീസയെ കോപ്പിയടിച്ചു പിടിച്ചശേഷം ലിന്റ ജീസയെ കൂട്ടിക്കൊണ്ട് പുറത്തുപോയതായും ജീസയും ലിന്റയും ഓഫീസ് റൂമിനു മുൻപിൽ സംസാരിച്ചുകൊണ്ടു നിൽക്കുന്നത് കണ്ടതായും ജിസ്ന എന്ന കുട്ടി പറയുന്നു. അതിനുശേഷം മറ്റൊരു ട്യൂട്ടറായ മിനി സൂപ്പർവിഷനായി ക്ലാസിൽ എത്തിയതായും ജിസ്ന പറയുന്നു. ( ജിസ്ന സി. എലൈസയുടെ ബന്ധുവാണ്, ഫ.പോൾ പയ്യപ്പള്ളിക്ക് വേണ്ടപ്പെട്ടവളുമാണ്!) അത്രയും സമയം അധ്യാപകരുടെ സാന്നിധ്യമില്ലാതെ പരീക്ഷ എഴുതിക്കൊണ്ടിരുന്ന കുട്ടികളെ ലിന്റയ്ക്ക് സംശയമില്ലായിരുന്നുപോലും!


ട്യൂട്ടർ ലിന്റ പറയുന്നത്, എഴുതിക്കൊണ്ടുവന്ന കടലാസ് ഉത്തരക്കടലാസിന്റെ കൂടെ പിൻ ചെയ്തു വെക്കാനായിരുന്നു ജീസമോൾ ശ്രമിച്ചതെന്നാണ്. എന്നാൽ പ്രിൻസിപ്പൽ പറഞ്ഞത് ആ കടലാസിൽ താൻ കൊടുത്ത ചോദ്യത്തിന്റെ ഉത്തരമായിരുന്നില്ലെന്നാണ്. ചോദ്യം മാറ്റിയിട്ടിരുന്നു എന്നും അവർ പറയുന്നു. കോപ്പിയടിച്ചെന്നു പറയുന്ന പേപ്പർ കാണണമെന്നു പറഞ്ഞപ്പോൾ പൊലീസ് സ്റ്റേഷനിലാണെന്നും പ്രിസിപ്പൽ പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽച്ചെന്ന് ചോദിച്ചപ്പോൾ ഒരു വശം മാത്രമെഴുതിയ രണ്ടു കടലാസാണ് എസ്.ഐ. വിജയകുമാർ കാണിച്ചതെന്ന് ബിന്നി പറയുന്നു. പക്ഷെ, വായിക്കാൻ അയാൾ അനുവദിച്ചില്ല. നോക്കാൻ ശ്രമിച്ചപ്പോൾത്തന്നെ വായിക്കേണ്ട എന്നു പറഞ്ഞ് അയാളുടെ തലയ്ക്കു പുറകിൽ മാറ്റിപ്പിടിച്ചു എന്നാണ് ബിന്നി പറയുന്നത്. പിന്നീട് CI ബിജു ഭാസ്കർ, DySP എന്നിവരെ കണ്ട് കോപ്പിയടിച്ച കടലാസ് ആവശ്യപ്പെട്ടപ്പോൾ 7-8 ഷീറ്റ് പഴയ പേപ്പർ ആയിരുന്നു ബിന്നിയെ കാണിച്ചത്. അത് ജീസമോളുടെ പേപ്പർ ആയിരുന്നില്ലെന്ന് ബിന്നി പറയുന്നു. ഇക്കാര്യം പൊലീസിനോടു പറഞ്ഞപ്പോൾ സ്കൂളിൽനിന്നും ഇതാണ് ലഭിച്ചതെന്നാണ് അവർ പറഞ്ഞത്. ഇക്കാര്യം പ്രിൻസിപ്പലിനോടു ചോദിച്ചപ്പോൾ ആ പേപ്പർതന്നെയാണ് ജീസമോളുടെ ഉത്തക്കടലാസെന്നാണ് സി.മോഡസ്റ്റ പറഞ്ഞതത്രേ! പിന്നീട് പറഞ്ഞത് ഉത്തരക്കടലാസ് പയ്യപ്പള്ളിയച്ചനെ ഏൽപ്പിച്ചു. അച്ചന്റെ കൈയ്യിൽനിന്നും നഷ്ടപ്പെട്ടുപോയെന്നും! (20കുട്ടികളുടെ ബാച്ചിൽ പരീക്ഷയെഴുതിയ 18 കുട്ടികളിൽ ജീസയുടെ ഒഴികെ മറ്റു 17 കുട്ടികളുടെയും ഉത്തരക്കടലാസ് അവരുടെ പക്കലുണ്ടുതാനും!)

സ്കൂളിൽ +2വിനുൾപ്പെടെ 50ശതമാനത്തിനു മുകളിൽ മാർക്കാണ് ജീസയ്ക്ക് കിട്ടിയിരുന്നത്. ഒരു ക്ലാസിലും ജീസ തോറ്റിരുന്നില്ല. ഇതിനു മുൻപ് ഒരിക്കലും കോപ്പിയടിക്കുകയോ എന്തെങ്കിലും കള്ളത്തരം കാണിക്കുകയോ ചെയ്തിട്ടില്ലെന്നു അമ്മ ബിന്നി പറയുന്നു.
ജീസയും ലിന്റയും സംസാരിച്ചുകൊണ്ടു നിന്നതിനുശേഷം ജീസ മുകൾനിലയിലെ തന്റെ മുറിയിലേക്ക് കയറിപ്പോകുന്നത് കണ്ടെന്ന് ജിസ്ന പറഞ്ഞതായി പറയപ്പെടുന്നു. കുറച്ചു കഴിഞ്ഞ് മുകളിലേക്ക് പോകാൻ തുടങ്ങിയ ജിസ്നയെ പ്രിൻസിപ്പൽ തിരിച്ചു വിളിച്ച് മുറ്റത്തെ പുല്ലു പറിക്കുന്ന ജോലി ഏൽപ്പിച്ചുവെന്നും പിന്നീട് വീണ്ടും പോകാനൊരുങ്ങിയപ്പോഴും ഇത്തരത്തിൽ ആവർത്തിച്ചുവെന്നും!

രണ്ടു മാസം മുൻപ് ഉറക്കത്തിൽ ജീസമോളുടെ കൈയ്യിൽ എലി മാന്തിയിരുന്നു. ബിന്നി ഫോൺ വിളിച്ച് സംസാരിച്ചപ്പോൾ ഇക്കാര്യവും ജീസമോൾ അമ്മയോടു പറഞ്ഞു. സിസ്റ്ററോട് ഇക്കാര്യം പറഞ്ഞില്ലേ? എന്തു പറഞ്ഞു എന്നു ബിന്നി ചോദിച്ചപ്പോൾ “ഇവിടെ ഇതു പതിവാണ്. പറഞ്ഞിട്ടൊന്നും കാര്യമില്ല.” എന്നാണത്രേ ജീസമോൾ പറഞ്ഞത്. ബിന്നി പ്രിൻസിപ്പലിനെ വിളിച്ചു ഇക്കാര്യം പറയുകയും ജീസമോളെ നല്ലതുപോലെ നോക്കണം. വേണ്ടതു ചെയ്യണം എന്നാവശ്യപ്പെടുകയും ചെയ്തത് സിസ്റ്റർക്ക് ഇഷ്ടമായില്ല. അവർ ദേഷ്യപ്പെട്ട് “ഇവിടെ നിൽക്കുന്ന കുട്ടി ഇവിടെയല്ലേ പറയേണ്ടത്. ഉടനെ വീട്ടിലേക്ക് വിളിച്ചുപറയുകയാണോ വേണ്ടത്? കുട്ടിയെ നോക്കില്ല” എന്നു പറഞ്ഞ് ഫോൺ കട്ടു ചെയ്യുകയും ചെയ്തു എന്നു ബിന്നി പറയുന്നു.

പിന്നീട് ജീസമോൾക്ക് പാസ്പോർട്ടെടുക്കുന്നതിന് അപേക്ഷ സമർപ്പിക്കാൻ വേണ്ടി SSLC സർട്ടിഫിക്കറ്റ് മേടിക്കാനായി ബിന്നി ചെന്നപ്പോൾ പ്രിൻസിപ്പൽ സി.മോഡസ്റ്റ വളരെ മോശമായാണ് ജീസയെക്കുറിച്ച് സംസാരിച്ചത്. “മകൾ ബ്യൂട്ടി പാർലറിൽ നിന്നിറങ്ങി വരുന്നപോലാണല്ലോ നടക്കുന്നത്! ഇവളെങ്ങനെ ഫോറിനിൽ പോയി ജോലി ചെയ്യും...?” എന്നൊക്കെയാണത്രേ പറഞ്ഞത്. (ബിന്നിയുടെ 4 സഹോദരങ്ങൾ ഓസ്റ്റ്രിയയിൽ ജോലിചെയ്യുന്നുണ്ട്. അവരുടെകൂടെ പോകാനൊരുങ്ങിയിരിക്കയായിരുന്നു ജീസമോൾ.)

ബിന്നി പറയുന്നു-“എന്റെ ജീസമോൾ കോപ്പിയടിക്കില്ല. അവൾ എന്നെയും സഹോദരങ്ങളെയും വീട്ടുകാരെയും ഉപേക്ഷിച്ച് മരിക്കാൻ തയ്യാറാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞങ്ങൾക്കിടയിൽ അത്രയേറെ സ്നേഹമായിരുന്നു. പോരെങ്കിൽ കോഴ്സ് തീരാൻ 12 ദിവസങ്ങൾ മാത്രമാണ് അവശേഷിച്ചിരുന്നത്. ഏഴാം ദിവസം അവസാനപരീക്ഷ നടക്കാനിരിക്കയുമായിരുന്നു. അവൾ മരിച്ചതല്ല. കൊന്നതാണ്.

അവളെ ഒന്നാം വർഷവും രണ്ടാം വർഷവും പഠിപ്പിച്ചിരുന്ന ഒരു മിസ് ഇപ്പോൾ ബാംഗ്ലൂരിലാണ് ജോലി ചെയ്യുന്നത്. അവരെ വിളിച്ച് സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ജീസയ്ക്ക് കോപ്പിയടിക്കേണ്ട കാര്യമില്ല. അവരവിടെ പഠിപ്പിച്ചിരുന്നപ്പോൾ നന്നായി പഠിക്കുകയും നന്നായി പെരുമാറുകയും ചെയ്തിരുന്ന കുട്ടിയായിരുന്നു അവൾ. കോപ്പിയടിക്കാതെതന്നെ അവൾക്ക് ജയിക്കാൻ കഴിയും. മാത്രമല്ല ഇതു മോഡൽ പരീക്ഷയല്ലേ? റിസൽട്ടിനെ ബാധിക്കുന്നതല്ലല്ലോ! എന്നാണ്.

ജീസ മരിക്കുന്നതിനു കുറച്ചുനാൾമുൻപ് വീട്ടിൽ വന്നപ്പോൾ അവിടത്തെ മോശം സാഹചര്യങ്ങൾ സൂചിപ്പിച്ചിരുന്നു. “അമ്മച്ചീ, അവിടത്തെ സിസ്റ്റേഴ്സ് തമ്മിൽ ഭയങ്കര പോരും വഴക്കുമാണ്. അവർ തമ്മിൽ പറയുന്ന ഭാഷ കേൾക്കാൻ കൊള്ളാത്തതാണ്. അങ്ങനെയാണ് അവിടത്തെ ഒരു സിസ്റ്റർ മരിച്ചത്. അതെങ്ങനെയെന്ന് അമ്മച്ചിക്കറിയാമോ?” തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ ബിന്നി, ജീസമോളെ തടഞ്ഞുകൊണ്ടു, പറഞ്ഞു, “ആ വക കാര്യങ്ങൾ നീ അന്വേഷിക്കണ്ട. മൂന്നു വർഷത്തെ പഠനം കഴിഞ്ഞ് തിരികെ പോരേണ്ടവളാണ് നീ. ആ നീ മര്യാദയ്ക്ക് പഠിച്ചാൽ മതി. ഇതൊന്നും തിരക്കാൻ പോകണ്ട.’’ എന്നാണ് പറഞ്ഞത്. “അതു തെറ്റായിപ്പോയെന്നു ഇപ്പോൾ തോന്നുന്നു. എല്ലാം അറിഞ്ഞിരിക്കേണ്ടതായിരുന്നു. എന്റെ മകൾ കന്യാസ്ത്രീകളുടെ എന്തോ കള്ളത്തരം കണ്ടു പിടിച്ചതിനാൽ അവർ അവളെ കൊന്നതാണെന്നാണ് ഞാൻ കരുതുന്നത്.” ബിന്നി പറഞ്ഞു.

ആ കന്യാസ്ത്രീമരണത്തെക്കുറിച്ച് ഇവിടെ പറയാതെ പോകുന്നത് ഉചിതമല്ല. ആ മരണത്തെക്കുറിച്ച് പറയാനൊരുങ്ങിയ ജീസയെ അന്നു തടഞ്ഞ ആ അമ്മതന്നെ ആ കന്യാസ്ത്രീയുടെ മരണത്തെക്കുറിച്ച് തിരക്കിയിറങ്ങി. 
21.3.1994-ൽ കൊല്ലപ്പെട്ട ആ കന്യാസ്ത്രീയുടെ പേര് ഫിലോമിന എന്നായിരുന്നു. മഠത്തിലെ കലഹത്തിനൊടുവിൽ വിഷം കൊടുത്തു കൊന്നശേഷം ഇലക്ട്രിക് ഷോക്കേറ്റു മരിച്ചതാക്കിത്തീർത്തു ആ മരണം! (പോസ്റ്റുമോർട്ടം റിപ്പോർട്ട് നോക്കുക) അതും നമ്മുടെ നിയമപാലകർ ‘കോമ്പ്ലിമെന്റാക്കി’ക്കൊടുത്തു! വീട്ടുകാർക്കു പരാതി ഇല്ലാതിരുന്നതിനാൽ കൂടുതൽ ബുദ്ധിമുട്ടുണ്ടായതുമില്ല.

ജീസയെ കൊന്നതാണെന്ന ബിന്നിയുടെ അനുമാനം ശരിവെക്കുന്ന തരത്തിലുള്ള ഒരു സൂചന ബിന്നിയുടെ അമ്മാവനായ ആന്റണി ചിറ്റാട്ടുകരയ്ക്ക് പിന്നിട് ലഭിച്ചു. ജീസയുടെ മരണത്തിനു കുറച്ചു ദിവസങ്ങൾക്കുമുൻപ് മേട്രനായ സി. എലിസബത്തും ബാബു എന്നു പേരായ ഒരു പുരോഹിതനും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ജീസമോൾ കാണാനിടയായത്രേ. പാതിരാത്രിയോടടുത്ത് ജീസ പഠിച്ചുകൊണ്ടിരുന്നതിനിടയിൽ കണ്ടതാണ്. അവിടെ അതൊരു പുതിയ കാര്യമല്ലാതിരുന്നതിനാൽ അവൾ അതിനു വലിയ പ്രാധാന്യം നൽകിയില്ല. കാരണം, അസമയത്ത് പല വൈദികരും അവിടെ വന്നു പോകുന്നത് കണ്ടിട്ടുള്ളതായി പല കുട്ടികളും പറഞ്ഞിട്ടുണ്ട്. തികഞ്ഞ കത്തോലിക്ക വിശ്വാസത്തിൽ വളർന്നുവന്ന ജീസയ്ക്ക്, പുരോഹിതർ യേശുവിന്റെ പ്രതിപുരുഷന്മാരും കന്യാസ്ത്രീകൾ യേശുവിന്റെ മണവാട്ടികളുമാണെന്ന് വേദപാഠത്തിനു കന്യാസ്ത്രീകൾ തന്നെ പഠിപ്പിച്ചിട്ടുള്ളത് ഓർമ്മയുണ്ട്. പക്ഷെ, മേട്രനിൽ ഇതു പകയുണ്ടാക്കി എന്നു പറയപ്പെടുന്നു. (സി.അഭയയ്ക്കുണ്ടായ അതേ സാഹചര്യം)

ലാബ് റിപ്പോർട്ട് കിട്ടിയപ്പോൾ ജീസയുടെ യോനിയിലും അടിവസ്ത്രത്തിലും പുരുഷബീജം ഉണ്ടായിരുന്നു എന്ന പരാമർശം ബിന്നിയെ ഞെട്ടിച്ചു! ബിന്നിയുടെ കണക്കുകൂട്ടലുകൾ ആകെ തകർന്നു. ഒരിക്കലും അങ്ങനെ സംഭവിക്കാനുള്ള സാഹചര്യം ജീസയ്ക്ക് അവിടെയില്ല. ഒറ്റയ്ക്ക് എവിടെയും പോകാറില്ല. കൂട്ടുകാരികൾ പരസ്പരം പങ്കുവെയ്ക്കാത്ത രഹസ്യങ്ങളില്ല. [അങ്ങനെയാണല്ലോ ഫ. പോൾ പയ്യപ്പള്ളി അങ്കമാലിക്കാരിയായ ഒരു കുട്ടിക്ക് (പേര് മറയ്ക്കുന്നു) മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തതും അവർ തമ്മിലുള്ള രഹസ്യ’ഇടപാടുകളും’ കുട്ടികൾ അറിഞ്ഞത്] ജീസയ്ക്ക് അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്ന് കുട്ടികൾ തറപ്പിച്ചു പറയുന്നു. പിന്നെങ്ങനെ ജീസയുടെ യോനിയിൽ പുരുഷബീജസാന്നിധ്യം ഉണ്ടായി?
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ്