ഡിസംബർ 5-2005
തിങ്കൾ രാവിലെ 10.30 കഴിഞ്ഞ സമയം. ചേറ്റുപുഴ പള്ളിയിൽനിന്നും 300 മീറ്റർ അകലെ ആമ്പക്കാട് മൂലയിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിൽ, ധന്യ സ്റ്റോഴ്സിന്റെ മുകളിലെ മുറിയിലുള്ള തന്റെ തയ്യൽക്കടയിൽ പതിവുപോലെ ജോലിയിൽ ഏർപ്പെട്ടിരുന്ന ബിന്നി ദേവസ്യയുടെ അടുത്ത് പള്ളിയിലെ കപ്യാർ വന്നു പറഞ്ഞു... ’ബിന്നിച്ചേച്ചിയെ ഷാജിയച്ചൻ വിളിക്കുന്നു.’ ‘എന്താ കാര്യം? തയ്ച്ചതു കൊണ്ടു പോയി കൊടുക്കാഞ്ഞിട്ടാണോ? എന്നാ ഇതു കൊണ്ടുപൊക്കോ...’ തയ്ച്ചുവെച്ചിരുന്ന തുണി കപ്യാർക്കു കൊടുത്തുകൊണ്ടു ബിന്നി പറഞ്ഞു. ചേറ്റുപുഴ പള്ളിയോട് ചേർന്നുള്ള സെമിനാരിയിലെ തയ്യൽ ജോലികളാണ് കൂടുതലും ബിന്നിയെ ഏൽപ്പിക്കാറുള്ളത്. അവിടത്തെ അച്ചനാണ് ഷാജി. ‘തുണിയുടെ കാര്യമൊന്നും പറഞ്ഞില്ല. ചേച്ചിയോടു അങ്ങോട്ടു ചെല്ലാൻമാത്രമേ അച്ചൻ പറഞ്ഞുള്ളു.’ ‘ഓ, തയ്ക്കാനുള്ള പുതിയതു വല്ലതും തന്നേല്പിക്കാനായിരിക്കും. എന്നാൽ ശരി, ചേട്ടൻ തുണിയും കൊണ്ടു പൊയ്ക്കോ, ഞാൻ വന്നേക്കാം.’ തയ്ച്ച തുണിയുമായി കപ്യാർ തിരികെ പള്ളിയിലേക്കു പോയി.
തയ്യൽ പഠിക്കാൻ വന്ന കുട്ടികൾക്ക് ചെയ്യാനുള്ള കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചശേഷം തന്റെ കുടയുമെടുത്ത് ബിന്നി പള്ളിയിലേക്ക് പതുക്കെ നടന്നു. പള്ളിമുറ്റത്തുകയറിയപ്പോൾ കപ്യാർ വീണ്ടും വരുന്നതു ബിന്നി കണ്ടു. പക്ഷെ, തന്നെ കണ്ടതോടെ അയാൾ തിരികെപ്പോയി. തന്നെ കാണത്തതിനാൽ വീണ്ടും തിരക്കി വന്നതാവും... ബിന്നി വിചാരിച്ചു.
ബിന്നി പള്ളിമുറി (വികാരിയുടെ ഓഫീസും താമസസ്ഥലവും ചേർന്ന മുറി)യുടെ മുമ്പിലെത്തി ബെല്ലടിച്ചപ്പോൾ കപ്യാർ വന്ന് അകത്തേക്ക് വരാൻ പറഞ്ഞു. അപ്പോൾ അവിടെ തന്റെ മകൾ നേഴ്സിങ്ങിനു. പഠിക്കുന്ന പാവറട്ടി സാൻജോസ് പാരീഷ് ഹോസ്പിറ്റൽ വക നേഴ്സിംഗ് സ്കൂളിലെ പ്രിൻസിപ്പൽ സി. മോഡസ്റ്റാ, ട്യൂട്ടർ സി. എലൈസ, ഒരു പള്ളിക്കമ്മിറ്റിയംഗം, ഷാജിയച്ചൻ എന്നിവർ കൂടിയിരിക്കുന്നു.
അവിചാരിതമായി അവരെ അവിടെ കണ്ടതിനാൽ ബിന്നി പ്രിൻസിപ്പാളിനോട് ചോദിച്ചു- “സിസ്റ്ററെന്താ ഇവിടെ?” സിസ്റ്റർ ഒന്നും മിണ്ടിയില്ല. അപ്പോൾ ഷാജിയച്ചൻ ബിന്നിയോട് ഭർത്താവ് ജോയിയുടെ ഫോൺ നമ്പർ ചോദിച്ചു. ബിന്നി പറഞ്ഞുകൊടുത്തു. അത് എഴുതിയെടുത്തശേഷം അച്ചൻ പറഞ്ഞു... “മോൾക്ക് ഒരു ആക്സിഡന്റ് ഉണ്ടായി.” “എന്ത് ആക്സിഡന്റ്? എങ്ങനെയുണ്ടായി?” എന്ന ബിന്നിയുടെ ആശങ്കാഭരിതമായ ചോദ്യത്തിന് “സൂയിസൈഡ് അറ്റംറ്റാണ്” എന്നു അച്ചൻ പറഞ്ഞത് മാത്രമേ ബിന്നി കേട്ടുള്ളു. ബിന്നിക്ക് തല കറങ്ങുന്നതുപോലെ തോന്നി. കുഴഞ്ഞു വീഴാൻ പോയ ബിന്നിയെ അവർ താങ്ങി, കസേരയിൽ ഇരുത്തി. സമചിത്തത വീണ്ടെടുത്ത ബിന്നി കരഞ്ഞുകൊണ്ട് പറഞ്ഞു- “ഇല്ല, എന്റെ മകൾ അങ്ങനെയൊന്നും ചെയ്യില്ല. അവൾ എന്തിനതു ചെയ്യണം?” അച്ചൻ തുടർന്നു, “മോൾ കോപ്പിയടിച്ചതു പിടിച്ചു. ഇന്ന് മോഡൽ എക്സാമായിരുന്നു.” അപ്പോഴും ബിന്നി പറഞ്ഞു, “ഇല്ല, എന്റെ മോൾ കോപ്പിയടിക്കില്ല. എന്റെ മോൾ അങ്ങനെയുള്ള കള്ളപ്പണിയൊന്നും ചെയ്യില്ല. ഈ മോഡൽ എക്സാം ഉള്ള കാര്യം അവൾ പറഞ്ഞിട്ടില്ല. ഡിസം.12നു ഫൈനൽ എക്സാം തുടങ്ങും. അതിനാൽ പ്രത്യേകം പ്രാർഥിക്കണം എന്നു പറഞ്ഞിരുന്നു. പക്ഷെ, ഈ മോഡൽ എക്സാമിന്റെ കാര്യം ഞാനറിഞ്ഞിരുന്നില്ല.”
ഒന്നും മിണ്ടാതിരുന്ന സി. മോഡസ്റ്റയോട് ബിന്നി ചോദിച്ചു, “സിസ്റ്ററേ, എന്റെ മോൾക്ക് എന്താണ് പറ്റിയത്? അവൾ എന്തിനാണിങ്ങനെ ചെയ്തത്?” “അവൾ കയ്യും കാലുമൊക്കെ മുറിച്ചു. ആകെ ബ്ലഡ്ഡാണ്.” പ്രിൻസിപ്പൽ പറഞ്ഞു. അവർ തുടർന്നു, “ഞാൻ സ്ഥലത്തില്ലായിരുന്നു. ദന്തഡോക്ടറുടെയടുത്ത് പോയതായിരുന്നു. കുറെ കഴിഞ്ഞാണ് വന്നത്. അമ്മയെ കൂട്ടിക്കൊണ്ടുപോകാനാണ് ഞങ്ങൾ വന്നത്.”
തുടർന്ന് അവർ ബിന്നിയെക്കൂട്ടി പാവറട്ടി സാൻ ജോസ് ആശുപത്രിയിലേക്ക്, കന്യാസ്ത്രീകൾ വന്ന കാറിൽത്തന്നെ പുറപ്പെട്ടു. വഴിക്ക് ബിന്നി ചോദിച്ചു, “എന്റെ കൊച്ചിന് കൂടുതൽ എന്തെങ്കിലുമുണ്ടോ?” പ്രിൻസിപ്പൽ പറഞ്ഞു “പ്രാർഥിക്ക്...” ആശങ്കാഭരിതമായിരുന്നതിനാൽ യാത്രയ്ക്കിടയിൽ കൂടുതലൊന്നും സംസാരിക്കാൻ ബിന്നിക്ക് കഴിഞ്ഞില്ല. അപ്പോഴെല്ലാം ബിന്നിയുടെ മനസു നിറയെ ജീസാമോൾ തന്നോടു പങ്കുവെച്ച സ്വപ്നങ്ങളായിരുന്നു. നവം.28നു വീട്ടിൽ വന്നപ്പോഴും അവൾ പറഞ്ഞിരുന്നു- “എനിക്കു ജോലി കിട്ടട്ടെ... അമ്മയുടെ കഷ്ടപ്പാടെല്ലാം തീരും. അമ്മയുടെ പണി നിർത്തിച്ച് വിശ്രമിപ്പിക്കണം. പിന്നെ വീടു പണിയണം.”(അവളുടെ നിർബന്ധം സഹിക്കാതായപ്പോൾ തയ്യാറക്കിയ വീടിന്റെ പ്ലാൻ കണ്ടിട്ടാണ് അവൾ നവം.28നു വീട്ടിൽനിന്നു പോയത്) അമ്മ രാപകൽ കഷ്ടപ്പെട്ട് തയ്യൽ ജോലി ചെയ്ത് സമ്പാദിക്കുന്ന പണംകൊണ്ടാണ് തങ്ങളെ പഠിപ്പിക്കുന്നതെന്നു ബോധ്യമുണ്ടായിരുന്നു ജീസയ്ക്ക്. ആന്റിമാരോടൊപ്പം വിദേശത്തു പോകാൻ വലിയ മോഹമായിരുന്നു. അതിനായി, ആശുപത്രിയിൽ ചെയ്യേണ്ട ഒരു വർഷത്തെ ബോണ്ടിനു പകരം അവിടെ അടയ്ക്കേണ്ടതായ 30,000 രൂപപോലും കരുതിവെച്ചിരിക്കയായിരുന്നു! ഇതെല്ലാം അറിയാമായിരുന്ന അവൾ എന്തിനു ഇങ്ങനെയൊരു മണ്ടത്തരം കാണിച്ചു? ബിന്നിക്ക് ഒരെത്തും പിടിയും കിട്ടിയില്ല. അതിനാൽ കന്യാസ്ത്രീ പറഞ്ഞതുപോലെ തന്റെ മകൾക്ക് ഒന്നും വരുത്തല്ലേ എന്ന് മനസുരുകി പ്രാർഥിക്കുകയായിരുന്നു ആ അമ്മ. കാരണം, പ്രാർഥനയിലും കന്യാസ്ത്രീകളിലും അച്ചന്മാരിലും ആ മാതാവിന് അത്ര വിശ്വാസമായിരുന്നു.
ആശുപത്രിയിലെത്തിയ ബിന്നി വണ്ടിയിൽനിന്നും ഇറങ്ങുമ്പോൾത്തന്നെ ശ്രദ്ധിച്ചു, പതിവില്ലാത്ത ആൾക്കുട്ടമുണ്ട് ആശുപത്രിമുറ്റത്ത്. “എന്താ സിസ്റ്ററെ, ഇവിടെ ഇത്ര ആൾക്കൂട്ടം?” ബിന്നി സംശയത്തോടെ ചോദിച്ചു. “അവർ എന്തെങ്കിലും ആവശ്യത്തിന് വന്നതായിരിക്കും.” എന്നു പറഞ്ഞുകൊണ്ട് സി. എലൈസ, ബിന്നിയെ അപ്പുറത്തെ മുറിയിലേക്ക് വലിച്ചു കയറ്റി, ഷട്ടറിട്ടു! ബിന്നി പറഞ്ഞു “ എന്റെ മോളെവിടെ? എനിക്കവളെ കാണണം.” “ഞാൻ പോയി നോക്കിയിട്ടു വരാം” എന്നു പറഞ്ഞു പ്രിൻസിപ്പൽ അവിടെനിന്നു പോയി. സി. എലൈസ ബിന്നിക്ക് കാവൽ നിന്നു. കുറച്ചു സമയം കഴിഞ്ഞിട്ടും നോക്കാൻ പോയ സി. മോഡസ്റ്റ തിരിച്ചുവന്നില്ല. സി. എലിസബത്ത് വന്നു.
ജനക്കൂട്ടം കൂടി വന്നുകൊണ്ടിരുന്നു. സി.എലിസബത്തിന്റെ കൈയ്യിൽ മൊബൈൽ ഫോൺ കണ്ടതിനാൽ ബിന്നി പറഞ്ഞു- “സിസ്റ്ററേ, എന്റെ വീട്ടുകാരെ ഒന്നു വിളിക്കുമോ? ഞാൻ നമ്പർ തരാം.” അവർ തിരിച്ചു ചോദിച്ചു, “അമ്മ വന്നു. അപ്പൻ ഉടനെ എത്തും. എന്തിനാണ് ഇനി മറ്റുള്ളവരെ അറിയിക്കുന്നത്?” നമ്പർ കൊടുത്തെങ്കിലും അവർ വിളിച്ചില്ല.
ഷാജിയച്ചൻ പറഞ്ഞ് വിവരമറിഞ്ഞ ഭർത്താവ് വീട്ടുകാരെയും വിവരമറിയിച്ചു. അതേത്തുടർന്ന് ഭർത്താവ് ജോയി എന്നു വിളിക്കപ്പെടുന്ന ദേവസി വീട്ടുകാരെക്കൂട്ടി ആശുപത്രിയിലെത്തി. ജീസയെ കാണണമെന്നാവശ്യപ്പെട്ട അവരോട് കന്യാസ്ത്രീകൾ പറഞ്ഞു...ജീസാമോൾ തൂങ്ങി മരിച്ചു!
തങ്ങളുടെ ഓമനയായ ജീസമോളെ തിരഞ്ഞെത്തിയ അവർ കാഷ്വാലിറ്റി റൂമിലെ മേശപ്പുറത്ത് അവളെ കണ്ടു. അവർ അവളെ തൊട്ടുനോക്കി, തണുത്ത മരണത്തിന്റെ മരവിപ്പ് അവരുടെ സിരകളിലൂടെ ഇരച്ചുകയറി. ആ സത്യവുമായി പൊരുത്തപ്പെടാൻ കഴിയാതെ അവരൊന്നാകെ അവരുടെ ദൈവത്തെ വിളിച്ചു കരഞ്ഞു. ജീസാമോളും ഇതിനെക്കാൾ ശക്തിയിൽ വിളിച്ചിട്ടുണ്ടാകും... പക്ഷെ, ക്രൂരനായ ദൈവം അവരുടെ നിലവിളിക്ക് കാതുകൊടുക്കാതെ മറഞ്ഞുനിന്ന് അവരെ പരിഹസിച്ചു.
ഇതിനിടയിൽ പൊലീസെത്തിയിരുന്നു. പ്രാഥമിക നടപടികൾക്കുശേഷം 2 മണിയോടുകൂടി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളെജിലേക്ക് മാറ്റി.
പൊലീസ് നിർദ്ദേശമനുസരിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ജോയിയോട് ജീസാമോൾ തൂങ്ങിനിൽക്കുന്നത് കണ്ടു എന്ന് എഴുതി ഒപ്പിട്ടു കൊടുക്കാൻ സ്റ്റേഷനിലെ റൈട്ടർ ആവശ്യപ്പെട്ടു. ആകെത്തകർന്നു നിന്ന ജോയി നിയന്ത്രണം വിട്ട് കസേരയെടുത്ത് അയാളെ അടിക്കാനൊരുങ്ങി. മറ്റുള്ളവർ പിടിച്ചു മാറ്റി. ബിന്നിയോ വീട്ടുകാർ ആരെങ്കിലുമോ പൊലീസ്പോലുമോ ജീസാമോൾ തൂങ്ങി നിൽക്കുന്നതു കണ്ടിട്ടില്ല. എന്നിട്ടും...
SI വിജയകുമാർ ഇടപെട്ടു. അയാൾ വളരെ അക്ഷമനായിരുന്നു. നിങ്ങൾ സഹകരിക്കുന്നില്ലെങ്കിൽ കാര്യങ്ങൾ ബുദ്ധിമുട്ടാണ്. ഇത് നടപടിക്രമത്തിന്റെ ഭാഗമാണ്. അതിനാൽ ഇങ്ക്വസ്റ്റിനായി നിങ്ങൾ ഒപ്പിട്ടു തരണം. അയാൾ തിരക്കു കൂട്ടിക്കൊണ്ടിരുന്നു. ക്ലർക്ക് എഴുതിയുണ്ടാക്കിയ കടലാസിൽ ഒപ്പിടാനായി വീട്ടുകാരെ നിർബന്ധിച്ചുകൊണ്ടിരുന്നു. ഒടുവിൽ ഗത്യന്തരമില്ലാതെ ബിന്നിയുടെ അനിയത്തിയുടെ ഭർത്താവ് ജോസ് ഒപ്പിട്ടുകൊടുത്തു- എന്താണ് എഴുതിയിരിക്കുന്നതെന്ന് വായിച്ചു കേൾപ്പിക്കുകയോ വായിച്ചു നോക്കുകയോ ചെയ്യാതെ.
ഡിസംബർ 6, 2005
പിറ്റേന്ന് വൈകിട്ട് 4.30ഓടെ പോസ്റ്റുമോർട്ടം കഴിഞ്ഞു. എന്നാൽ ബിന്നിയുടെ അമ്മ ഇളയമകളുടെ അടുത്ത് വിദേശത്തായിരുന്നതിനാൽ അമ്മയ്ക്ക് പങ്കെടുക്കാനായി അടക്കം 7/12/05ലാണ് നടത്തിയത്. അങ്ങനെ തന്റെയും അമ്മയുടെയും മോഹങ്ങൾ ബാക്കിയാക്കി ജിസമോൾ ഒരോർമ്മയായി ഒളരിപ്പള്ളിയിലെ (അന്ന് ചേറ്റുപുഴപ്പള്ളിയിൽ സെമിത്തേരി ഇല്ല) കല്ലറയിൽ അന്ത്യവിശ്രമമായി.
പിന്നീട് പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി നിരന്തരം എസ്.ഐ.വിജയകുമാറിനെ വീട്ടുകാർ വിളിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം അയാൾ തിരക്കിലായിരുന്നു. ഒടുവിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് 12/6/06-ലാണ് കിട്ടിയത്. അതിലെ രേഖപ്പെടുത്തലുകൾ സംശയകരമായിരുന്നു.
1. മരിച്ച സമയത്തെക്കുറിച്ച് യാതൊരു സൂചനയും ഇല്ല
2. മുഖത്ത് മൂക്കിന്റെ പാലത്തിലും ഇടതുകണ്ണിനു താഴെയുമായി മാന്തിയതുപോലുള്ള മുറിവുകൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല.
3. ഉമിനീർ/തുപ്പൽ ശരീരത്തിലോ വസ്ത്രത്തിലോ വീണതായിക്കാണുന്നില്ല.
4. കഴുത്തിലെ കശേരുക്കൾക്ക് പരുക്കില്ല.
5. ഇടതു കൈമുട്ടിന്റെ അകവശത്തും പുറംഭാഗത്തും കൈക്കുഴയുടെ അകവശത്തും മുറിവുണ്ടായിരുന്നു.
6. അത്താഴത്തിനു കഴിച്ച 200 ഗ്രാം ചോറ് ദഹിക്കാതെ ആമാശയത്തിൽ കാണപ്പെട്ടു.
7. തൂങ്ങിച്ചാകാനുപയോഗിച്ച വസ്ത്രം പരിശോധനയ്ക്ക് എത്തിച്ചിരുന്നില്ല എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
(തുടരും)
കടപ്പാട്:
ജോർജ് ജോസഫ്