Sunday, 3 May 2020

ജിസമോൾ ദേവസ്യ വധക്കേസ് - 5


പോസ്റ്റ് മോർട്ടം, ലാബ് ടസ്റ്റ് റിപ്പോർട്ടുകൾവഴി കാര്യങ്ങൾ വെളിച്ചത്തുവന്നതോടെ പ്രതിഷേധം ശക്തമായി; ആക്ഷൻ കൗൺസിൽ രൂപീകരിക്കപ്പെട്ടു. തുടർന്ന് സമരങ്ങളുടെ വേലിയേറ്റംതന്നെ ഉണ്ടായി. അതോടെ ചിലരെങ്കിലും സത്യം പറയാനാരംഭിച്ചു. ജീസയെ കൊന്നതുതന്നെയാണെന്ന് ഒരു ഒന്നാം വർഷ വിദ്യാർഥിനി പലരോടും പറഞ്ഞു. അതേത്തുടർന്ന്, പഠനത്തിൽ ഒന്നാം റാങ്കുകാരിയായിരുന്ന ആ പെൺകുട്ടിയെ നന്മയുടെ നിറ’കൂട’ങ്ങളായ മഠത്തിലെ ‘വിശുദ്ധ പശുക്കൾ’ ഒറ്റപ്പെടുത്താനും മനോരോഗിയാക്കി ചിത്രീകരിച്ച് പീഡിപ്പിക്കാനും ആരംഭിച്ചു. എന്നാൽ തന്റെ സഹോദരിയെ കൊലയ്ക്കുകൊടുക്കാൻ തയ്യാറല്ലാതിരുന്ന കോഴിക്കടക്കാരൻ സഹോദരൻ (പിതാവ് മരിച്ചു പോയിരുന്നു) ആ കുട്ടിയുടെ നേഴ്സിംഗ് പഠനം തന്നെ അവസാനിപ്പിച്ച് ഡിഗ്രി കോളെജിലാക്കി. അവളുടെ സർട്ടിഫിക്കറ്റുകൾ തിരികെ കൊടുക്കാതെ ആ ‘വിശുദ്ധ പശുക്കൾ’ വീണ്ടും തങ്ങളുടെ ‘പുണ്യപ്രവൃത്തികൾ’ തുടർന്നു. അതിനെയൊക്കെ മറികടന്ന് ആ കുട്ടി മികച്ച നിലയിൽ പഠിച്ച് കോളെജിലെ ഒന്നാം റാങ്ക് കരസ്ഥമാക്കി വിജയിക്കുകയും ചെയ്തു.

സമരം മുറുകിയതോടെ കാക്കിക്കാരും കത്തനാമ്മാരും എല്ലാ വൃത്തികെട്ട തറക്കളികളും കളിക്കാൻ ശ്രമിച്ചു. ജീസമോളുടെ പിതാവ് പീഡിപ്പിച്ചതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നു പ്രചരിപ്പിച്ചു. നവം.29നു എവിടെയെല്ലാം കൊണ്ടുപോയിട്ടാണ് അപ്പൻ സ്കൂളിൽ കൊണ്ടുചെന്നാക്കിയതെന്ന് ആർക്കറിയാം എന്നാണ് കന്യാസ്ത്രീകൾ പ്രചരിപ്പിച്ചത്. അതിനു പിൻബലം നൽകുന്നതിനായി റൂംമേറ്റായിരുന്ന സിമ്പിൾ എന്ന കുട്ടിയെ ആണുപയോഗിച്ചത്. ജീസ വീട്ടിൽ പോയി വന്ന ശേഷം ദുഃഖിതയായിട്ടാണ് കാണപ്പെട്ടതെന്ന് ഒരു സ്റ്റേറ്റ്മെന്റ് പൊലീസ് എഴുതി വാങ്ങിച്ചു. കത്താനാമ്മാരുടെയും മെത്രാന്മാരുടെയും (ബിഷ.അറക്കൽ ഒഴികെ!) ഏതു നാറിയ കേസും ഏറ്റുപിടിക്കുന്ന പി.സി. ജോർജ് പത്രക്കാരോട് പറഞ്ഞത് അപ്പനെ തലകീഴായികെട്ടിത്തൂക്കിയിട്ട് അടിച്ചാൽ കേസ് തെളിയുമെന്നാണ്. അയാൾക്കും കൊന്നതാണെന്ന കാര്യത്തിൽ തർക്കമില്ലായിരുന്നു...! യാത്രാസമയംവെച്ചു പരിശോധിച്ചതോടെ അതു പൊളിഞ്ഞു.


അതു ഫലിക്കാതായതോടെ ജീസയുടെ ജൂണിയർ വിദ്യാർഥി വിൽമയുടെ സഹോദരനുമായി ബന്ധമുണ്ടായിരുന്നെന്നും അവനാണ് കൊലപാതകം നടത്തിയതെന്നും കഥയുണ്ടാക്കി. അതിനുവേണ്ടി ജീസയുടെ ഫോട്ടോകൾ പൊലീസ് വാങ്ങി ഫോട്ടോഷോപ്പ് ചെയ്തു അവരിരുവരെയും ചേർത്ത് ചിത്രമുണ്ടാക്കാനുള്ള ശ്രമം നടത്തി. അവനെ കസ്റ്റഡിയിലെടുത്ത് വിരട്ടി. കുറ്റമേറ്റാൽ 5 ലക്ഷം രൂപ നൽകാമെന്നും കേസിൽനിന്നും രക്ഷപെടുത്തി എടുത്തോളാമെന്നും പൊലീസ് അവനോട് വാഗ്ദാനം ചെയ്തത്രേ! പക്ഷെ, അവൻ തയ്യാറായില്ല. (അവൻ മറ്റൊരു പെൺകുട്ടിയെ പ്രണയിക്കുന്നുണ്ടായിരുന്നു. അവളെത്തന്നെ വിവാഹം കഴിക്കുകയും ചെയ്തു.) ജീസയുടെ വീട്ടുകാർ പരാതിയുമായി മേലുദ്യോഗസ്ഥരെ സമീപിച്ചതോടെ ഫോട്ടോ തിരിച്ചേല്പിച്ച് പൊലീസ് തലയൂരി.

അതും പൊളിഞ്ഞതോടെ പയ്യപ്പള്ളി പട്ടക്കാരന്റെ വീട്ടുകാരും പിന്തുണക്കാരും തൃശൂർ രൂപതാഗുണ്ടകളും ചേർന്ന് സമരവേദികളിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചു. പ്രശ്നം ചൂടുപിടിച്ചു. പക്ഷെ, അപ്പോഴേക്കും വെള്ളം ഒരുപാട് ഒഴുകിപ്പോയിക്കഴിഞ്ഞിരുന്നു... എല്ലാ തെളിവുകളും നശിപ്പിച്ച് കൊലപാതകിക്കും കൂട്ടാളികൾക്കും രക്ഷപെടാനുള്ള സൗകര്യം പൊലീസും ഭരണക്കാരും ചേർന്ന് ഒരുക്കിക്കൊടുത്തു.

പിന്നീടാണ് അത്ഭുതരോഗശാന്തികേന്ദ്രം പ്രവർത്തകരുടെ രംഗപ്രവേശം. പോട്ടയിലെ പി.ജെ.ആന്റണി എന്ന പ്രഭാഷകൻ ഒരു ദിവസം ബിന്നിയെ ഫോൺ ചെയ്തു. പനയ്ക്കലച്ചന്റെ അടുത്തുനിന്നു വിളിക്കുന്നു എന്നു പറഞ്ഞാണ് അയാൾ സംസാരിച്ചത്. ബിന്നിക്ക് ഒരു ജോലി ശരിയാക്കിക്കൊടുക്കാമെന്നും 3 മക്കളിൽ ഒരാൾ പോയാലും ബാക്കി 2പേർ ഇല്ലേ. അവരെയോർത്ത് കൂടുതൽ പ്രശ്നമൊന്നും ഉണ്ടാക്കരുതെന്നും അയാൾ ആവശ്യപ്പെട്ടു. യേശുവിനെ ഓർത്ത് ക്ഷമിക്കാനും ക്ഷമിച്ചു എന്നു പറഞ്ഞാൽ കേസിന്റെ കാര്യം പരിഹരിക്കാൻ സഹായിക്കാമെന്നും അയാൾ പറഞ്ഞത്രേ! ആ സംസാരത്തിൽ സഹായത്തെക്കാൾ ഒരു ഭീഷണിയുടെ സ്വരമുണ്ടോ? ബിന്നിക്ക് സംശയമായി. തന്റെ 2 മക്കൾ...! അവർക്കുകൂടി എന്തെങ്കിലും സംഭവിച്ചാൽ...! അത് ബിന്നിയെ വല്ലാതെ ഭയപ്പെടുത്തി. എങ്കിലും പരാതിയുമായി ബിന്നി മുന്നോട്ടു പോയി.

ലാബ് റിസൽട്ടിനെക്കുറിച്ചുള്ള സംശയം ചോദിക്കാൻ പൊലീസ് സ്റ്റേഷനിൽചെന്ന രക്ഷിതാക്കളോട് “കുട്ടിയുടെ സമ്മതത്തോടു കൂടിയാണ് കാര്യം നടന്നിട്ടുള്ളത്. ഇപ്പോഴത്തെ കുട്ടികൾ ഇങ്ങനെയാണ്. അതുകൊണ്ട് ശ്രീധരൻ തേറമ്പിൽ (ജീസാമോൾ ആക്ഷൻ കൗൺസിൽ ചെയർമാൻ) പോലുള്ളവരോട് പറഞ്ഞ് ഒച്ചയും ബഹളവും വെച്ച് നടന്നിട്ട് കാര്യമില്ല. ഞങ്ങൾ അന്വേഷിക്കാം. നിങ്ങളും അന്വേഷിക്ക്.” എന്നാണ് സർക്കിൾ ഇൻസ്പെക്ടർ ബിജു ഭാസ്ക്കർ പറഞ്ഞത്. വേലിതന്നെ വിളവുതിന്നുന്ന കാലത്ത് കൊലയാളിക്ക് കാവലായി പൊലീസ്!

വീട്ടുകാരുടെയും നാട്ടുകാരുടെയും അന്വേഷണത്തിൽ     കിട്ടിയ വിവരമനുസരിച്ച് നടന്ന സംഭവം ഇങ്ങനെയാണ്. മഠത്തിലെ അനാശാസ്യങ്ങൾ കാണുകയും മനസിലാക്കുകയും ചെയ്ത ജീസ തങ്ങൾക്ക് ഭീഷണിയാണെന്ന് ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞു. കന്യാസ്ത്രീകൾ ആശുപത്രി ഡയറക്റ്റർ ഫാ. പോൾ പയ്യപ്പള്ളിയുമായി കൂടിയാലോചിച്ചു. ജീസമോളെക്കൂടി കീഴ്പ്പെടുത്തി തങ്ങളുടെ ചേരിയിലാക്കിയാൽ അവൾ നിശബ്ദയാകുമെന്നു തീരുമാനമായി. അതിനായി സാഹചര്യമൊരുക്കി. മഠത്തിലെയും ഹോസ്റ്റലിലെയും 'കോഴി'യായിരുന്ന ഫാ. പയ്യപ്പള്ളി ഇക്കാര്യത്തിൽ പരിണിതപ്രജ്ഞനുമാണ്! അവിടത്തെ പല കുട്ടികളും അയാളുടെയും 'ധ്യാനക്കുറുക്കന്മാരു'ടെയും ഇരകളായിരുന്നു.

നിർഭാഗ്യവശാൽ അന്ന് ജീസാമോൾ ഉറങ്ങിയിരുന്നില്ല. രാത്രി 11.30 ആയപ്പോഴും ഉറക്കമിളച്ചിരുന്ന് അവൾ പഠിക്കുകയായിരുന്നു. അവിടംവരെ കുട്ടികൾ കൊടുത്ത മൊഴിയിലെ കാര്യങ്ങൾ ശരിയാണ്.
കന്യാസ്ത്രീകൾ തുറന്നുകൊടുത്ത ഹോസ്റ്റലിൻ്റെ ഷട്ടറിലൂടെ അകത്തുകടന്ന ഫ.പോൾ പയ്യപ്പള്ളി പഠിച്ചുകൊണ്ടിരുന്ന ജീസയെ കടന്നു പിടിച്ചു. അവിടെയുള്ള മറ്റു കുട്ടികളെ ഉപയോഗിച്ചിരുന്ന ധൈര്യത്തിലാണ് അയാൾ അതിനു മുതിർന്നത്..(പൊലീസ് സർക്കിൾ ഇൻസ്പെക്ടറുടെ ഭാഷ്യം ഇതിനു ബലം നൽകുന്നു) എന്നാൽ പയ്യപ്പള്ളി പ്രതീക്ഷിക്കാത്ത തരത്തിൽ ജീസമോൾ അതിശക്തമായി ചെറുത്തുനിന്നു. അയാളുടെ കണക്കുകൂട്ടലുകൾ പിഴച്ചു... അവിടത്തെ സാഹചര്യം അറിവുണ്ടായിരുന്ന ജീസാമോൾ കരുതലോടെയാണ് കഴിഞ്ഞിരുന്നത്. 60കിലോശരീരഭാരവും കായികശേഷിയുമുണ്ടായിരുന്ന ജീസമോൾക്ക് അതിനു കഴിയുമായിരുന്നു. അവൾ തന്റെ അടുത്തു കരുതിയിരുന്ന കത്തികൊണ്ട് പയ്യപ്പള്ളിയെ ആക്രമിച്ചു. പയ്യപ്പള്ളിയുടെ കൈയ്യിൽ മുറിവേറ്റു. ഫ.പയ്യപ്പള്ളിക്ക് വാതിൽ തുറന്നുകൊടുത്ത കന്യാസ്ത്രീകളും സഹായത്തിനായി ധ്യാനഗുരുവായ പട്ടക്കാരനും കാവൽ നിന്നിരുന്നു. അവർ ഓടിയെത്തി. ജീസയ്ക്ക് കീഴടങ്ങുകയല്ലാതെ രക്ഷയുണ്ടായിരുന്നില്ല. അതിനിടയിൽ മരണം സംഭവിച്ചു, കൊല്ലാൻ ഉദ്ദേശ്യമില്ലായിരുന്നുവെങ്കിലും. കത്തികൊണ്ട് മുറിവേറ്റ പയ്യപ്പള്ളിയുടെ കയ്യിൽനിന്നും മുറിയിൽ വീണ രക്തം ജീസയുടെതാണെന്നു വരുത്തിത്തീർക്കാൻ ജീസയുടെ കൈയിൽ തൊലിപ്പുറത്ത് മുറിവുണ്ടാക്കി. (3 കൊല്ലം നേഴ്സിംഗ് പഠിച്ചവൾക്ക് കൈയ്യിലെ രക്തക്കുഴൽ ഏതെന്നോ എവിടെയെന്നോ എത്ര ആഴത്തിൽ മുറിക്കണമെന്നോ അറിയത്തില്ലെന്നാണോ!) പിന്നീട് അതു ആത്മഹത്യയാക്കി മാറ്റുകയായിരുന്നു. അല്ലാതെ ജീസമോൾ തൂങ്ങിമരിച്ചിട്ടില്ല.

കുട്ടികൾ മുറിയിൽ പോകാതിരിക്കാനായി അതിരാവിലെ മോഡൽ പരീക്ഷ നടത്തി. രാത്രിയിൽത്തന്നെ ജീസ മരിച്ചു കഴിഞ്ഞിരുന്നതിനാൽ പരീക്ഷ എഴുതിയില്ല. അതിനാലാണ് മറ്റെല്ലാവരുടെയും ഉത്തരക്കടലാസുകൾ സ്ഥാപനത്തിൽ ഉള്ളപ്പോഴും ജീസയുടെ മാത്രം ഉത്തരക്കടലാസ് ഇല്ലാത്തത്. പക്ഷെ, കുട്ടികളെ ഭീഷണിപ്പെടുത്തി കഥയുണ്ടാക്കി. ട്യൂട്ടർ ലിന്റയെയും വശത്താക്കി. ഇതെല്ലാം ഒരുക്കാനായിട്ടാണ് മരണവിവരം പുറത്തുവിടാൻ വൈകിപ്പിച്ചത്.
ഭയന്നുപോയ കുട്ടികൾ ആരും സത്യം പറയാൻ വയ്യാതെ ഒളിച്ചോടുകയായിരുന്നു. പല കുട്ടികളുടെയും ട്യൂട്ടർമാരുടെയും വീടുകളിൽ ബിന്നിയും വീട്ടുകാരും പോയെങ്കിലും മാതാപിതാക്കളും ഭർതൃവീട്ടുകാരും അവരെ കാണാൻപോലും ബിന്നിയെ അനുവദിച്ചില്ല. യാദൃച്ഛികമായി ബിന്നിയുടെ മുന്നിൽ വന്നുപെട്ട കുട്ടികൾ മിണ്ടാൻ കൂട്ടാക്കാതെ ഓടിരക്ഷപെടുക ആയിരുന്നുവത്രെ!

മൃതസംസ്കാരം കഴിഞ്ഞ് ഒരു ദിവസം പള്ളിയിൽ പോയ ബിന്നിയോടൊപ്പം മോനുമുണ്ടായിരുന്നു. അന്ന് ജീസയുടെ സഹപാഠിയും സമീപവാസിയുമായ പ്രിൻസി എന്ന പെൺകുട്ടി ബൊക്കെയുമായി പള്ളിയിൽ വന്നിരുന്നു. പള്ളിയിൽ നിന്നിറങ്ങിയ പ്രിൻസി ബൊക്കെയുമായി സെമിത്തേരിയിലേക്ക് പോകുന്നതു കണ്ട് പുറകെ ചെന്ന് ബിന്നി ഇക്കാര്യം ചോദിച്ചെങ്കിലും വായ തുറക്കാൻപോലും അവൾ തയ്യാറായില്ല. ജീസയുടെ കല്ലറയിൽ ബൊക്കെവെച്ച് കരഞ്ഞുകൊണ്ട് അവൾ ഇറങ്ങി പോകുകയായിരുന്നു എന്നാണ് ബിന്നി പറഞ്ഞത്.

പിന്നീടൊരിക്കൽ ട്വിൻസിയെ (കതകിലും വരാന്തയിലും രക്തം കണ്ടതായി പറഞ്ഞ കുട്ടി) ടൗണിൽ ബസ് സ്റ്റോപ്പിൽ കണ്ട ബിന്നി സംസാരിക്കാനായി അവളുടെ അടുത്തേക്കു ചെല്ലുന്നതു കണ്ട അവൾ ഓട്ടോറിക്ഷയിൽക്കയറി അവിടെ നിന്നും രക്ഷപെട്ടു.

ട്യൂട്ടർ ലിന്റയെ കണ്ട് സംസാരിക്കണമെന്ന് ജീസയുടെ വീട്ടുകാർ നിർബന്ധം പിടിച്ചപ്പോൾ ഒടുവിൽ ഒരു ദിവസം കാണാമെന്ന് സമ്മതിച്ചു. ആന്റണി ചിറ്റാട്ടുകരയുമൊത്ത് മാതാപിതാക്കൾ സ്കൂളിലെത്തിയപ്പോൾ പ്രിൻസിപ്പൽ, സി. എലൈസ, ഫ.പോൾ ചിറ്റിലപ്പള്ളി, എന്നിവരെക്കൂടാതെ വക്കീൽ ഉൾപ്പെടെയുള്ളവരുടെ കാവലിലായിരുന്നു ലിന്റയെ കാണാൻ കഴിഞ്ഞത്. മാത്രമല്ല, ലിന്റയെ സംസാരിക്കാൻ അനുവദിക്കാതെ, വക്കീലും മറ്റുള്ളവരുമാണ് ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞത്. ആന്റണി ചിറ്റാട്ടുകരയുടെ വീടിനടുത്താണ് ട്യൂട്ടർ ലിന്റയെ വിവാഹം ചെയ്തയച്ചത്. കൊലപാതകം മൂടിവെക്കാൻ കൂട്ടുനിന്ന അവരുടെ വീട്ടിൽ ബിന്നി ചെന്നപ്പോൾ വീട്ടുകാർ പറഞ്ഞത് സാൻജോസിലെ ഒരു കാര്യവും ചോദിക്കണ്ട, ഒന്നും പറയാനുമില്ല എന്നാണ്. ജീസയുടെ വീട്ടുകാർ ദാക്ഷിണ്യമില്ലാത്ത നിലപാടെടുത്ത് കേസു കൊടുത്തിരുന്നുവെങ്കിൽ ശിക്ഷാ കാലാവധി കഴിഞ്ഞേ ഇവരുടെയൊക്കെ മാംഗല്യസ്വപ്നം പൂവണിയുമായിരുന്നുള്ളു.

നിഷ്ക്കളങ്കയായ ഒരു പാവം പെൺകുട്ടിയുടെ മോഹങ്ങളും സ്വപ്നങ്ങളും പിച്ചിച്ചീന്തിയെറിഞ്ഞ് അവളുടെ അമ്മയ്ക്ക് തീരാദു:ഖവും സമ്മാനിച്ച കത്തോലിക്കാസഭയെന്ന മാഫിയാ സംഘത്തിലെ ഒരു പറ്റം മാംസദാഹികളെ രക്ഷിക്കാൻ നിയമസംവിധാനം സർവസന്നാഹവുമൊരുക്കി കൂട്ടുനിന്നത് അക്ഷന്തവ്യമായ പാതകമാണ്. ഈ മാഫിയാസംഘത്തിനു ചരമഗീതമെഴുതേണ്ട നാളുകൾ അതിക്രമിച്ചു. കന്യാസ്ത്രിമഠങ്ങളും അവരുടെ ആശുപത്രികളും ഇടിച്ചുനിരത്തി അവിടെ വാഴ നടുകതന്നെ വേണം.

എല്ലുമുറിയെ പണിയെടുത്ത് പോറ്റി വളർത്തിയ തൻ്റെ കുഞ്ഞിനുവേണ്ടി നെഞ്ചുപൊട്ടി നിലവിളിച്ച് പ്രാർഥിച്ചിട്ടും അതു കേൾക്കാതിരുന്ന ദൈവം, അവളുടെ ജീവനെടുക്കാൻ തൻ്റെ പ്രതിപുരുഷനെന്നവകാശപ്പെടുന്ന ഒരു മനുഷ്യമൃഗത്തെതന്നെ അയച്ചതിൽ മനംനൊന്ത്, ലാബ് റിപ്പോർട്ട് കിട്ടിയ ദിവസം ബിന്നി ആ ദൈവത്തെ തള്ളിക്കളഞ്ഞു. തൻ്റെ കണ്ണുകൾ മൂടിക്കെട്ടാൻ പൗരോഹിത്യം ഉപയോഗിച്ചിരുന്ന ബൈബിൾ അവർ വലിച്ചുകീറി തീയിലെറിഞ്ഞു. പുണ്യാത്മാക്കളുടെ ഫോട്ടോകൾ എറിഞ്ഞുടച്ച് പെരുവഴിയിൽ പ്രദർശിപ്പിച്ചു. അവരിന്ന് ദൈവവിശ്വാസിയല്ല.

കേസ് കോടതിയിലെത്തി. പൊലീസ് അന്വേഷണത്തിലെ ഗുരുതര വീഴ്ചകൾ വിചാരണയ്ക്കിടയിൽ ബോധ്യപ്പെട്ട കോടതി ആദ്യം ക്രൈംബ്രാഞ്ചിനെക്കൊണ്ടും പിന്നീട് പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ടും അന്വേഷിപ്പിച്ചു. സകലതും അട്ടിമറിക്കപ്പെട്ടു.

പിന്നീട് മാതാപിതാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് സി. ബി. ഐ. അന്വേഷണത്തിനു 2012ൽ കോടതി ഉത്തരവിട്ടെങ്കിലും അത് കോടതിതന്നെ റീകോൾ ചെയ്തു. അതെത്തുടർന്ന് 2013ൽ വീട്ടുകാർ ഈ കോടതി നടപടിക്കെതിരെ വീണ്ടും ഹൈക്കോടതിയിൽ കേസു കൊടുത്തു. 2014ൽ ഹൈക്കോടതി സി.ബി.ഐ.അന്വേഷണത്തിന് വീണ്ടും ഉത്തരവായി.

എന്നാൽ, അന്വേഷണത്തിൽ പാളിച്ചകളുണ്ടായിട്ടുങ്കിലും തെളിവുകൾ നശിപ്പിക്കപ്പെട്ടതിനാൽ കേസ് ആത്മഹത്യയല്ലെന്ന് തെളിയിക്കാൻ കഴിയില്ല എന്ന ന്യായം പറഞ്ഞ് സിബിഐ കേസ് എഴുതിത്തള്ളി. പുനഃരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ അഡ്വ. രാംകുമാർ വഴി സമർപ്പിക്കപ്പെട്ട കേസ് 3 കൊല്ലമായി അവിടെ ഫയലിൽ ഉറങ്ങുന്നു.

ഇതിനിടയിൽ കേസന്വേഷണത്തിൽ വീഴ്ചവരുത്തി കേസ് അട്ടിമറിച്ച എസ്.ഐ. ഇ.എം.വിജയകുമാറിനെതിരെ ഡിപ്പാർട്ട്മെന്റൽ നടപടി ശുപാർശ ചെയ്ത് ചാവക്കാട് കോടതി ഉത്തരവായി. അതിനെതിരെ ഹൈക്കോടതിയെ സമീപിച്ച അയാൾ കോടതിയിൽനിന്നും സ്റ്റേ വാങ്ങിച്ച് കങ്കാണിപ്പണിയുമായി തുടർന്നും വിലസിയശേഷം 2010-ൽ റിട്ടയർ ചെയ്തു.
#Justice_delayed_is_Justice_denied എന്നാണല്ലോ ആപ്തവാക്യം. അതിനാൽ നമ്മുടെ കോടതികൾ നീതിനിഷേധകേന്ദ്രങ്ങളാകുന്നോ എന്ന് സാധാരണജനം സംശയിച്ചാൽ അതിനു മറുപടി കൊടുക്കാൻ ഇവിടത്തെ കോടതികൾ ബാധ്യസ്ഥമാണ്. പ്രത്യേകിച്ച് ഹൈക്കോടതി.

(ബിന്നിയിൽ നിന്നു കിട്ടിയരേഖകളും വിവരങ്ങളും വെച്ച് തയ്യാറാക്കിയതാണ് ഈ കുറിപ്പ്. ബിന്നിയുടെ ഭർത്താവ് ജോയി 2-5-2014ൽ ട്രെയിനിൽനിന്നുവീണ് മരിച്ചു. സമരം ശക്തമായതോടെ അദ്ദേഹത്തിനു പൊലീസിൽനിന്നും പള്ളിക്കാരിൽനിന്നും ഭീഷണി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അവയൊന്നും ആരോടും പറഞ്ഞിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഭയവും മാനസികസംഘർഷവും പ്രകടമായിരുന്നു. കേസിന്റെ കാര്യങ്ങൾ മൂടിവെക്കാനും സമരപരിപാടികളുമായി മുന്നോട്ടു പോകുന്നതു നിരുത്സാഹപ്പെടുത്താനും അദ്ദേഹം ശ്രമിച്ചിരുന്നു!)
കടപ്പാട്: ജോർജ്ജ് ജോസഫ്