Sunday, 3 May 2020

ജിസമോൾ ദേവസ്യ വധക്കേസ് - 4

ജിസമോൾ ദേവസ്യ വധക്കേസ് - 4
 കന്യാസ്ത്രീ പറഞ്ഞതു ശരിയായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. മകളുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് പരാതി കൊടുക്കാൻ പാവറട്ടി പൊലീസ് സ്റ്റേഷനിൽ ചെന്ന ബിന്നിയോട് എസ്. ഐ., ജീസയുടെ മരണം എപ്പോഴാണറിഞ്ഞത്? എങ്ങനെയാണറിയിച്ചത്? ആരാണറിയിച്ചത്? എങ്ങനെ മരിച്ചെന്നാണറിഞ്ഞത്? തുടങ്ങിയ വിവരങ്ങൾ ചോദിച്ച് എഴുതിയെടുത്തു. “ഇത് നിങ്ങളുടെ അടുത്തുവന്ന് എഴുതിയെടുക്കേണ്ടതാണ്. എനിക്ക് സമയം കിട്ടിയില്ല. അതിനാലാണ് ഇപ്പോൾ ചോദിക്കുന്നത്... ഇതാരെയെങ്കിലും കാണിക്കാനോ കൊടുക്കാനോ അല്ല. എനിക്കൊന്നു പഠിക്കാൻ വേണ്ടിയാണ്.” എന്നിങ്ങനെ എസ്.ഐ പറഞ്ഞത്രേ! എത്ര ഉത്തരവാദിത്തബോധമുള്ള പൊലീസ് ഓഫീസർ! എഴുതിക്കഴിഞ്ഞ് ചുവട്ടിൽ ഒപ്പിട്ടുവാങ്ങുകയും ചെയ്തു! പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് യാതൊരു മുൻപരിചയവുമില്ലാത്ത ആ പാവം സ്ത്രീ പൊലീസ് പറഞ്ഞതെല്ലാം അനുസരിച്ചു...!

എന്നാൽ പിന്നീട് ഡി.വൈ.എസ്.പി ഉണ്ണിരാജനെ കണ്ട് പരാതി കൊടുക്കാൻ കുന്നംകുളത്തു ചെന്നപ്പോൾ, പാവറട്ടി എസ്.ഐ. തന്നോട് ചോദിച്ചെഴുതിയെടുത്ത് ഒപ്പിടീച്ച മൊഴി എടുത്തു കാണിച്ചുകൊടുത്തിട്ട് ഇതു നിങ്ങൾ പറഞ്ഞുകൊടുത്തതും ഒപ്പിട്ടതുമല്ലേ? എന്നു ബിന്നിയോട് അദ്ദേഹം ചോദിച്ചപ്പോൾ മാത്രമാണ് പാവറട്ടി എസ്.ഐ. തന്നെ സമർഥമായി കബളിപ്പിച്ചു എന്ന് ബിന്നിക്ക് മനസിലായത്. കന്യാസ്ത്രീകൾ പറഞ്ഞ കാര്യങ്ങൾ മാത്രമേ അന്ന് ബിന്നിക്ക് അറിയുമായിരുന്നുള്ളു. അതിനാൽത്തന്നെ പരാതിക്കാരിയുടെ മൊഴിയും സ്കൂൾ അധികൃതരുടെയും അവർ പറഞ്ഞു പഠിപ്പിച്ച സഹപാഠികളുടെ മൊഴിയും ഒന്നുതന്നെയായി! അങ്ങനെ ബിന്നിയുടെ പരാതിയിൽ കഴമ്പില്ലാതെയുമായി!! ഒരു സ്ത്രീയായിട്ടുകൂടി ഡി.ഐ.ജി. സന്ധ്യയും ഇതേ പല്ലവിതന്നെ പാടി! (നടപടിക്രമങ്ങളിൽ വീഴ്ച വരുത്തിയെന്ന പരാതിയുടെ ഫലമായി എസ്. ഐ. വിജയകുമാറിനു തൃശൂർ എസ്.പി. പിന്നീട് കുറ്റാരോപണ മെമ്മോ കൊടുത്തു)


പോസ്റ്റുമോർട്ടം റിപ്പോർട്ടും കെമിക്കൽ ടെസ്റ്റ് റിപ്പോർട്ടും 3 മാസം കഴിഞ്ഞും കിട്ടാതായപ്പോൾ അതാവശ്യപ്പെട്ട് പാവറട്ടി എസ്. ഐ. യ്ക്ക് 14-3-06-ൽ രജിസ്റ്റേർഡ് കത്തയച്ചെങ്കിലും അതിനൊരു മറുപടിപോലും ലഭിച്ചില്ല. ‘വജൈനൽ സ്മീയർ’ ടെസ്റ്റ് നടത്തിയത് 12-6-06-ലാണ്. ടെസ്റ്റ് റിപ്പോർട്ട് വീട്ടുകാരുടെ കൈയ്യിൽ കിട്ടുന്നത് 21-6-06-ൽ മാത്രമാണ്. അപ്പോൾ മാത്രമാണ് സ്ഥാപനാധികൃതരുടെ ഒളിച്ചുകളികളും തങ്ങളുടെ സംശയങ്ങളും കൂട്ടിവായിക്കുന്നതിനു വീട്ടുകാർക്കു കഴിഞ്ഞത്.

1) ജീസമോളുടെ ശരീരത്തിൽ തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങൾ (നാവു കടിക്കുക, തുട മാന്തിപ്പാറിക്കുക, കണ്ണു തള്ളുക...) ഒന്നും കാണാനില്ലായിരുന്നു.
2) കട്ടിലിൽ സ്റ്റൂൾ മറിഞ്ഞുകിടന്നിരുന്നു എന്നാണ് ഷീബ പറയുന്നത്. എന്നാൽ സ്റ്റൂൾ മറിഞ്ഞിട്ടില്ലായിരുന്നു, ജീസയുടെ കാൽ വിരൽ സ്റ്റൂളിൽ മുട്ടിയിരുന്നു എന്നിങ്ങനെ നേരിൽക്കണ്ടതുപോലെയാണ് ചേറ്റുപുഴ പള്ളിവികാരി ഫ. തങ്കച്ചൻ ബിന്നിയോടു പറഞ്ഞത് (അദ്ദേഹത്തിന്റെ രണ്ടു ബന്ധുക്കൾ അന്ന് ഈ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. കേസായതോടെ ഈ തങ്കച്ചൻ അയർലണ്ടിനു കടന്നു. പുറകെ പയ്യപ്പള്ളിയും!)
3) ആശുപത്രിയിൽനിന്നു നിലവിളിയും ബഹളവും കേട്ട് ഓടിച്ചെന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ ജീസാമോളുടെ കഴുത്തിൽ ഗ്ലുക്കോസ് റ്റ്യൂബ് ചുറ്റിക്കിടക്കുന്നതു കണ്ടു. എന്നാൽ ഉടൻതന്നെ കന്യാസ്ത്രീകൾ അവരെ തള്ളിപ്പുറത്താക്കി വാതിലടച്ചു.
4)ഒരു നേഴ്സിംഗ് കുട്ടി രാത്രിയിൽ ഇവിടെ മരിച്ചിട്ടുണ്ടെന്ന് രാവിലെ 7 മണിക്ക് പള്ളിയിൽ പോയവർ പരസ്പരം പറഞ്ഞതായി അറിഞ്ഞു. എന്നിട്ടും സ്കൂൾ അധികൃതർ തൊട്ടടുത്തു താമസിക്കുന്ന ലോക്കൽ ഗാർഡിയനായ ആന്റണി ചിറ്റാട്ടുകരയെ(ബിന്നിയുടെ അമ്മാവൻ) അറിയിക്കുകയോ ജീസയുടെ വീട്ടുകാരെ ഫോൺ ചെയ്യുകയോ ചെയ്തില്ല. എത്രയും പെട്ടെന്നു വീട്ടുകാരെ അറിയിക്കുന്നതിനുപകരം, പ്രിൻസിപ്പൽത്തന്നെ കാറുമായിച്ചെന്ന് പള്ളിയിൽ കാത്തിരുന്ന് ബിന്നിയെ ‘കസ്റ്റഡിയിലെടുത്ത്’ കൊണ്ടുവരികയാണ് ചെയ്തത്.
5)എന്നാൽ, പാവറട്ടി സാൻജോസ് ആശുപത്രി നടത്തുന്ന ആരാധനമഠത്തിന്റെ ചേറ്റുപുഴയിലെ പ്രൊവിൻഷ്യാളിനെ രാവിലെ 9.30നു പാവറട്ടി മഠത്തിൽനിന്നും വിളിച്ച് വിവരം പറഞ്ഞിട്ടുമുണ്ട്. പക്ഷെ, പൊലീസ് റെക്കോർഡിൽ മരണസമയം രാവിലെ11.40 ആണ്!
6)ജീസമോളുടെ മരണദിവസം സാൻജോസ് ഹോസ്പിറ്റൽ ആൻഡ് നേഴ്സിംഗ് സ്കൂളിന്റെ ഡയറക്റ്റർ ഫ. പോൾ പയ്യപ്പള്ളിയെ അവിടെ കണ്ടിട്ടില്ല. അവിടെത്തന്നെയുണ്ടായിരുന്ന അയാൾ മുങ്ങിയിരുന്നു. എന്നാൽ, പിറ്റേ ദിവസം ജീസയുടെ വീടു സന്ദർശിച്ച പയ്യപ്പള്ളി കത്തനാരുടെ കൈയ്യിൽ മുറിവുണ്ടായിരുന്നത് ബിന്നി ശ്രദ്ധിച്ചിരുന്നു. അയാൾ കൈ മറയ്ക്കാൻ ശ്രമിക്കുന്നതുപോലെയും ബിന്നിക്ക് തോന്നിയിരുന്നു. (പക്ഷെ, അന്ന് അയാളെ സംശയിക്കാൻ കാരണമില്ലായിരുന്നു. സംശയമുണ്ടായിരുന്നെങ്കിൽ കഥ മറ്റൊന്നാകുമായിരുന്നു എന്നാണ് ബിന്നി പറഞ്ഞത്)) മൂന്നാം ദിവസം നടന്ന ജീസയുടെ സംസ്കാരച്ചടങ്ങിനെത്തിയ പയ്യപ്പള്ളിയുടെ ഇടതുകൈയ്യിൽ ഒരു ബാൻഡേജ് ഉണ്ടായിരുന്നതായി ആളുകൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ ആളുകൾ ശ്രദ്ധിക്കുന്നു എന്നു മനസിലാക്കിയ അയാൾ കെട്ട് അഴിച്ചുമാറ്റിയ ശേഷമാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയതത്രേ! (നീരുള്ള ഇടതു കൈ ഉപയോഗിക്കാതെ വലതു കൈയിൽ പുസ്തകം പിടിച്ചിരിക്കുന്നത് ചിത്രത്തിൽ വ്യക്തമാണ്.)
7) റീ മോഡൽ പരീക്ഷയെഴുതിയെന്നു പറയപ്പെടുന്ന ജീസാമോളുടെ ഒഴികെ 17 പേരുടെയും ഉത്തക്കടലാസുകൾ ഉണ്ട്. പക്ഷെ, ജീസമോളുടെ ഉത്തരക്കടലാസ് ഫാ.പോൾ പയ്യപ്പള്ളിയെ ഏൽപ്പിച്ചെന്നും അതു നഷ്ടപ്പെട്ടുവെന്നും പറയുന്നു, അതുതന്നെ ടി പരീക്ഷ ജീസയുടെ മരണശേഷം നടത്തിയതാണെന്നതിനു തെളിവാണ്.
8) Waste Tankനു തീപിടിച്ച് ഫയർ ഫോഴ്സ് വന്നിരുന്നതായി പറഞ്ഞിരുന്നു. ആശുപത്രിയിലെ IP ബുക്ക് കാണാനില്ലെന്നും അറിയുന്നു.
9) ജീസയുടെ കൈയ്യിൽ എപ്പോഴും വാച്ചുകെട്ടിയിരുന്നു. ആ വാച്ചിന്റെ ചില്ല് പൊട്ടിയും സ്ട്രാപ്പ് മുറിഞ്ഞതുമായ നിലയിലാണ് വീട്ടുകാർക്ക് കിട്ടിയത്.
10) ബ്രേസിയറിന്റെ ഒരു വള്ളി പൊട്ടിയ നിലയിലാണ് കാണപ്പെട്ടത്.
11) ജീസമോൾ വീട്ടിൽനിന്നും രണ്ടു കത്തി കൊണ്ടുപോയിരുന്നു. അവ രണ്ടും തിരികെ കിട്ടിയില്ല. മുറിയിൽ മേശപ്പുത്തുണ്ടായിരുന്ന കത്തി ഉപയോഗിച്ചാണ് ഷാൾ മുറിച്ചതെന്നു പറയുന്നുണ്ട്.
12) തൂങ്ങി മരിക്കാനുപയോഗിച്ചെന്നു പറയപ്പെടുന്ന ഷാൾ മുറിച്ചിരിക്കുന്നത് ഫാനിന്റെ ലീഫിനു മുകളിൽ വെച്ചാണ്. 60 കിലോ ഭാരമുള്ള ജീസമോൾ തൂങ്ങി നിൽക്കുമ്പോൾ ഇതത്ര എളുപ്പമോ സ്വാഭാവികമോ അല്ല. ഈ ലിഗേച്ചർ മെറ്റീരിയൽ പോസ്റ്റ്മോർട്ടം സമയത്ത് പൊലീസ് ഹാജരാക്കിയിരുന്നില്ല. (പോസ്റ്റ്മോർട്ടം റിപ്പോർട്ട് കാണുക) ലിഗേച്ചർ ടെസ്റ്റ് നടത്തിയാൽ മാത്രം മതി ആ വസ്ത്രം ഉപയോഗിച്ച് ഒരാൾ തൂങ്ങിയിട്ടുണ്ടോ എന്നറിയാൻ എന്നു ഐ.ജി. ശ്രീലേഖതന്നെ വനിതാ മാസികയിൽ അക്കാലത്ത് എഴുതിയിരുന്നു. എന്നാൽ ഈ കേസിൽ ആവർത്തിച്ച് രേഖാമൂലം ആവശ്യപ്പെട്ടിട്ടും ലിഗേച്ചർ ടെസ്റ്റ് നടത്താൻ പൊലീസ് തയ്യാറായില്ല
13) ജീസാമോളുടെ ബ്ലഡ് ഗ്രൂപ്പ് O+ve ആണ്. (അമ്മ ബിന്നിയുടെയും വീട്ടിലെ മറ്റെല്ലാവരുടെയും രക്തഗ്രൂപ്പും O+ve ആണ്.) അവളെ ധരിപ്പിച്ച അടിവസ്ത്രത്തിൽ പുരണ്ടിരുന്ന രക്തക്കറ കാക്കനാടു ലാബിൽ പരിശോധിച്ചപ്പോൾ B+ve ആയിരുന്നു. എന്നാൽ കക്കനാടുകൊടുത്ത വസ്ത്രം മാറ്റി, DySP ബേബി വിനോദ് വീണ്ടും തിരുവനന്തപുരത്തും ഹൈദരബാദിലും ടെസ്റ്റിനു കൊടുത്ത് ബ്ലഡ് ഗ്രൂപ്പ് മാറ്റി O+ve ആക്കിയാണ് കോടതിയിൽ റിപ്പോർട്ട് കൊടുത്തത്!
14) പൊലീസോ വീട്ടുകാരോ എത്തുന്നതിനു മുൻപ് ജീസയുടെ മുറി കഴുകി വൃത്തിയാക്കി. അടുത്ത മുറിയുടെ കതകിലും വരാന്തയിലും ട്വിൻസി എന്ന കുട്ടി കണ്ട രക്തവും കഴുകിക്കളഞ്ഞിരുന്നു.
15) രക്തം, ബീജം ഇവ പിന്നീടും ടെസ്റ്റ് ചെയ്യുന്നതിനായി ഉണക്കി സൂക്ഷിക്കേണ്ടതാണ്. ഈ കേസിൽ അതുണ്ടായില്ല. മനപ്പൂർവം തെളിവ് നശിപ്പിക്കുകയായിരുന്നു.
16) സംശയനിവാരണത്തിനായി ക്രൈം ഡയറിയിലെ ഫോട്ടോസ് കാണണമെന്നാവശ്യപ്പെട്ട വീട്ടുകാരോട് സ്റ്റുഡിയോയിൽ നിന്നും കിട്ടുമെന്നു പറഞ്ഞ് കാണാൻ പൊലീസ് അനുവദിച്ചില്ല. അപ്പോൾത്തന്നെ സ്റ്റുഡിയോയിൽ ചെന്ന വിട്ടുകാരോട് അല്പം മുൻപ് പൊലീസ് വന്ന് നെഗറ്റീവ് വാങ്ങിക്കൊണ്ടുപോയതായി സ്റ്റുഡിയോക്കാരൻ പറഞ്ഞു.
17) ജീസയുടെ യോനിയിലും ധരിപ്പിച്ചിരുന്ന പാന്റീസിലും പുരുഷബീജമുണ്ടായിരുന്നു. അതായത് മരണത്തിനുതൊട്ടുമുൻപ് ലൈംഗികബന്ധം നടന്നു എന്നർഥം.(vaginal smear test result കാണുക)
18) അത്താഴത്തിനു കഴിച്ച ചോറ് ദഹിക്കാതെ ആമാശയത്തിൽ കാണപ്പെട്ടത് അത്താഴം കഴിച്ച് 3 മണിക്കൂറിനുള്ളിലാണ് മരണം നടന്നത് എന്നതിനു തെളിവാണ്. പക്ഷെ, പിറ്റേന്നു രാവിലെ 9.30വരെ മരണവിവരം മറച്ചുവെച്ചു!
19)കുട്ടികൾ സത്യം പറയാൻ ഭയപ്പെടുന്നു. ഒരു കുട്ടി പറഞ്ഞത് കാര്യങ്ങൾ തുറന്നു പറഞ്ഞാൽ അവരുടെ സെഷണൽ മാർക്ക് കുറയ്ക്കുമെന്നാണ്!
20) കേസ് കൊടുത്തെങ്കിലും കന്യാസ്ത്രീകളെയോ, കത്തനാമ്മാരെയോ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറായില്ല.
(തുടരും)
കടപ്പാട്: ജോർജ്ജ് ജോസഫ്