മാസത്തിലെ മൂന്നാം ഞായറാഴ്ച വീട്ടുകാർക്ക് കുട്ടികളെ കാണാൻ അനുവാദമുണ്ട്. അതിൻപ്രകാരം ജീസയെക്കാണാൻ ബിന്നി ചെല്ലുമ്പോൾ ഗെയിറ്റിൽത്തന്നെ സി.എലൈസയും സി.എലിസബത്തും നിൽക്കുന്നുണ്ടായിരുന്നു. ബിന്നിയെ കണ്ടതേ സി എലൈസ ചോദിച്ചു, ”മകൾ ഇന്ന് അങ്ങോട്ടു വരുന്നില്ലേ? പിന്നെന്തിനാണ് ഇങ്ങോട്ടു വന്നത്?” ID Card ശരിയാക്കാൻ വരുമെന്ന് ബിന്നിക്ക് അറിയില്ലായിരുന്നു. ഇന്നു കാണാൻ നിന്നാൽ ജീസയെ വീട്ടിലേക്ക് വിടില്ലെന്നും ആ കോന്തത്തിക്ക് വീട്ടിലേക്ക് വിളിച്ചു പറഞ്ഞുകൂടായിരുന്നോ എന്നുമാണ് സി. എലൈസ പറഞ്ഞത്. ഒടുവിൽ ജീസയെക്കാണാതെതന്നെ ബിന്നി തിരിച്ചു പോന്നു.
നവംബർ 28നു വീട്ടിൽ വന്നശേഷം പിറ്റേന്ന് വൈകിട്ട് ജോയിയാണ് ജീസയെ സ്കൂളിൽ കൊണ്ടുവിട്ടത്. അതിനു ശേഷം ജീസ വീട്ടിലേക്ക് ഫോൺ വിളിച്ചിട്ടില്ല. അതിനാൽത്തന്നെ മോഡൽ പരീക്ഷയുടെ കാര്യം പറഞ്ഞിട്ടില്ല. സാധാരണ ഏതു പരീക്ഷ ഉണ്ടെങ്കിലും ജീസമോൾ അമ്മയെ വിളിച്ചു പ്രാർഥിക്കാൻ ആവശ്യപ്പെടുമായിരുന്നു. ഡിസം.12ന് അവസാന പരീക്ഷ ആരംഭിക്കുമെന്നു വീട്ടിൽ വന്നപ്പോൾ പറഞ്ഞിരുന്നു; പ്രാർഥിക്കണമെന്നും. മാത്രമല്ല മോഡൽ എക്സാം കഴിഞ്ഞുവെന്നും പറഞ്ഞതാണ്. പിന്നെങ്ങനെ ഇപ്പോൾ ഇങ്ങനെയൊരു മോഡൽ പരീക്ഷ?
മോഡൽ പരീക്ഷയെഴുതിയ ജീസയുടെ കയ്യിൽനിന്നും പേപ്പർ പിടിച്ചെടുക്കുന്നത് തൊട്ടടുത്തിരുന്ന് പരീക്ഷയെഴുതിയ ഷീബ കണ്ടിട്ടില്ല. ജീസയുടെ ഉത്തരക്കടലാസ് ടീച്ചറുടെ കൈയ്യിലിരിക്കുന്നത് മാത്രമേ ആ കുട്ടി കണ്ടിട്ടുള്ളു. (മുൻപ് നടന്ന പരീക്ഷയുടെ കാര്യമാണത്.) അതിനാൽത്തന്നെ ഷീബ പറഞ്ഞു, “ജീസയ്ക്കെന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം.” ജീസയുടെ ഏറ്റവുമടുത്ത കൂട്ടുകാരിയും റൂംമേറ്റുമായ സിമ്പിൾ-ഉം ഇതുതന്നെ പറയുന്നു- “ജീസയ്ക്കെന്തു സംഭവിച്ചുവെന്ന് എനിക്കും അറിയണം.” (ഈ സിമ്പിൾതന്നെ ജീസ 5/12/05ലെ മോഡൽ പരീക്ഷയ്ക്ക് പങ്കെടുത്തെന്നു പൊലീസിൽ കള്ളമൊഴികൊടുത്തുകൊണ്ട് ഉറ്റ കൂട്ടുകാരിയെ ഒറ്റിക്കൊടുത്തു. പക്ഷെ, അവളുടെ വാക്കുകൾതന്നെ അവളെ ഒറ്റിക്കൊടുത്തുകൊണ്ട് ഈ കേസിലെ മറ്റൊരു നിർണ്ണായക തെളിവായി മാറി എന്നത് കാവ്യനീതി. തലേദിവസം ധരിച്ചുകൊണ്ടു കിടന്നുറങ്ങിയ വയലറ്റു ചുരിദാറുമിട്ടാണ് രാവിലെ പള്ളിയിൽ പോയതെന്നും ആ ചുരിദാറുതന്നെ ധരിച്ചാണ് ജീസ പരീക്ഷ എഴുതിയശേഷം തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടതെന്നും പറയുകവഴി ജീസ തലേദിവസം രാത്രിയിൽതന്നെ കൊല്ലപ്പെട്ടു എന്ന് അസന്നിഗ്ദ്ധമായി സ്ഥാപിക്കുകയാണ് സിമ്പിൾ ചെയ്തത്.) ഇതുതന്നെയാണ് ബിന്നിയും വീട്ടുകാരും നാട്ടുകാരും ചോദിക്കുന്നത്. ചോദ്യങ്ങൾ അനവധിയാണ്... പക്ഷെ, ഉത്തരങ്ങൾ മാത്രം അവധിയിലാണ്.
നവം.28മുതൽ 30വരെയും ഡിസം.1മുതൽ 3വരെയും കുട്ടികൾക്ക് അവിടെ ധ്യാനം നടന്നിരുന്നതായി അറിയുന്നു. (എന്താണ് ജനിക്കുമ്പോൾ മുതൽ പിടിവിടാതെ പുറകെ കൂടുന്ന നിങ്ങൾ പരിശീലിപ്പിച്ച ഈ കുട്ടികളെല്ലാം ഇത്ര പിഴച്ചവരാണോ? നിരന്തരം ഇത്രയേറെ ധ്യാനവും കൗൺസിലിങ്ങും! പുരോഹിതർ ധ്യാനിപ്പിക്കുകയും കൗൺസിലിംഗ് നടത്തുകയും ചെയ്താൽ മാത്രമേ പെൺകുട്ടികൾ നേരെയവുകയുള്ളോ? അങ്ങനെ ആവശ്യമുള്ളവർ നിങ്ങളെ സമീപിക്കില്ലേ? എന്തിനാ പാവപ്പെട്ട പെൺകുട്ടികളുടെ മുതുകിൽക്കയറുന്നത്? കത്തോലിക്കാ പുരോഹിതരേ, നിങ്ങളുടെ ഈ ഇരയെ കണ്ടെത്തൽ പരിപാടി അവസാനിപ്പിക്കേണ്ട സമയം വൈകിയിരിക്കുന്നു. അല്ലെങ്കിൽ നട്ടെല്ലിനും തണ്ടെല്ലിനും ബലമുള്ള മാതാപിതാക്കൾ നിങ്ങൾക്ക് കൈവെപ്പുശുശ്രൂഷ നടത്തും.)
ജീസയുടെ മരണശേഷം അവളുടെ ബൈബിളിൽനിന്നും ഒരു കത്ത് കണ്ടുകിട്ടിയിരുന്നു. അതിൽ രേഖപ്പെടുത്തിയിരുന്നതിൽനിന്നാണ് ഈ ധ്യാനവിവരം ബിന്നി അറിയുന്നത്. ഒരു നിഷ്ക്കളങ്കയായ പെൺകുട്ടിയുടെ മാനസിക വ്യാപാരവും പ്രതീക്ഷയുടെ പ്രകാശവും ആ കത്തിൽ ദർശിക്കാം. “ഈ കത്തെഴുതിയ തന്റെ മോൾ ആത്മഹത്യ ചെയ്യുമോ... നിങ്ങൾ പറയൂ.. ഇല്ല, ഒരിക്കലുമില്ല.” ഹൃദയം നുറുങ്ങി ആ അമ്മ പറയുന്നു. “അവർ, ആ പിഴച്ച കന്യാസ്ത്രികൾ എന്റെ കുഞ്ഞിനെ കൊന്നതാണ്. അല്ലെങ്കിൽ കൊല്ലിച്ചതാണ്. അത് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി... വൈകിപ്പോയി!” ബിന്നി തേങ്ങുകയാണ്.
പാവറട്ടിയിലുള്ള ഒരു ഓട്ടോറിക്ഷാ ഡ്രൈവർ പറഞ്ഞതിൻപ്രകാരം ഗ്ലൂക്കോസ് കയറ്റാനുപയോഗിക്കുന്ന റ്റ്യൂബ് കഴുത്തിൽ ചുറ്റിക്കിടക്കുന്ന നിലയിലാണ് ബഹളംകേട്ട് ആദ്യം ഓടിച്ചെന്ന അവർ ജീസയെ മുറിയിൽക്കണ്ടത്. എന്നാൽ പെട്ടെന്ന് അവരെ പുറത്താക്കി കതകടച്ചെന്നും പിന്നീട് ആരെയും അകത്തു കയറ്റിയില്ലെന്നും ബോഡി കാണിച്ചില്ലെന്നും അയാൾ പറയുന്നു.
ബിന്നിയുടെ വീട്ടുകാർ ജീസയുടെ മുറി കാണുമ്പോൾ ആ മുറി കഴുകി വൃത്തിയാക്കിയിരുന്നു. ജീസമോളെ കുളിപ്പിച്ച് ധരിച്ചിരുന്ന ചുരിദാർ മാറ്റി നൈറ്റിയാണ് ധരിപ്പിച്ചിരുന്നത്. ജീസയ്ക്ക് നൈറ്റി ഉണ്ടായിരുന്നില്ല. (അവിടത്തെ സാഹചര്യത്തിൽ അതത്ര സുരക്ഷിതവസ്ത്രമായി തോന്നാതിരുന്നതിനാലാണ് അങ്ങനെ ചെയ്തത്.) അവളുടെതല്ലാത്ത ഒരു നീല പാന്റീസ് ധരിപ്പിച്ചിരുന്നു. അടിവസ്ത്രമുൾപ്പെടെ മറ്റിയതിനു കാരണം ചോദിച്ചപ്പോൾ ജീസ വിസർജ്ജിച്ചതിനാൽ ആകെ വൃത്തികേടായി എന്നാണ് കന്യാസ്ത്രീകൾ പറഞ്ഞത്. അങ്ങനെ ആണെങ്കിൽത്തന്നെ, തൂങ്ങി മരിച്ചനിലയിൽക്കാണപ്പെട്ട ഒരു പെൺകുട്ടിയുടെ മരണം ആത്മഹത്യ എന്നു ഉറപ്പാക്കുന്നതിനു മുൻപ് ഇത്തരത്തിൽ ചെയ്താൽ വിവാദമാകുമെന്നും നിയമപ്രകാരം അതു ശരിയല്ലെന്നും അറിവില്ലാത്തവരാണോ ആശുപത്രിയും നേഴ്സിംഗ് സ്ക്കൂളും നടത്തുന്നത്? ഫാനിൽ കെട്ടിത്തൂങ്ങാനുപയോഗിച്ചെന്നു പറയുന്ന ഷാളിന് അതിനാവശ്യമായ നീളമുള്ളതായിരുന്നില്ല. ചുരിദാറിന്റെ ബോട്ടം കെട്ടുവാൻപോലും തങ്ങൾ സഹായിക്കണമായിരുന്നു എന്നു കൂട്ടുകാരികളായ കുട്ടികൾ പറയുന്നു. ആ ജീസ എങ്ങനെ ഫാനിൽ കെട്ടിത്തൂങ്ങി? അപ്പെൻഡിസൈറ്റിസിന്റെ ഓപ്പറേഷനുവേണ്ടി ഇൻജക്ഷൻ കൊടുത്തപ്പോൾ വേണ്ട ചേച്ചി ഗുളിക തന്നാൽ മതി എന്നു പറഞ്ഞു കരഞ്ഞ ജീസമോൾ, കൈത്തണ്ടയിൽ രണ്ടിടത്തു മുറിച്ചതെങ്ങനെ? അതിനുശേഷം ആ വേദന സഹിച്ച് എങ്ങനെ കെട്ടിത്തൂങ്ങി?
ഷാൾ മുറിച്ച് ജീസയെ താഴെയിറക്കുമ്പോൾ അനക്കമില്ലായിരുന്നെന്നു ബോഡി കണ്ട ഷീബ പറയുന്നു. എന്നാൽ അനക്കമുണ്ടായിരുന്നെന്നും ശ്വാസം വലിക്കുന്നുണ്ടായിരുന്നെന്നും എസ്.ഐ. വിജയകുമാർ പറയുന്നു. അങ്ങനെയെങ്കിൽ എന്തുകൊണ്ടു മികച്ച മറ്റൊരു ആശുപത്രിയിൽ ജീസയെ കൊണ്ടുപോയില്ല? ജീസയ്ക്ക് ആ ദിവസങ്ങളിൽ പീരിയ്ഡ് ആയിരുന്നില്ല. ജീസയുടെ ബെഡ് ഷീറ്റെല്ലാം കഴുകിയാണ് ബിന്നിക്ക് ലഭിച്ചത്. എന്നാൽ, ബെഡ് കവറിൽ പുതിയ രക്തക്കറപോലെ എന്തോ കാണപ്പെടുന്നുണ്ട്. അത് എവിടെനിന്ന്? ജീസ താമസിച്ചിരുന്ന മുറിക്ക് അകത്തുനിന്നും പൂട്ടാവുന്ന കുറ്റിയോ കൊളുത്തോ ഇല്ല. (കുട്ടികളുടെ മുറികൾക്കൊന്നിനും അതില്ല) എന്തുകൊണ്ട്?
ജീസയുടെ മുറിയുടെ അടുത്ത റൂമിൽ ട്വിൻസി എന്ന കുട്ടിയിരുന്നു പഠിക്കുന്നുണ്ടായിരുന്നെന്നും ആ റൂമിന്റെ വാതിലിൽ ആരോ വന്നു തള്ളിയതായും പെട്ടെന്ന് അടച്ചിട്ടു പോയതായും പറയുന്നു. ട്വിൻസി പുറത്തു വന്ന് നോക്കിയെങ്കിലും ആരെയും കണ്ടില്ലെന്നും തള്ളിയ ഭാഗത്ത് കതകിൽ കൈപ്പത്തിയുടെ ആകൃതിയിൽ രക്തം പുരണ്ടിരുന്നു എന്നും വരാന്തയിൽ രക്തത്തുള്ളികൾ കാണപ്പെട്ടിരുന്നു എന്നും അറിയുന്നു. അവയും ഉടനെതന്നെ കഴുകി വൃത്തിയാക്കിയിരുന്നു!
രാവിലെ 8.30നു മോഡൽ പരീക്ഷ തുടങ്ങിയെന്നോ ജീസയെ കോപ്പിയടിച്ച് പിടിച്ചുവെന്നോ അതിനാൽ അവളെ പരീക്ഷ എഴുതിക്കുന്നില്ലെന്ന വിവരമോ ഒന്നും ഈ കന്യാസ്ത്രീകൾ വീട്ടിൽ വിളിച്ചു പറഞ്ഞിട്ടില്ല.
ധ്യാനത്തിന്റെ ഭാഗമായി നടന്ന കൗൺസിലിങ്ങിൽ(!), പ്രോജക്റ്റ് എഴുതിത്തീർത്ത് പ്രിൻസിപ്പലിനെ കാണിക്കാത്തതിലുള്ള പേടി ജീസാമോൾ പങ്കുവെച്ചിരുന്നുവത്രേ! അതിൽ പേടിക്കാനൊന്നുമില്ല മോൾ ധൈര്യമായി പ്രിൻസിപ്പലിനെക്കണ്ടു സംസാരിച്ചാൽ മതി. സിസ്റ്റർ വഴക്കൊന്നും പറയില്ല എന്നു ആ വൈദികൻ ധൈര്യം പകർന്നെന്നും പറയപ്പെടുന്നു. അതനുസരിച്ച് സിസ്റ്ററോട് അക്കാര്യം പറഞ്ഞപ്പോൾ സിസ്റ്റർ ഒന്നും പറഞ്ഞില്ലെന്നു കൂട്ടുകാരികളോട് സന്തോഷത്തോടെ ജീസ പറഞ്ഞതായും പറയപ്പെടുന്നു.
തലേദിവസം രാത്രി 11.30 വരെ ജീസ ഇരുന്നു പഠിക്കുന്നുണ്ടായിരുന്നതായി കുട്ടികൾ പറയുന്നു. അന്നു രാവിലെ 3 മണിക്ക് വീണ്ടും എഴുന്നേറ്റു പഠിക്കാനായി അടുത്ത ബെഡ്ഡിലെ കുട്ടിയായ സിമ്പിൾ-നെ വിളിച്ചെങ്കിലും അവൾ ഉറക്കം വരുന്നെന്നു പറഞ്ഞ് എഴുന്നേൽക്കാതിരുന്നതിനാൽ ജീസയും അവളുടെ കൂടെക്കിടന്ന് വീണ്ടും ഉറങ്ങിയതായും രാവിലെ എഴുന്നേറ്റ് 2 പേരുംകൂടി പള്ളിയിൽ പോയി വന്നെന്നും പറയുന്നു. അതിനുശേഷം ജീസ ഒരു സിസ്റ്ററെ കാണാനായി നിൽക്കുന്നുണ്ടായിരുന്നെന്നും പിന്നീട് പരീക്ഷയ്ക്കു വന്നതായും സിമ്പിൾ പറയുന്നു.
ജീസയുടെ മരണമറിഞ്ഞ് ആശുപത്രിയിലെത്തിയ ബിന്നിയുടെ അനിയത്തിയോട് ഒരു കന്യാസ്ത്രീ പറഞ്ഞത് “ഈ കുട്ടിയുടെ കാര്യം ഇനി ആരു ചെയ്യും? അപ്പനും അമ്മയ്ക്കും കഴിവില്ലല്ലോ. പൊലീസിൽനിന്നും കാര്യങ്ങൾ നടന്നു കിട്ടാൻ കുറെ ചെയ്യാനുണ്ട്.” അതെ, അതായിരുന്നു വിശുദ്ധ കൊലപാതകികളുടെ ധൈര്യം! മാതാപിതാക്കൾ പാവപ്പെട്ടവരാണ്!
(തുടരും)കടപ്പാട്: ജോർജ്ജ് ജോസഫ്