Thursday, 13 August 2015

ദൈവം ഇല്ല എന്ന് മൂഢൻ....

ദാവീദ്:  "ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു."  [സങ്കീ. 14:1]
 യേശു:  “സഹോദരനെ വിഡ്ഢി എന്ന് വിളിക്കുന്നവന്‍ നരഗാഗ്നിക്ക്  ഇരയാകും”  [Matthew 5:22]
“ദൈവം  ഭൂമിയെ അതിന്റ്റെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു, അത് ഒരിക്കലും ഇളകുകയില്ല.”  [സങ്കീ. 104:5]

"ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു."  [സങ്കീ. 14:1]
ദൈവം ഇല്ല എന്ന് വിശ്വസിക്കുന്നവരോടും, ബൈബിളിനെ ചോദ്യം ചെയ്യുന്നവരോടും ദൈവ വിശ്വാസികള്‍ക്ക് പറയാനുള്ള ഏക ബൈബിള്‍ വാചകമാണ് ഇത്.   മനപ്പാടമാക്കി വച്ചിരിക്കുന്ന  കുറെ  ബൈബിള്‍ വാക്കുകള്‍  ഏതൊരു ചോദ്യത്തിനും ഉത്തരമായി നല്‍കാന്‍ മാത്രം   അറിവുള്ളവര്‍,  ലോകത്തിന്റ്റെ ഏതു ചോദ്യങ്ങള്‍ക്കും അവര്‍ ബൈബിളില്‍ നിന്ന്തന്നെ ഉത്തരം കണ്ടെത്തുന്നു. കാരണം വിശ്വസിക്കുന്നവര്‍ക്ക് അവിടന്ന് ഉത്തരം നല്‍കുന്നു’  എന്ന വിശ്വാസവും.

എല്ലാത്തിന്റ്റെയും ഉറവിടം ദൈവമാണ്. എല്ലാം ദൈവത്തിങ്കലേക്ക്‌ ചെന്ന് ചേരുന്നു. വിശ്വാസമാണ് എല്ലാത്തിനും  അടിസ്ഥാനം, അതിന്റ്റെ ഉറവിടം  ബൈബിളും. ബൈബിള്‍ എന്ന പൊട്ടക്കിണറ്റില്‍ കിടക്കുന്നവരെ  , വിശ്വാസം എന്ന ഭയത്താല്‍ തളച്ചിടുന്നവര്‍, പൊട്ട കിണറിന് വെളിയില്‍ മരണമാണ് എന്ന് പറഞ്ഞു പഠിപ്പിക്കുന്നു. അതുകൊണ്ട് അതിന് വെളിയില്‍ കടക്കാന്‍ ആരും  ശ്രമിക്കുന്നുമില്ല.

വിശ്വാസം എന്നത്   കാണപ്പെടാത്തവ  ഉണ്ടെന്നുള്ള ബോദ്ധ്യവും, പ്രത്യശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും’ മാത്രമാണ് [Hebrews 11:1 / ccc - 146]
പ്രത്യാശിക്കുന്നവ  ലഭിച്ചില്ലെങ്കിലും, കാണപ്പെടാത്തവ  ഇല്ലെങ്കിലും  അതിന് അപ്പുറത്തേക്ക്  വിശ്വാസത്തിനു  പോകാന്‍ കഴിവില്ല, സത്യം അതിനു അപ്പുറത്താണ് എന്ന് ഉറപ്പുണ്ടെങ്കില്‍ തന്നെയും. അവിടെ തെളിവുകള്‍ ആരും തിരക്കാറില്ല. കാരണം തെളിവുകള്‍ തേടി പോയാല്‍ വിശ്വാസം നഷ്ടമാകും എന്ന് അറിയാവുന്നത് കൊണ്ട് തന്നെ. അതുകൊണ്ട് നല്ലൊരു ശതമാനം വിശ്വാസികളുടെയും  അവസാന വാക്കാണ്‌  ബൈബിള്‍. എന്തിനും ഏതിനും ബൈബിള്‍ വായിച്ചാല്‍ മതിയാകും, മനപ്പാടമാക്കിവചിരിക്കുന്ന ചില വാചകങ്ങളും ഉണ്ടാകും  എപ്പോഴും കൂട്ടിന്. കാരണം ബൈബിളിന്റ്റെ ഗ്രന്ഥ കര്‍ത്താവ്‌ ദൈവം തന്നെയാണ് എന്ന് സഭ ഉറപ്പിച്ചു പറയുന്നു: ‘God is the author of Sacred Scripture’ [ccc/105]

ഈ അവസരത്തില്‍ പലരെയും കൊല്ലാന്‍ തിരുസഭ ഉപയോഗിച്ച ഒരു വാചകം തന്നെ ബൈബിളില്‍ നിന്നും എടുക്കാം: ദൈവം  ഭൂമിയെ അതിന്റ്റെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു, അത് ഒരിക്കലും ഇളകുകയില്ല . [സങ്കീ. 104:5]
ബൈബിളിലെ സൌരയൂഥത്തിന്റ്റെ കേന്ദ്രം ഭൂമിയാണ്‌.
എന്തുകൊണ്ട് ഈ വാചകം  ബൈബിളില്‍ വന്നു!?

യേശു ജനിക്കുന്നതിന് മുന്നൂറ് വര്‍ഷം മുന്‍പ്  ഗ്രീക്ക് തത്വ ചിന്തകനായ  അരിസ്റ്റോട്ടല്‍ ലോകത്തോട്‌ പറഞ്ഞത് അങ്ങനെയായിരുന്നു.  പിന്നീട് യേശുവിന് ശേഷം, ഭൂമിയാണ്‌ പ്രപഞ്ച കേന്ദ്രമെന്ന്‌ ടോളമി സിദ്ധാന്തിക്കുകയും ലോകം അംഗീകരിക്കുയും ചെയ്തു. അത് തന്നെയാണ് വ്യത്യസ്ത രീതിയില്‍ ബൈബിളില്‍ എഴുതപെട്ടിട്ടുള്ളതും. അന്ന് നിലനിന്നിരുന്ന ഈ വിശ്വാസങ്ങള്‍ക്ക് വിപരീതമായി ബൈബിളിനോ ദൈവത്തിനോ മറ്റൊരു സത്യവും ലോകത്തോട്‌ പറയുവാന്‍ ഇല്ലായിരുന്നു. അങ്ങനെ വന്നാല്‍ അത് ബൈബിളിന്റ്റെ തന്നെ അസ്ഥിവാരം തോണ്ടുകയായിരിക്കും സഭ ചെയ്യുക. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ദൈവമല്ല ബൈബിളിന്റ്റെ ഗ്രന്ഥ കര്‍ത്താവ്‌ എന്ന് സാരം. ആയിരുന്നുവെങ്കില്‍ ഇത്തരം വിഡ്ഢിത്തം ബൈബിളില്‍ വരുമായിരുന്നില്ല. 
ഇനിയും ബൈബിളിലെ ഭൂമിയെയും, സൂര്യനെയും കുറിച്ച് സംശയം ഉള്ളവര്‍ക്ക് ഇതു കൂടെ വായിക്കാം:
Joshua 10:12-13 -  ' ... So the sun stood still, and the moon stopped,'
Habakkuk 3:11 - 'Sun and moon stood in their places;'
Ecclesiastes 1:5  - 'The sun rises and the sun sets, and hurries back to where it rises.'
1 Chronicles 16:30 -  'the world is firmly established, it will not be moved.'
Psalms 93:1 - 'the world is firmly established, it will not be moved'.
Psalms 96:10  -'the world is firmly established, it will not be moved;'
2 Samuel 22:1 6 - 'The foundations of the world were laid bare By the rebuke of the lord'
Psalms 18:15 -  'And the foundations of the world were laid bare At Your rebuke'
Psalms 102:25 - 'In the beginning you laid the foundations of the earth',
Proverbs 8:27-29 - '...and fixed securely the fountains of the deep,'
Isaiah 48:13 - 'My own hand laid the foundations of the earth,'
Job 9:6 - ' Who shakes the earth out of its place, And its pillars tremble;
1 Samuel 2:8 - '  For the pillars of the earth are the Lord's, and on them he has set the world.'
Job 38:4-6 - 'Where were you when I laid the foundation of the earth?'
etc.

ബൈബിളിലെ ഭൂമി ദൈവം അടിത്തട്ടു പാകി ഉറപ്പിച്ചു നിറുത്തിയിരിക്കുന്ന ഒന്നായി ബൈബിള്‍ പറയുന്നു! അതുകൊണ്ട് തന്നെ ഭൂമിയാണ്‌ സൗരയൂഥത്തിന്റ്റെ  കേന്ദ്രവും എന്ന് വിശ്വസിക്കുന്നു! 
അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ശാസ്ത്ര ത്തിന്റ്റെ കണ്ടുപിടുത്തങ്ങള്‍ ബൈബിളിലെ ഈ   വിശ്വാസത്തിനു എതിരായി വന്നു!
ഭൂമി സൂര്യന് ചുറ്റും പ്രതിക്ഷണം വയ്ക്കുന്നു എന്ന ഗലിലെയോയുടെ വാദം,  യേശു കന്യാമറിയതില്‍നിന്നല്ല ജനിച്ചത്‌ എന്ന് പറയുന്നതിന് തുല്ല്യമായ ദൈവനിന്ദ പോലെയാണ്  സഭ പ്രതികരിച്ചത്. കാരണം ഭൂമി സൂര്യന് ചുറ്റും പ്രദിക്ഷണം വയ്ക്കുന്നു എന്ന് സമ്മതിച്ചാല്‍ അത്  ദൈവ പ്രചോദനത്താല്‍ എഴുതപ്പെട്ട  ബൈബിള്‍ വാചകങ്ങള്‍ക്ക്  വിപരീതമാകുമ്പോള്‍, അത്  ക്രൈസ്തവ വിശ്വാസത്തിനു എതിരാകും. ശാസ്ത്രം ദൈവ വചനതിനും മുകളില്‍ എന്ന സത്യം ലോകം അംഗീകരിക്കുന്നു എന്ന് സമ്മതിക്കേണ്ടിവരും.
സൂര്യനാണ്  സൌരയൂദത്തിന്റ്റെ  കേന്ദ്രമെന്നും  മറ്റെല്ലാ ഗ്രഹങ്ങളും സൂര്യന് ചുറ്റും വലം വയ്ക്കുന്നു  എന്ന ശാസ്ത്ര സത്യങ്ങളും അംഗീകരിക്കാന്‍ ദൈവത്തിനോ സഭയുടെ പണ്ഡിതന്‍മാര്‍ക്ക് കഴിയുമായിരുന്നില്ല. ഗലീലെയോയുടെ  വാദങ്ങളെ ഖണ്ഡിക്കുന്നതിന് കത്തോലിക്കാ തിരുസഭാക്ക് കഴിഞ്ഞില്ലെന്ന് മാത്രമല്ല, വിശ്വാസം വൃണപ്പെടുത്തുന്നു, ജനങ്ങളെ വഴിതെറ്റിക്കുന്നു  എന്ന കുറ്റങ്ങളെ സഭക്ക് ഗലീലെയോക്കെതിരെ  ആരോപിക്കുവാന്‍  ഉണ്ടായിരുന്നുള്ളൂ.

ജോര്‍ദാനോ ബ്രൂണോയെ തീ കൊളുത്തി കൊന്നവരുടെ ഭീഷണിക്ക് വഴങ്ങാതെ  ഗലീലെയോ  വീട്ടു തടങ്കലില്‍ മരണം വരെ കഴിയാന്‍ വിധിക്കപെട്ടപ്പോഴും, കോപ്പര്‍നിക്കസ് മുന്നോട്ടു വച്ച, അത് അംഗീകരിച്ചു  താന്‍ കണ്ടെത്തിയ,  തെളിവ് സഹിതം നിരത്തി ലോകത്തിനു വെളിപ്പെടുത്തിയ,   ശാസ്ത്ര സത്യങ്ങളെ ഗലീലെയോക്ക് കൂട്ടിനുണ്ടായിരുന്നുള്ളൂ.

ദൈവം  ഭൂമിയെ അതിന്റ്റെ അടിസ്ഥാനത്തില്‍ ഉറപ്പിച്ചു, അത് ഒരിക്കലും ഇളകുകയില്ല.”  [സങ്കീ. 104:5]
-       അപ്പോള്‍ ഭൂമി സൂര്യന് ചുറ്റും ഭ്രമണം ചെയ്യുന്നില്ല!
-       ഭൂമി കുലുക്കം പോലും ഉണ്ടാകാന്‍ പാടില്ല!
ബൈബിള്‍ വിശ്വാസ പ്രകാരം ഇന്നും ഇത് രണ്ടും സംഭവിക്കാന്‍ പാടില്ല!   ദൈവമായിരുന്നു ബൈബിളിന്റ്റെ ഗ്രന്ധ കര്‍ത്താവ്‌ എങ്കില്‍, ദൈവം സര്‍വ്വ ഞാനിയല്ല. ദൈവം സര്‍വ്വഞാനി ആയിരുന്നുവെങ്കില്‍, യുഗങ്ങള്‍ക്ക് മുന്‍പേ ലോകത്തിനു മുഴുവന്‍ അറിയപ്പെടുവാന്‍ തക്കവണ്ണം, വിശ്വാസിക്കും അവിശ്വാസിക്കും മനസിലാകതക്കവിധം, ബൈബിളില്‍ വ്യക്തമായി അതെല്ലാം എഴുതപ്പെടുമായിരുന്നു. എങ്കില്‍  ജോര്‍ദാനൊ ബ്രൂണോയെയും, ഗലീലെയോയും സഭക്ക് കൊല്ലേണ്ടി വരുമായിരുന്നില്ല.   ദൈവത്തിനോ സഭക്കോ മനസ്സിലാകാത്ത സത്യങ്ങള്‍ ശാസ്ത്രം കണ്ടെത്തിയത് അംഗീകരിച്ചാല്‍ അത്  എല്ലാ സത്യങ്ങളും ഉള്‍ക്കൊള്ളുന്ന ബൈബിളിന്റ്റെ ശവസംസ്ക്കാരമായിരിക്കും!  

ഓര്‍ക്കുക!
ബൈബിളിലെ ഭൂമി ഇപ്പോഴും അനങ്ങാതെ ഉറച്ചു നില്‍ക്കുന്നു, പ്രപഞ്ചതിന്റ്റെ കേന്ദ്ര ബിന്ദുവായി.
ബൈബിള്‍ അറിയാത്ത വിഡ്ഢികള്‍,  ഗലീലെയോയുടെ  പിന്‍ഗാമികള്‍, സൂര്യനാണ് സൗരയൂഥത്തിന്റ്റെ കേന്ദ്രമെന്നും ഭൂമി സൂര്യന് ചുറ്റും വലം വയ്ക്കുന്നു എന്ന് ഇന്നും  വിശ്വസിക്കുന്നു,
സത്യം ലോകത്തെ അറിയിക്കാന്‍, തെളിവുകള്‍ നിരത്തി സ്ഥിരീകരിക്കപ്പെട്ട   ശാസ്ത്ര സത്യങ്ങളുടെ സംരക്ഷണത്തിന് വേണ്ടി  ജീവന്‍ ബാലിയര്‍പ്പിക്കപ്പെട്ട  ധീര പോരാളികളുടെ  ഓര്‍മ്മയ്ക്ക്‌  മുന്‍പില്‍    ഈ വരികളെ സമര്‍പ്പിക്കുന്നു.

അഞ്ചു നൂറ്റാണ്ടുകള്‍ക്കു ശേഷം സഭ ശാസ്ത്രത്തിനോട് ചെയ്തതെല്ലാം  തെറ്റായിരുന്നു എന്ന് മനസ്സില്ലാ മനസ്സോടെ   സമ്മതിച്ച്  മാപ്പ് ചോദിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും, ബൈബിളിലെ വാക്കുകള്‍ ഇന്നും അതേപോലെ നിലനില്‍ക്കുന്നു. ബൈബിളിലെ അവസാന വാക്കുവരെ തെറ്റാണെന്ന് തെളിയിക്കപ്പെടുന്ന ദിവസം വരുമ്പോഴും, ആ ദൈവത്തിന് വേണ്ടി തല്ലാനും കൊല്ലാനും മരിക്കാനും തയ്യാറായി ചിലര്‍ കാണും ഈ ഭൂമുഖത്ത്, നിര്‍ഭാഗ്യവശാല്‍, മതമെന്ന മാനസീക രോഗത്തിന്റ്റെ നീരാളിപ്പിടുതതില്‍നിന്നും രക്ഷപ്പെടാന്‍ കഴിയാത്തവര്‍!

NB. മെസ്സേജ്ജിലും  കമന്ററിലും വന്ന്, പഴയ നിയമത്തിലെ,   ദാവീദ് രാജാവ് പറഞ്ഞു എന്ന് വിശ്വസിക്കുന്ന :  "ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു"  [സങ്കീ. 14:1]  എന്ന  വാചകം  മുടങ്ങാതെ എന്നെ ഓര്‍മ്മിപ്പിക്കുന്നവര്‍, പുതിയ നിയമത്തിലെ യേശു പാറഞ്ഞ :  സഹോദരനെ വിഡ്ഢി എന്ന് വിളിക്കുന്നവന്‍ നരഗാഗ്നിക്ക്  ഇരയാകും”  [Matthew 5:22] , എന്ന  വാചകം  സൌകര്യ പൂര്‍വ്വം മറക്കുന്നു!

നിങ്ങളുടെ വിശ്വാസം സംരക്ഷിക്കാന്‍ മറ്റുള്ളവരെ വിഡ്ഢി എന്ന് വിളിച്ചാല്‍ ദൈവം ചിലപ്പോള്‍ കണ്ണടക്കുമായിരിക്കും.
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ!

-------------------------------------------------------------------------