Saturday, 18 November 2017

പരിണാമം - സഭയുടെ കാഴ്ചപ്പാട്

സ്ത്രീയുടെ അന്ധവും പുരുഷന്റ്റെ ബീജവും 40 ആഴ്ചകള്‍കൊണ്ട് മറ്റൊരു മനുഷ്യകുഞ്ഞായി പിറക്കുന്ന പ്രക്രിയ മനസ്സിലാക്കാന്‍ കഴിയാത്ത ഒരാള്‍ക്ക്‌, കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ പരിണാമം എങ്ങനെ മനസ്സിലാകും!
ഗര്‍ഭധാരണം, ജനനം 


സൃഷ്ടിയോ പരിണാമമൊ?
——————
ഈ ലോകം ദൈവം സൃഷ്ടിച്ചതാണെന്ന് പറയുന്ന ക്രിയേഷണിസ്റ്റുകളും ഈ ലോകം ആകസ്മികമായി പരിണാമം സംഭവിച്ച് ഇന്നത്തെ അവസ്ഥയിലേക്ക് ഉരുത്തിരിഞ്ഞു വന്നതാണെന്ന് പറയുന്ന എവല്യൂഷണിസ്റ്റുകളും തമ്മിലുള്ള ചർച്ചകൾക്ക് വളരെ പഴക്കമുണ്ട്. ഒരുപക്ഷെ തത്വശാസ്ത്രപരമായി അവലോകനം ചെയ്താൽ ഈ രണ്ടു വാദക്കാർക്കും ഒരു മിഡിൽ ഗ്രൌണ്ട് കണ്ടെത്താൻ കഴിയും എന്ന് എനിക്ക് തോന്നാറുണ്ട്.
ബേസിക്കലി - ക്രിയേഷൻ എന്നാൽ ഒന്നുമില്ലായ്മയിൽ നിന്നുള്ള സൃഷ്ടി ആണെന്ന് പറയാം. എവല്യൂഷൻ എന്നത് മറ്റൊന്നിന്റെ രൂപമാറ്റവും. Creation is something out of nothing, while evolution is something out of something else. ഈ പ്രോസസുകളെ നമുക്ക് വേണമെങ്കിൽ CREATION (സൃഷ്ടി) എന്നും FORMATION (രൂപീകരണം) എന്നും വിളിക്കാം. ഈ അർത്ഥത്തിൽ, മണ്ണുകുഴച്ച് മനുഷ്യനെ ഉണ്ടാക്കുന്നത് ഒരു CREATION അല്ല, ഒരു FORMATION ആണു. മണ്ണിൽ നിന്നു മനുഷ്യനെ ഉണ്ടാക്കിയെടുക്കുന്നു, അഥവാ മണ്ണിനു രൂപമാറ്റം വരുത്തുന്നു. അതുകൊണ്ടാണു “മനുഷ്യാ, നീ മണ്ണാകുന്നു” എന്ന് പറയുന്നത്. മണ്ണിൽ ( clay crystals to be precise) നിന്നാണു മനുഷ്യൻ ഉണ്ടായത് എന്ന ഹൈപ്പൊതിസിസ് കഴിഞ്ഞ അരനൂറ്റാണ്ടിനു മുകളിലായി സയന്റിഫിക് സർക്കിളുകളിൽ പോലും ഉണ്ട് എന്നത് എവല്യൂഷണിസ്റ്റ് റിച്ചാർഡ് ഡോക്കിൻസിന്റെ “THE BLIND WATCHMAKER” എന്ന പുസ്തകത്തിലും കാണാം. ഈ പ്രപഞ്ചത്തിൽ നാം ഇന്നു കാണുന്ന ഷേപ്പിലുള്ള പലതും മറ്റൊന്നിൽ നിന്നും രൂപമാറ്റം വന്നതാണു എന്ന് വെറുതെ ഒന്നും ചിന്തിച്ചു നോക്കിയാൽ പോലും മനസിലാക്കാം. അങ്ങനെയെങ്കിൽ ഈ പ്രപഞ്ചത്തിൽ എന്തൊക്കെയാണു സൃഷ്ടിക്കപ്പെട്ടത്‌?
തത്വശാസ്ത്രം പറയുന്നത് ഈ പ്രപഞ്ചം മൂന്ന് കാര്യങ്ങളുടെ രൂപമാറ്റത്തിലൂടെ ആണു മുമ്പോട്ട് പോകുന്നത് എന്നാണു. 1. TIME (സമയം), 2. SPACE (ശൂന്യസ്ഥലം), 3. MATTER (പദാർത്ഥം). ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ഈ മൂന്നു കാര്യങ്ങളിലാണു നിലനിൽക്കുന്നത്. ഈ മൂന്നു കാര്യങ്ങളാകട്ടെ മറ്റൊന്നിൽ നിന്നും പരിണമിച്ച് ഉണ്ടായതുമല്ല. ചുരുക്കത്തിൽ പറഞ്ഞാൽ ഈ മൂന്ന് കാര്യങ്ങളാണു ആത്യന്തികമായി സൃഷ്ടിക്കപ്പെട്ടവയായി കണക്കാക്കാവുന്നത്.
ഇനി ബൈബിൾ എന്താണു പറയുന്നത് എന്ന് നോക്കാം. ബൈബിൾ ആരംഭിക്കുന്നത് ഇപ്രകാരമാണു… “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചപ്പോൾ, ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു.” ഇവിടെ ആദ്യം ഉപയോഗിച്ചിരിക്കുന്ന വാക്ക് “ആദി” എന്നതാണു. ഇത് സമയത്തെ സൂചിപ്പിക്കുന്നു. ആദിയിൽ ആകെ ഉണ്ടായിരുന്നത് ദൈവമാണു. അപ്പോൾ ദൈവം ആദിയിലും മുമ്പ് ഉണ്ടായിരുന്നതായി പരിഗണിക്കാം. അതായത് ദൈവം അനാദിയാണു. അനാദിയായ ദൈവം ആദ്യം സൃഷ്ടിച്ചത് സമയമാണു. പിന്നീട് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ആകാശം അഥവാ HEAVEN എന്നത് കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് ശൂന്യസ്ഥലം അഥവാ SPACE ആണു. ഭൂമി എന്നതുകൊണ്ട് പദാർത്ഥവും (MATTER). അതുകൊണ്ടാണു ഈ ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു എന്ന് ബൈബിൾ പറയുന്നത്. അങ്ങനെ രൂപരഹിതവും ശൂന്യവുമായ എന്തെങ്കിലും നമുക്ക് സങ്കല്പിക്കുവാൻ സാധിക്കുമോ? ബിഗ് ബാങ്ങ് തിയറിയനുസരിച്ചുള്ള ആദ്യ പദാർത്ഥത്തോട് (THE FIRST MATTER) നമുക്ക് ഇതിനെ ഉപമിക്കാം. ഈ ഫസ്റ്റ് മാറ്റർ പിന്നീട് ഒരു വിസ്ഫോടനത്തിലൂടെ സ്പേസിലേക്ക് വികസിച്ചു / ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണല്ലൊ ശാസ്തം പഠിപ്പിക്കുന്നത്. ഈ സ്പേസിന്റെയും മാറ്ററിന്റെയും ആകെ തുകയാണു ഈ പ്രപഞ്ചം.

ചുരുക്കത്തിൽ ദൈവം സൃഷ്ടിക്കുന്നതായി ബൈബിളിൽ ആദ്യം പറയുന്ന കാര്യങ്ങൾ മൂന്നാണു -TIME, SPACE AND MATTER. ബാക്കി ഉള്ളവ ഒക്കെ ഈ മൂന്ന് കാര്യങ്ങളുടെ ക്രമീകരണങ്ങളാണു. ഈ മൂന്ന് കാര്യങ്ങളിൽ നിന്ന് രൂപപ്പെടുത്തിയവയാണു. (സംശയമുളളവർക്ക് ബൈബിൾ വായിച്ചു നോക്കാം.‌) ഈ മൂന്ന് കാര്യങ്ങൾ എങ്ങനെയാണു സൃഷ്ടിക്കപ്പെട്ടത് എന്നതിന്റെ ഉത്തരം ശാസ്ത്രത്തിനു നൽകാൻ കഴിഞ്ഞിട്ടുമില്ല. അതായത് - നിങ്ങൾ ഒരു എവല്യൂഷണിസ്റ്റ് ആണെങ്കിൽ കൂടി എവല്യൂഷനു കാരണമായ / സഹായകരമായ മുകളിൽ സൂചിപ്പിച്ച മൂന്ന് കാര്യങ്ങൾ എങ്ങനെ ഉണ്ടായി എന്നതിനു ഉത്തരം നൽകുവാൻ നിങ്ങൾക്ക് സാധിക്കില്ല.
ഇനി മുകളിൽ സൂചിപ്പിച്ച മൂന്ന് കാര്യങ്ങൾ കൂടാതെ മറ്റൊന്ന് കൂടി ദൈവം സൃഷ്ടിച്ചിട്ടുണ്ട് എന്നാണു എന്റെ വിശ്വാസം. അത് ജീവൻ അഥവാ LIFE ആണു. ഈ പ്രപഞ്ചത്തിൽ “ജീവൻ” സാന്ദർഭികവശാൽ രൂപപ്പെട്ടതാണു എന്ന് യുക്തിപൂർവ്വം കരുതാൻ സാധിക്കില്ലാ എന്നുള്ളതുകൊണ്ടാണു അത്. “ജീവൻ“ ഒരു ദൈവസൃഷ്ടിയാണു എന്ന് തന്നെയാണു എന്റെ വിശ്വാസം. സമയവും സ്ഥലവും പദാർത്ഥവും സൃഷ്ടിച്ച ദൈവം അവയ്ക്ക് രൂപവും ഭാവവും നൽകി ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചുവെന്നും അങ്ങനെ രൂപവും ഭാവവും നൽകിയ ചില വസ്തുക്കൾക്ക് ജീവൻ കൊടുത്തുവെന്നുമാണു ബൈബിളും പഠിപ്പിക്കുന്നത്.
ചുരുക്കത്തിൽ നിങ്ങൾ ഒരു എവല്യൂഷണിസ്റ്റ് ആയാലും ക്രിയേഷണിസ്റ്റ് ആയാലും ചില കാര്യങ്ങളിൽ ഒരു മിഡിൽ ഗ്രൌണ്ട് കണ്ടെത്തേണ്ടതായി വരും. മാത്രമല്ല, ഈ വാദങ്ങളുടെ അടിസ്ഥാനം ശാസ്ത്രമായാലും മതമായാലും അത് ഒരു പരിധിക്കപ്പുറം മനുഷ്യനു ഇന്നും അവന്റെ കണ്ണുകൊണ്ട് (മൈക്രോസ്കോപ്പിക്ക് കണ്ണുകൊണ്ട് പോലും) നേരിട്ട് കാണാൻ സാധിക്കാത്ത ചില വിശ്വാസങ്ങൾ ആവശ്യപ്പെടുന്നുണ്ട് എന്ന് അംഗീകരിക്കേണ്ടിയും വരും. ഈ വാദങ്ങൾ ചരിത്രത്തിന്റെ ഉത്പത്തിയേക്കാൾ ഉപരി ചരിത്രത്തിന്റെ മുമ്പോട്ടുള്ള പ്രയാണത്തെ ആണു സ്വാധീനിക്കുക എന്നതാണു എന്റെ അഭിപ്രായം. അതിനെക്കുറിച്ച് മറ്റൊരിക്കൽ എഴുതാം.